ഐപിഎൽ ഫൈനൽ ഇന്ന്.

Photo 1 month ago

banner

2025 ജൂൺ 3 ബുധനാഴ്ച.

by Kuriakose Niranam 

ഐപിഎല്‍ കലാശപ്പോരിന് ഒരുങ്ങി അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയം. ഇന്ന് നടക്കുന്ന ഫൈനലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു, പഞ്ചാബ് കിംഗ്‌സിനെ നേരിടും.

ഇരുവരും ആദ്യ കിരീടമാണ് ലക്ഷ്യമിടുന്നത്. ആദ്യ ക്വാളിഫയറില്‍ പഞ്ചാബിനെ തോല്‍പ്പിച്ചാണ് ആര്‍സിബി ഫൈനലില്‍ പ്രവേശിക്കുന്നത്. പഞ്ചാബ് രണ്ടാം ക്വാളിഫയറില്‍ മുംബൈ ഇന്ത്യന്‍സിനെ തോല്‍പ്പിക്കുകയായിരുന്നു..

പ്രധാന മറ്റ് വാർത്തകൾ.

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് പോരിന് 19 സ്ഥാനാര്‍ത്ഥികള്‍.

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് പോരിന് 19 സ്ഥാനാര്‍ത്ഥികള്‍. ഇടതു സ്ഥാനാര്‍ത്ഥി എന്‍ സ്വരാജ്, തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പി വി അന്‍വര്‍, ബിജെപി സ്ഥാനാര്‍ത്ഥി മോഹന്‍ ജോര്‍ജ്ജും ഇന്നലെ പത്രിക നല്‍കി. ഈ മാസം അഞ്ചിനാണ് പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി. പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന് നടക്കും.

സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ഓര്‍ത്തഡോക്സ് സഭ.

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിനിടെ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ഓര്‍ത്തഡോക്സ് സഭ ബത്തേരി ഭദ്രാസനം. വന്യജീവി ആക്രമണം തുടരുന്നതിലാണ് ഓര്‍ത്തഡോക്സ് സഭ സുല്‍ത്താന്‍ ബത്തേരി ഭദ്രാസനം സര്‍ക്കാരിനെതിരെ തുറന്നടിച്ചത്. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വന്യജീവി പ്രശ്നം ചര്‍ച്ചയാകുന്നതിനിടെയാണ് ഓര്‍ത്തഡോക്സ് സഭയുടെ വിമര്‍ശനം. നിലമ്പൂരിൽ ഓർത്തഡോക്സ് സഭയ്ക്ക് ഗണ്യമായ വോട്ടുണ്ട്. സഭാ വിഷയത്തിൽ ഓർത്തഡോക്സ് സഭക്കെതിരെ ശക്തമായി എതിര് നിൽക്കുന്ന സർക്കാരിന്റെ നടപടികൾക്കിടയിലാണ് ഈ വിമർശനം.

മലപ്പുറം ജില്ലക്കെതിരെ വലിയ ചതിപ്രയോഗം നടത്തിയ ആളാണ് മുഖ്യമന്ത്രിയെന്ന് കെ സി വേണുഗോപാല്‍.

മുഖ്യമന്ത്രി പിണറായി വിജയനെതിരെ എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. മലപ്പുറം ജില്ലക്കെതിരെ വലിയ ചതിപ്രയോഗം നടത്തിയ ആളാണ് മുഖ്യമന്ത്രിയെന്ന് കെ സി വേണുഗോപാല്‍ കുറ്റപ്പെടുത്തി. സ്വര്‍ണക്കടത്തിന്റെയും കള്ളപ്പണത്തിന്റെയും നാടെന്ന് പറഞ്ഞ് മുഖ്യമന്ത്രി മലപ്പുറത്തെ അപമാനിച്ചുവെന്നും ആ ചതിപ്രയോഗം നടത്തിയത് മറക്കാനാവില്ലെന്നും കെ സി വേണുഗോപാല്‍ യുഡിഎഫ് കണ്‍വന്‍ഷനില്‍ പങ്കെടുത്ത് പറഞ്ഞു. 

