സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഏഴു മരണം.

Photo 8 months ago

banner

2025 മെയ് 26 തിങ്കളാഴ്ച
by Kuriakose Niranam 

കോഴിക്കോട് സഹോദരങ്ങള്‍ ഷോക്കേറ്റ് മരിച്ചു. കോടഞ്ചേരി ചന്ദ്രന്‍കുന്നേല്‍ ബിജു- ഷീബ ദമ്പതികളുടെ മക്കളായ നിധിന്‍ (14), എബിന്‍ (10) എന്നിവരാണ് മരിച്ചത്. തേക്കിന്റെ കൊമ്പ് കാറ്റത്ത് ഒടിഞ്ഞ് വൈദ്യുതി ലൈനില്‍ പതിക്കുകയായിരുന്നു. കോഴിക്കോട് ഓടുന്ന ബൈക്കിന് മുകളിലേക്ക് തെങ്ങ് വീണാണ് ഒരാള്‍ മരിച്ചത്. ഇടുക്കി പാമ്പാടുംപാറയില്‍ മരം വീണ് തൊഴിലാളി സ്ത്രീ മരിച്ചു. കൊടുങ്ങല്ലൂരില്‍ വഞ്ചി മറിഞ്ഞ് ഒരാള്‍ മരിച്ചു. പാലക്കാട് മഴക്കെടുതിയില്‍ രണ്ട് പേരാണ് മരിച്ചത്.സംസ്ഥാനത്ത് 11 ജില്ലകളില്‍ റെഡ് അലെര്‍ട്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളൊഴിച്ചുള്ള 11 ജില്ലകളിലാണ് കേന്ദ്രകാലാവസ്ഥാ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി.

കോഴിക്കോട് ജില്ലയിലെ വിലങ്ങാട് മഞ്ഞച്ചീളിയിൽ 16 കുടുംബങ്ങളിൽ നിന്നായി 58 പേരെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. ഉരുൾപൊട്ടൽ ഭീതി നിലനിൽക്കുന്ന പ്രദേശത്തെ കുടുംബങ്ങളെയാണ് മാറ്റിയത്

ട്യൂഷന്‍ ക്ലാസുകളുമുള്‍പ്പെടെ ഇന്ന് നടത്തരുത്.

സംസ്ഥാനത്ത് മഴ കനത്ത സാഹചര്യത്തില്‍ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. സ്പെഷ്യല്‍ ക്ലാസുകളും ട്യൂഷന്‍ ക്ലാസുകളുമുള്‍പ്പെടെ ഇന്ന് വയ്ക്കരുതെന്നും വിവിധ ജില്ലകളിലെ കലക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്.

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ജൂൺ 19ന്.

നിലമ്പൂര്‍ നിയോജക മണ്ഡലത്തില്‍ ജൂണ്‍ 19 ന് വോട്ടെടുപ്പ് നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. വോട്ടെണ്ണല്‍ ജൂണ്‍ 23ന് നടക്കും. ഉപതെരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്നുണ്ടാകും. പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി ജൂണ്‍ 2 ആണ്. ജൂണ്‍ 3ന് സൂക്ഷ്മ പരിശോധന നടക്കും. പത്രിക പിന്‍വലിക്കാനുള്ള അവസാന തിയ്യതി ജൂണ്‍ 5 ആണ്.

ദേശീയപാത വീണ്ടും തകർന്നു.

ദേശീയപാത രാമനാട്ടുകര-വളാഞ്ചേരി റീച്ചില്‍ വീണ്ടും നിര്‍മ്മാണത്തില്‍ അപാകത. മലപ്പുറം കാക്കഞ്ചേരി ഭാഗത്ത് റോഡ് ഇരുപത്തഞ്ച് മീറ്ററോളം വിണ്ടു കീറി. ഇന്നലെ 12 മണിയോടെയാണ് സംഭവം നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഈ ഭാഗം വഴിയുള്ള ഗതാഗതം തല്‍ക്കാലത്തേക്ക് നിര്‍ത്തിവെച്ചു. 