അബ്ബാസ് അലി തങ്ങള്‍ പ്രചാരണം ഉദ്ഘാടനം ചെയ്യുമെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്.

നിലമ്പൂര്‍ ഉപതെരെത്തെടുപ്പ് യുഡിഎഫ് കണ്‍വന്‍ഷനില്‍ പാണക്കാട് കുടുബത്തില്‍ നിന്ന് ആരും പങ്കെടുത്തില്ല. എന്നാല്‍ പികെ കുഞ്ഞാലിക്കുട്ടിയടക്കം മുസ്ലിം ലീഗ് നേതാക്കള്‍ കണ്‍വന്‍ഷനില്‍ പങ്കെടുത്തിരുന്നു. അതേസമയം നിലമ്പൂരിലെ യുഡിഎഫ് കണ്‍വന്‍ഷനിലെ പാണക്കാട് കുടുംബാംഗങ്ങളുടെ അസാന്നിധ്യം ചര്‍ച്ചയായതിന് പിന്നാലെ നിലമ്പൂര്‍ മണ്ഡലത്തിലെ പോത്തുകല്ലില്‍ അബ്ബാസ് അലി തങ്ങള്‍ പ്രചാരണം ഉദ്ഘാടനം ചെയ്യുമെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് വ്യക്തമാക്കി.

അധ്യായം അടച്ചത് അന്‍വര്‍ തന്നെയെന്നും മുതിര്‍ന്ന ലീഗ് നേതാവ് അബ്ദുള്‍ ഹമീദ് മാസ്റ്റര്‍ എംഎല്‍എ.

അന്‍വറിനെ കൂടെ കൂട്ടണം എന്നുണ്ടായിരുന്നുവെന്നും, എന്നാല്‍ ആ അധ്യായം അടച്ചത് അന്‍വര്‍ തന്നെയെന്നും മുതിര്‍ന്ന ലീഗ് നേതാവ് അബ്ദുള്‍ ഹമീദ് മാസ്റ്റര്‍ എംഎല്‍എ പറഞ്ഞു. നോമിനേഷന്‍ പിന്‍വലിപ്പിച്ച് അന്‍വറിനെ സഹകരിപ്പിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ യുഡിഎഫ് നേതൃത്വം പരിശോധിക്കട്ടെ എന്നും വള്ളിക്കുന്ന് എംഎല്‍എ കൂടിയായ ഹമീദ് മാസ്റ്റര്‍ ഇന്നലെ പറഞ്ഞിരുന്നു.

പി.വി.അന്‍വറിന്റെ സ്ഥാവര-ജംഗമ ആസ്തികളുടെ മൊത്തം മൂല്യം 34.07 കോടി രൂപ.

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന പി.വി.അന്‍വറിന്റെ സ്ഥാവര-ജംഗമ ആസ്തികളുടെ മൊത്തം മൂല്യം 34.07 കോടി രൂപ. 20.60 കോടി രൂപയുടെ ബാധ്യതയും അന്‍വറിനുണ്ട്. തിരഞ്ഞെടുപ്പ് നാമനിര്‍ദേശത്തോടൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് അന്‍വര്‍ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. കയ്യില്‍ പണമില്ലാത്തതിനാല്‍ മത്സരിക്കാനില്ലെന്ന് കഴിഞ്ഞ ദിവസം അന്‍വര്‍ വ്യക്തമാക്കിയിരുന്നു..

നിര്‍മാതാവ് സാന്ദ്രാ തോമസിനെതിരെ ഫെഫ്ക്ക കോടതിയിൽ.

നിര്‍മാതാവ് സാന്ദ്രാ തോമസിനെതിരെ ഫെഫ്ക്ക പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് യൂണിയന്‍ കോടതിയെ സമീപിച്ചു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരെ സാന്ദ്രാ തോമസ് മോശക്കാരാക്കി ചിത്രീകരിച്ചു എന്നാണ് സംഘടന പറയുന്നത്. 50 ലക്ഷം രൂപ നഷ്ടപരിഹാരമാവശ്യപ്പെട്ടുകൊണ്ട് മാനനഷ്ടക്കേസാണ് പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് യൂണിയന്‍ എറണാകുളം സബ്കോടതിയില്‍ ഫയല്‍ ചെയ്തിരിക്കുന്നത്.

സര്‍ക്കാര്‍ കൊണ്ടുവന്ന ഉപാധികള്‍ കടുത്ത വഞ്ചനയാണെന്ന് കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്സ് അസോസിയേഷന്‍ .

ആശാ വര്‍ക്കര്‍മാര്‍ക്ക് ഓണറേറിയം നല്‍കുന്നതില്‍ സര്‍ക്കാര്‍ കൊണ്ടുവന്ന ഉപാധികള്‍ കടുത്ത വഞ്ചനയാണെന്ന് കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് വി.കെ സദാനന്ദന്‍. സംസ്ഥാനത്ത് പലയിടത്തും ഓണറേറിയം വെട്ടിച്ചുരുക്കി. വേരിയബിള്‍ ഇന്‍സെന്റീവ് 500 രൂപയില്‍ താഴെ പോയവര്‍ക്ക് പ്രതിമാസം കിട്ടുന്നത് 3500 രൂപ മാത്രമാണ്. 

പ്രണയാഭ്യർഥന നിരസിച്ച മലയാളി വിദ്യാർഥിനിയെ വീടിനുള്ളിൽ കയറി യുവാവ് കുത്തിക്കൊലപ്പെടുത്തി.

വടുകപാളയത്ത് പ്രണയാഭ്യർഥന നിരസിച്ച വിദ്യാർഥിനിയെ വീടിനുള്ളിൽ കയറി യുവാവ് കുത്തിക്കൊലപ്പെടുത്തി.സംഭവശേഷം പൊലീസിൽ കീഴടങ്ങിയ യുവാവിനെ അറസ്റ്റ് ചെയ്തു. പൊൻമുത്തു നഗറിലെ മലയാളി കുടുംബത്തിലെ പെൺകുട്ടി, കണ്ണന്റെ മകൾ അഷ്‌വിക (19) ആണ് കൊല്ലപ്പെട്ടത്. ഉദുമൽപേട്ട റോഡ് അണ്ണാ നഗർ സ്വദേശിയും സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരനുമായ പ്രവീൺ കുമാറാണ് അറസ്റ്റിലായത്. കോയമ്പത്തൂരിലെ സ്വകാര്യ കോളജിലെ രണ്ടാംവർഷ ബിഎസ്‌സി കംപ്യൂട്ടർ സയൻസ് വിദ്യാർഥിനിയാണ് അഷ്‌വിക.മാതാപിതാക്കൾ ജോലിക്കുപോയ സമയത്ത് വിദ്യാർഥിനി വീട്ടിൽ തനിച്ചാണെന്നു മനസ്സിലാക്കിയ പ്രവീൺകുമാർ വീട്ടിൽ അതിക്രമിച്ചു കയറി അതിക്രൂരമായി കുത്തിപ്പരുക്കേൽപ്പിക്കുകയായിരുന്നു.

രൂക്ഷ വിമര്‍ശനവുമായി നടി പാര്‍വതി തിരുവോത്ത്.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളെല്ലാം അവസാനിപ്പിക്കുന്നതായി പ്രത്യേക അന്വേഷണം സംഘം അറിയിച്ചതിന് പിന്നാലെ രൂക്ഷ വിമര്‍ശനവുമായി നടി പാര്‍വതി തിരുവോത്ത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ട് അഞ്ചര വര്‍ഷമായല്ലോയെന്നും എന്തെങ്കിലും തീരുമാനമായോ എന്നും മുഖ്യമന്ത്രിയോടായി പാര്‍വതി തിരുവോത്ത് ചോദിച്ചു.

പ്രതിയായ അഡ്വ. ബെയിലിന്‍ ദാസിന് തിരിച്ചടി. 