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ഭരണത്തിന്റെ വിലയിരുത്തലാകുമെന്ന് ഷാഫി പറമ്പിൽ എംപി.

നിലമ്പൂരില്‍ ഉപതെരഞ്ഞെടുപ്പ് ഭരണത്തിന്റെ വിലയിരുത്തലാകുമെന്നും ഉചിതമായ സ്ഥാനാര്‍ഥിയെ യുഡിഎഫ് പ്രഖ്യാപിക്കുമെന്നും ഷാഫി പറമ്പില്‍ എംപി. ജനങ്ങള്‍ സര്‍ക്കാരിന് മറുപടി നല്‍കുമെന്നും ഈ തെരഞ്ഞെടുപ്പ് കൊണ്ട് ഗുണം യുഡിഎഫിനും ജനങ്ങള്‍ക്കുമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

യുഡിഎഫ് 27000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് പി വി അൻവർ.

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ചുരുങ്ങിയത് 27,000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് മുന്‍ എംഎല്‍എയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ പി.വി. അന്‍വര്‍. പിണറായിസവും പുതുതായി വന്ന മരുമോനിസവും യുഡിഎഫ് വിജയത്തിന് കാരണമാകുമെന്നും പിണറായിസത്തിന് ജനങ്ങള്‍ മറുപടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. 

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ വലിയ കുതിപ്പ് സൃഷ്ടിക്കുമെന്ന് എം വി ഗോവിന്ദൻ.

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം വലിയ കുതിപ്പ് സൃഷ്ടിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. വലിയ വിജയം നേടാന്‍ ഇടതുമുന്നണിക്ക് കഴിയുമെന്നും എം വി ഗോവിന്ദൻ അവകാശപ്പെട്ടു.

ബിജെപി മത്സരിക്കുന്നതിൽ രണ്ട് അഭിപ്രായം.

നിലമ്പൂരില്‍ മത്സരിക്കണോ വേണ്ടയോ എന്നതില്‍ ബിജെപിയില്‍ രണ്ട് അഭിപ്രായം. നിലമ്പൂരിലേത് അടിച്ചേല്പിച്ച തെരഞ്ഞെടുപ്പ് എന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. ആര്‍ക്കും ഗുണം ചെയ്യാത്ത തെരഞ്ഞെടുപ്പാണെന്നും തദ്ദേശ തെരഞ്ഞെടുപ്പിലാണ് ശ്രദ്ധ വേണ്ടതെന്നും യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു. 

കോഴിക്കോട് അതിരൂപതയായി.

കോഴിക്കോട് രൂപതയെ അതിരൂപതയായി ഉയര്‍ത്തി. ആദ്യ ആര്‍ച്ച് ബിഷപ്പായി ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ സ്ഥാനാരോഹണം ചെയ്തു. കോഴിക്കോട് സെന്റ് ജോസഫ് ദേവാലയത്തിലായിരുന്നു ചടങ്ങുകള്‍. 

മൂന്നാറിൽ നിരവധി പേർക്ക് നായയുടെ കടിയേറ്റു.

മൂന്നാറില്‍ തെരുവുനായ ആക്രമണം. വിനോദ സഞ്ചാരികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് നായയുടെ കടിയേറ്റു. കടിയേറ്റ 12 പേരാണ് അടിമാലി താലൂക്ക് ആശുപത്രിയിലെത്തിയത്. 

മുന്നൂറ് കോടിയിലേറെ രൂപ തട്ടിച്ചെന്ന കേസില്‍ ദി ഫോര്‍ത്ത് ഓണ്‍ലൈന്‍ ചാനല്‍ ഉടമകള്‍ അറസ്റ്റില്‍.

നിക്ഷേപകരെ കബളിപ്പിച്ച് മുന്നൂറ് കോടിയിലേറെ രൂപ തട്ടിച്ചെന്ന കേസില്‍ ദി ഫോര്‍ത്ത് ഓണ്‍ലൈന്‍ ചാനല്‍ ഉടമകള്‍ അറസ്റ്റില്‍. മാതൃകമ്പനിയായ ഫാം ഫെഡ് കമ്പനിയുടെ ചെയര്‍മാന്‍ രാജേഷ് പിള്ള, മാനേജിംഗ് ഡയറക്ടര്‍ അഖിന്‍ ഫ്രാന്‍സിസ് എന്നിവരെയാണ് തിരുവനന്തപുരം മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്. 

വെഞ്ഞാറമൂട് കൂട്ടകൊലകേസ് പ്രതി അഫാന്‍ പൂജപ്പുര ജയിലില്‍ ആത്മഹത്യക്ക് ശ്രമിച്ചു. 

വെഞ്ഞാറമൂട് കൂട്ടകൊലകേസ് പ്രതി അഫാന്‍ പൂജപ്പുര ജയിലില്‍ ആത്മഹത്യക്ക് ശ്രമിച്ചു. തടവുകാരെ പ്രത്യേകം പാര്‍പ്പിക്കുന്ന യുടിബി ബ്ലോക്കിലെ ശുചിമുറിയിലാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. ഒപ്പമുണ്ടായിരുന്ന തടവുകാരന്‍ ഫോണ്‍ ചെയ്യാന്‍ പോയ സമയത്തായിരുന്നു ആത്മഹത്യാ ശ്രമം.

ജയിൽ അധികൃതർക്ക് വീഴ്ച പറ്റിയില്ലെന്ന് റിപ്പോർട്ട്.

വെഞ്ഞാറമൂട് കൂട്ടകൊലക്കേസിലെ പ്രതി അഫാന്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ ജയില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ച വന്നിട്ടില്ലെന്ന് ജയില്‍ സൂപ്രണ്ടിന്റെ റിപ്പോര്‍ട്ട്. ഉദ്യോഗസ്ഥന്റെ സമയോചിതമായ ഇടപെടല്‍ കാരണമാണ് പ്രഥമശുശ്രൂഷ നല്‍കി ഉടന്‍ ആശുപത്രിയിലേക്ക് മാറ്റിയത്. 

കപ്പൽ പൂർണ്ണമായും മുങ്ങി.

കൊച്ചിയില്‍ അപകടത്തില്‍പ്പെട്ട കപ്പല്‍ പൂര്‍ണ്ണമായും മുങ്ങിയതായി ചീഫ് സെക്രട്ടറി തല യോഗത്തിന് ശേഷം സര്‍ക്കാര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. അപകടത്തില്‍പ്പെട്ട കപ്പലില്‍ നിന്നും ഇന്ധന ചോര്‍ച്ചയുണ്ടാകുന്നുണ്ടെന്നും എണ്ണപ്പാട എവിടെയും എത്താമെന്നുമാണ് മുന്നറിയിപ്പ്. നിലവില്‍ കോസ്റ്റ് ഗാര്‍ഡ് രണ്ട് കപ്പലുകള്‍ ഉപയോഗിച്ച് എണ്ണ തടയാന്‍ നടപടി സ്വീകരിച്ച് വരുന്നു.

ഒരു കണ്ടെയ്നർ കൊല്ലം തീരത്തടിഞ്ഞു.

കൊച്ചി പുറങ്കടലില്‍ മുങ്ങിയ കപ്പലിലെ ഒരു കണ്ടെയ്നര്‍ കൊല്ലം തീരത്തടിഞ്ഞു. കരുനാഗപ്പള്ളി ചെറിയഴീക്കലാണ് ഒഴിഞ്ഞ നിലയിലുള്ള കണ്ടെയ്നര്‍ തീരത്തടിഞ്ഞത്. കടല്‍ഭിത്തിയിലേക്ക് ഇടിച്ചുകയറിയനിലയിലായിരുന്നു കണ്ടെയ്നര്‍ കണ്ടെത്തിയത്. സമീപത്തെ വീട്ടുകാരെ മാറ്റിപ്പാര്‍പ്പിച്ചു.