യുവ അഭിഭാഷകയെ മര്‍ദിച്ച കേസിലെ പ്രതിയായ ബെയിലിന്‍ ദാസിന് തിരിച്ചടി. വഞ്ചിയൂര്‍ പൊലീസ് പരിധിയില്‍ പ്രവേശിക്കരുതെന്ന ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി ബെയിലിങ് നല്‍കിയ ഹര്‍ജി കോടതി തള്ളി. ജില്ലാ സെഷന്‍സ് കോടതിയാണ് ഹര്‍ജി തള്ളിയത്. സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുള്ളതുകൊണ്ടാണ് നിബന്ധനകളോടെ മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്.

എറണാകുളം പിറവത്ത് നിന്നും പ്ലസ്ടു വിദ്യാർഥിയെ കാണാതായി.

എറണാകുളം പിറവത്ത് നിന്നും പ്ലസ്ടു വിദ്യാർഥിയെ കാണാതായെന്ന് പരാതി. ഓണക്കൂർ സ്വദേശിയായ അർജുൻ രഘുവിനെയാണ് കാണാതായത്. പാമ്പാക്കുട ഗവൺമെൻ്റ് ഹൈസ്കൂളിലെ വിദ്യാർഥിയാണ്. ഇന്നലെ രാവിലെ സ്കൂളിലേക്കെന്ന് പറഞ്ഞ് പോയ വിദ്യാർഥി ഇതുവരെ തിരിച്ചെത്തിയിട്ടില്ല. പിറവം പൊലീസിൻ്റെ നേതൃത്വത്തിൽ അന്വേഷണം തുടരുകയാണ്. വിദ്യാര്‍ത്ഥിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ബന്ധപ്പെടേണ്ട നമ്പര്‍ 9496 976421, 9846 681309

രണ്ട് യമൻ വിദ്യാർത്ഥികളെ കടലിൽ കാണാതായി.

കേരളം കാണാനെത്തി എറണാകുളം വൈപ്പിന്‍ വളപ്പ് ബീച്ചില്‍ കുളിക്കാനിറങ്ങിയ ഒമ്പത് യെമന്‍ വിദ്യാര്‍ഥികളില്‍ രണ്ടുപേരെ കാണാതായി. 22 വയസ്സുള്ള ജിബ്രാന്‍ ഖലീല്‍, 21 വയസ്സുള്ള അബ്ദുല്‍ സലാം മവാദ് എന്നിവരെയാണ് കാണാതായത്. ഇരുവരും സഹോദരങ്ങളാണ്. കോയമ്പത്തൂര്‍ രത്‌നം കോളേജിലെ വിദ്യാര്‍ത്ഥികളാണ് ഇവര്‍.

വീണ്ടും കെ-റയിലിനായി മുഖ്യമന്ത്രിയുടെ പരിശ്രമം.

കെ-റെയില്‍ അനുമതിക്കായി വീണ്ടും കേരളത്തിന്റെ ശ്രമം സെമി ഹൈ സ്പീഡ് പദ്ധതിക്ക് അനുമതി തേടി മുഖ്യമന്ത്രി പിണറായി വിജയന്‍ റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവുമായി ഇന്ന് കൂടിക്കാഴ്ച നടത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. അതേസമയം ദേശീയപാത തകര്‍ന്ന വിഷയത്തില്‍ നിതിന്‍ ഗഡ്കരിയുമായി മുഖ്യമന്ത്രി നാളെ കൂടിക്കാഴ്ച നടത്തും.

മുന്നറിയിപ്പുമായി കേരള പൊലീസ്. 

വ്യാജ റിക്രൂട്ടിംഗ് ഏജന്‍സികളുടെ തട്ടിപ്പില്‍ വീഴരുതെന്ന മുന്നറിയിപ്പുമായി കേരള പൊലീസ്. ഇ മൈഗ്രേറ്റില്‍ രജിസ്റ്റര്‍ ചെയ്ത റിക്രൂട്ടിംഗ് ഏജന്‍സികളിലൂടെ മാത്രം കുടിയേറാനും. പ്രലോഭനങ്ങളുമായി പലരും വരുമെന്നും അതില്‍ വീഴരുതെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കി.

കൊച്ചിയിലെ ഇഡി ഓഫീസില്‍ വിജിലന്‍സ് സംഘമെത്തി. 

എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിന്റെ കൊച്ചിയിലെ ഓഫീസില്‍ വിജിലന്‍സ് സംഘമെത്തി. ഇ ഡി അസിസ്റ്റന്റ് ഡയറക്ടര്‍ പ്രതിയായ അഴിമതി കേസിലെ വിവര ശേഖരണത്തിന്റെ ഭാഗമായി നോട്ടീസ് നല്‍കാനാണ് വിജിലന്‍സ് സംഘമെത്തിയത്. വിജിലന്‍സ് കേസിലെ പരാതിക്കാരനെതിരെ ഇഡി നേരത്തെ രജിസ്റ്റര്‍ ചെയ്ത കള്ളപ്പണ കേസിന്റെ വിശദാംശങ്ങള്‍ ലഭിക്കാനാണ് നോട്ടീസ് നല്‍കിയതെന്ന് വിജിലന്‍സ് എസ്പി എസ് ശശിധരന്‍ വ്യക്തമാക്കി.

ഇന്ന് അവധി.

ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. 

ഭാര്യയ്ക്ക് നിയമപരമായ അവകാശമുണ്ട്.

ഭര്‍ത്താവ് മരിച്ച ശേഷവും കുട്ടികളുമായി അതേ വീട്ടില്‍ കഴിയുന്നതിന് ഭാര്യയ്ക്കു നിയമപരമായ അവകാശമുണ്ടെന്ന് ഹൈക്കോടതി. ഗാര്‍ഹിക പീഡന നിരോധന നിയമം അനുസരിച്ച് സ്ത്രീ സമാധാനത്തോടെ ആ വീട്ടില്‍ കഴിയുന്നത് തടയാനോ അവരെ ഇറക്കി വിടാനോ അവകാശമില്ലെന്ന് ജസ്റ്റിസ് എം.ബി.സ്നേഹലത വ്യക്തമാക്കി. ഭര്‍ത്താവിന്റെ സഹോദരങ്ങളും ഭാര്യമാരും ഭര്‍തൃമാതാവും ദ്രോഹിക്കുന്നെന്നും വീട്ടില്‍നിന്ന് ഇറക്കി വിട്ടെന്നും കാണിച്ച് പാലക്കാട് സ്വദേശിയായ യുവതിയാണ് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം.

അച്ഛന്‍ മകനെ വെട്ടിക്കൊന്നു.

പാലക്കാട് കൊടുന്തരപ്പുള്ളിയില്‍ അച്ഛന്‍ മകനെ വെട്ടിക്കൊന്നു. മദ്യപിച്ച് ബഹളമുണ്ടാക്കിയ മകന്‍ സിജിലിനെ (33) അച്ഛന്‍ ശിവന്‍കുട്ടി കൊലപ്പെടുത്തുകയായിരുന്നു. കൊല്ലപ്പെട്ട സിജില്‍ കാപ്പാക്കേസ് പ്രതിയാണ്. കൃത്യത്തിന് ശേഷം ഒളിവില്‍ പോയ അച്ഛന്‍ ശിവന്‍കുട്ടിയെ രാത്രി പത്തോടെ പോലീസ് പിടികൂടി.

യുവാവ് പങ്കാളിയെ  നടുറോഡില്‍വെച്ച് കുത്തിക്കൊലപ്പെടുത്തി.

എറണാകുളം മുനമ്പം പള്ളിപ്പുറത്ത് യുവാവ് പങ്കാളിയെ വീടിനടുത്തുള്ള നടുറോഡില്‍വെച്ച് കുത്തിക്കൊലപ്പെടുത്തി. പനമ്പള്ളിനഗര്‍ സ്വദേശി പ്രീത (43) ആണ് കൊല്ലപ്പെട്ടത്. പള്ളിപ്പുറം സ്വദേശി തൈപ്പറമ്പില്‍ വീട്ടില്‍ തോമസിന്റെ മകന്‍ സുരേഷ് ആണ് ഒപ്പം താമസിച്ചിരുന്ന പ്രീതയെ കൊലപ്പെടുത്തിയത്. കൊലപാതകത്തിന് പിന്നാലെ സുരേഷ് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. 