രണ്ട് കണ്ടെയ്നറുകൾ ആലപ്പുഴയിൽ അടിഞ്ഞു.

മുങ്ങിയ ലൈബീരിയൻ കപ്പലിലെ രണ്ട് കണ്ടെയ്നറുകൾ ആലപ്പുഴ വലിയഴീക്കൽ തീരത്തടിഞ്ഞു. കണ്ടൈയ്നറിനുള്ളിലെ ഭൂരിഭാഗം വസ്തുക്കളും കടലിൽ വീണു. കണ്ടെയ്നറിനുള്ളിൽ നിന്ന് ഓറഞ്ച് നിറത്തിലെ ബോക്സുകളും കരക്കടിഞ്ഞു. രാസ മാലിന്യങ്ങൾ ഇല്ലെന്ന നിഗമനത്തിൽ പൊലീസ്. രണ്ട് കണ്ടെയ്നറുകൾ കൂട്ടി ഘടിപ്പിച്ച നിലയിലാണ്.

സിസ്റ്റർ അനുപമ ഇനി വെറും അനുപമ.

അനുപമ  സഭാവസ്ത്രം ഉപേക്ഷിച്ചു. എംഎസ്ഡബ്ല്യു ബിരുദധാരിയായ അനുപമ നിലവില്‍ വീടിനു സമീപത്തുള്ള പള്ളിപ്പുറം ഇന്‍ഫോപാര്‍ക്കിലെ ഐടി സ്ഥാപനത്തില്‍ ഡാറ്റ എന്‍ട്രി ഓപ്പറേറ്ററായി ജോലി ചെയ്യുകയാണ്. ജലന്തര്‍ രൂപതയുടെ കീഴില്‍ കോട്ടയം കുറവിലങ്ങാട്ടു പ്രവര്‍ത്തിക്കുന്ന നാടുകുന്ന് സെന്റ് ഫ്രാന്‍സിസ് മിഷന്‍ ഹോം സന്യാസമഠത്തില്‍ നിന്ന് ഒന്നര മാസം മുന്‍പാണ് അനുപമ ആലപ്പുഴ പള്ളിപ്പുറത്തെ വീട്ടിലെത്തിയത്. സിസ്റ്റര്‍ അനുപമയെക്കൂടാതെ, സിസ്റ്റര്‍ നീന റോസ്, സിസ്റ്റര്‍ ജോസഫൈന്‍ എന്നിവര്‍ കൂടി മഠം വിട്ടതായി റിപ്പോര്‍ട്ടുകളുണ്ട്.

തുർക്കിക്ക് സഹായം ചെയ്തതിനെ ശശി തരൂർ വിമർശിച്ചത് ശരിയായില്ലെന്ന് ജോൺ ബ്രിട്ടാസ്.

2023 ഫെബ്രുവരി ആറിന് തുര്‍ക്കിയിലും സിറിയയിലും ഭൂകമ്പമുണ്ടായപ്പോള്‍ മോദി സര്‍ക്കാര്‍ പ്രഖ്യാപിച്ച ഓപ്പറേഷന്‍ ദോസ്തിന്റെ ഭാഗമായി കേരളം തുര്‍ക്കിക്ക് ധനസഹായം നല്‍കിയതിനെ എടുത്തുപറഞ്ഞു വിമര്‍ശിക്കാന്‍ ശശി തരൂര്‍ വ്യഗ്രത കാണിച്ചത് തന്നെ അമ്പരപ്പിക്കുകയാണെന്ന് ജോണ്‍ ബ്രിട്ടാസ്. 

ഫ്ലാറ്റിന്റെ പില്ലർ തകർന്നു.