നിരോധനത്തിനെതിരെ കമല്‍ഹാസന്‍ ഹൈക്കോടതിയില്‍. 

മണിരത്നം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘തഗ് ലൈഫ്’ എന്ന തമിഴ് ചിത്രം കര്‍ണാടകയില്‍ നിരോധിക്കുന്നത് നിയമവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി കമല്‍ഹാസന്‍ ഹൈക്കോടതിയില്‍. കന്നഡ തമിഴില്‍ നിന്നും ഉദ്ഭവിച്ചതാണെന്ന, പ്രമോഷന്‍ പരിപാടിക്കിടെ കമല്‍ഹാസന്‍ നടത്തിയ പരാമര്‍ശത്തിന് പിന്നാലെയാണ് കര്‍ണാടക ഫിലിം ചേംബര്‍ ചിത്രത്തിന് സംസ്ഥാനത്ത് നിരോധനമേര്‍പ്പെടുത്തിയത്. പരാമര്‍ശത്തില്‍ മാപ്പ് പറയില്ലെന്ന് കമല്‍ഹാസന്‍ നിലപാടെടുത്തതോടെയാണ് ഫിലിം ചേംബര്‍ കര്‍ണാടകയില്‍ സിനിമ പ്രദര്‍ശിപ്പിക്കില്ലെന്ന് തീരുമാനിച്ചത്.

വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ അതിതീവ്ര മഴ,സഞ്ചാരികൾ കുടുങ്ങി.

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ അതിതീവ്ര മഴയില്‍ അസം, സിക്കിം, അരുണാചല്‍ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ വിനോദ സഞ്ചാരികള്‍ കുടുങ്ങി. ഇക്കൂട്ടത്തില്‍ സിക്കിമിലെ ലാചുംഗില്‍ കുടുങ്ങിയ 1678 വിനോദസഞ്ചാരികളെ രക്ഷിച്ചെന്ന വാര്‍ത്ത പുറത്തുവന്നിട്ടുണ്ട്. ഇവരെ സുരക്ഷിതമായ സ്ഥലങ്ങളിലെത്തിച്ചിട്ടുണ്ട്. ഇപ്പോഴും നിരവധി വിനോദസഞ്ചാരികള്‍ സിക്കിമിന്റെ പലയിടങ്ങളില്‍ കുടുങ്ങിക്കിടക്കുകയാണ്.

കെജരിവാളുമായി എം എ ബേബി ചർച്ച നടത്തി.

ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്രിവാളുമായി ദില്ലിയില്‍ സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബി കൂടിക്കാഴ്ച നടത്തി. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന പിവി അന്‍വറിന് ആം ആദ്മി പാര്‍ടി പരസ്യ പിന്തുണ പ്രഖ്യാപിച്ച് രംഗത്ത് വന്ന സാഹചര്യത്തില്‍ കൂടിയാണ് കൂടിക്കാഴ്ച. 

രാഷ്ട്രപിതാവിന്റെ ചിത്രം കറൻസിയിൽ നിന്ന് മാറ്റി.

രാഷ്ട്രപിതാവും മുന്‍ പ്രധാനമന്ത്രിയുമായ ഷെയ്ഖ് മുജീബ് റഹ്‌മാന്റെ ചിത്രം ബംഗ്ലാദേശിലെ പുതിയ കറന്‍സി നോട്ടില്‍ നിന്ന് ഒഴിവാക്കി. രാഷ്ട്രപതിയുടെ ചിത്രത്തിന് പകരം ഹിന്ദു, ബുദ്ധ ക്ഷേത്രങ്ങളുടെയും ചരിത്ര സ്മാരകങ്ങളുടെയും ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയുള്ളതാണ് പുതിയ കറന്‍സി..

ജമാഅത്തെ ഇസ്ലാമിയുടെ വിലക്ക് നീക്കി ബംഗ്ലാദേശ് സുപ്രീം കോടതി.

തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനുള്ള ജമാഅത്തെ ഇസ്ലാമിയുടെ വിലക്ക് നീക്കി ബംഗ്ലാദേശ് സുപ്രീം കോടതി. ജമാഅത്തെ ഇസ്ലാമിയെ രാഷ്ട്രീയ പാര്‍ട്ടിയായി അംഗീകരിച്ച് രജിസ്ട്രേഷന്‍ പുനഃസ്ഥാപിക്കുകയും ചെയ്തു. 1971 ലെ വിമോചന യുദ്ധത്തില്‍ മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളില്‍ നിന്ന് മെയ് 28 ന് ജമാഅത്ത് നേതാവ് എടിഎം അസ്ഹറുല്‍ ഇസ്ലാമിനെ കോടതി കുറ്റവിമുക്തനാക്കിയതിന് ദിവസങ്ങള്‍ക്ക് പിന്നാലെയാണ് നടപടി.

മാവേലി എക്‌സ്പ്രസിലെ യാത്രക്കാരിയുടെ ബാഗ് മോഷ്ടിച്ച പ്രതി പിടിയിൽ. 

തിരുവനന്തപുരം – മംഗലാപുരം മാവേലി എക്‌സ്പ്രസിലെ യാത്രക്കാരിയുടെ ബാഗ് മോഷ്ടിച്ച പ്രതി പിടിയിൽ. ആലപ്പുഴ തണ്ണീര്‍മുക്കം സ്വദേശി അജ്മല്‍ ഷായെ (23) അറസ്റ്റ് ചെയ്തു.പണം, ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ്, എടിഎം കാര്‍ഡുകള്‍, മൊബൈല്‍ ഫോണ്‍ എന്നിയടങ്ങിയ ബാഗാണ് മോഷ്ടിച്ചത്.

ഹജ്ജ് തീര്‍ത്ഥാടനത്തിന് നാളെ തുടക്കമാകും.

ഹജ്ജ് തീര്‍ത്ഥാടനത്തിന് നാളെ മിനായില്‍ തുടക്കമാകും. നാളെ മിനായിലെ കൂടാരത്തില്‍ മുഴുവന്‍ തീര്‍ഥാടകരും താമസിക്കുന്നതോടെയാണ് ഹജ്ജിന് ഔദ്യോഗിക തുടക്കമാകുക. ഇതിനായി വിവിധ രാജ്യങ്ങളില്‍ നിന്ന് എത്തിയ തീര്‍ഥാടകര്‍ നാളെ ഉച്ചയോടെ മിനായിലെ കൂടാരത്തില്‍ എത്തിച്ചേരും. 

ഇന്ത്യ സന്ദര്‍ശിക്കണമെന്ന് ഇലോണ്‍ മസ്‌കിനെ ഉപദേശിച്ച് ഇലോണ്‍ മസ്‌കിന്റെ പിതാവ് എറോള്‍ മസ്‌ക്.

ഇന്ത്യയില്‍ വന്നിട്ടില്ലെങ്കില്‍ അതൊരു വലിയ തെറ്റാണെന്നും ഇന്ത്യ സന്ദര്‍ശിക്കണമെന്നും ഇലോണ്‍ മസ്‌കിനെ ഉപദേശിച്ച് ഇലോണ്‍ മസ്‌കിന്റെ പിതാവ് എറോള്‍ മസ്‌ക്. ഇലോണ്‍ മസ്‌ക് ഇന്ത്യ സന്ദര്‍ശിച്ചിട്ടില്ല എന്നത് തന്നെ അത്ഭുതപ്പെടുത്തുവെന്ന് എറോള്‍ മസ്‌ക് പറഞ്ഞു.

Related News (20)


Leave a Comment

Your email address will not be published.