എറണാകുളം പനമ്പള്ളി നഗറില്‍ ഫ്ലാറ്റിന്റെ പില്ലര്‍ തകര്‍ന്നു. പില്ലര്‍ തകര്‍ന്ന ഫ്ലാറ്റ് ടവറില്‍ 24 കുടുംബങ്ങളാണ് താമസിക്കുന്നത്. ഇവരെ ഇവിടെ നിന്നും മാറ്റി. പനമ്പള്ളി നഗറിലെ ആര്‍ഡിഎസ് അവന്യു വണ്‍ എന്ന ഫ്ലാറ്റിന്റെ ഒരു പില്ലറാണ് തകര്‍ന്നത്. 

പെട്രോൾ പമ്പിൽ നിന്ന് പിടിച്ചുപറി രണ്ടുപേർ അറസ്റ്റിൽ.

പെട്രോള്‍ പമ്പുകളിലെ ജീവനക്കാരില്‍ നിന്ന് പണം പിടിച്ചു പറിച്ച കേസിലെ രണ്ടുപേര്‍ തിരിവനന്തപുരത്ത് പോലീസ് പിടിയില്‍. മര്യാപുരം സ്വദേശി ബിബിജിത്ത്, കടകംപള്ളി സ്വദേശി ആനന്ദന്‍ എന്നിവരാണ് പിടിയിലായത്. മോഷ്ടിച്ച ബൈക്കിലെത്തിയ പ്രതികള്‍ ശനിയാഴ്ച്ച പുലര്‍ച്ചെ ഒരു മണിക്കായിരുന്നു നെയ്യാറ്റിന്‍കര ഗ്രാമം ജംഗ്ഷനിലെ പെട്രോള്‍ പമ്പിലെ ജീവനക്കാരനില്‍ നിന്ന് ഇരുപതിനായിരം രൂപ അടങ്ങുന്ന ബാഗ് പിടിച്ചു പറിച്ചത്. പിന്നാലെ വിഴിഞ്ഞം മുക്കോലയിലെ പമ്പിലെത്തിയ പ്രതികള്‍ ജീവനക്കാരനില്‍ നിന്ന് 7500 രൂപയടങ്ങുന്ന ബാഗ് പിടിച്ചു പറിച്ചു. സമാനമായ രീതിയില്‍ പ്രതികള്‍ വെള്ളിയാഴ്ച്ച പുലര്‍ച്ച മൂന്നു മണിയോടെ പൊഴിയൂര്‍ ഉച്ചക്കട പമ്പില്‍ നിന്ന് 8500 രൂപയും കവര്‍ന്നിരുന്നു.

യുവതിയുടെ കൊലപാതകത്തിൽ പ്രതി പിടിയിൽ. കാണാതായ കുട്ടിയെ കണ്ടെത്തി.

വയനാട് മാനന്തവാടി അപ്പപ്പാറയിൽ യുവതിയുടെ കൊലപാതകത്തിൽ പ്രതി പിടിയിൽ. യുവതിയുടെ കാണാതായ കുഞ്ഞിനെ പ്രതിക്കൊപ്പം പൊലീസ് കണ്ടെത്തി. കൊല നടത്തിയശേഷം പ്രതി ദിലീഷ് ഒമ്പതുവയസുകാരിയെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. അപ്പാപ്പാറയിലെ എസ്റ്റേറ്റിലെ വീടിന് സമീപമുള്ള വനമേഖലയിൽ നിന്നാണ് കുട്ടിയെയും പ്രതിയെയും കണ്ടെത്തിയത്. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഒമ്പതു വയസുകാരിക്കായി ഡ്രോണ്‍ പരിശോധന അടക്കം നടത്തിയിരുന്നു. രാവിലെ മുതൽ ആരംഭിച്ച തെരച്ചിലിനിടെ പ്രതിയുടെതെന്ന് സംശയിക്കുന്ന മൊബൈൽ ഫോണും പുതുപ്പും കണ്ടെത്തിയിരുന്നു. ഇന്നലെ രാത്രിയോടെയാണ് അപ്പപ്പാറയിൽ യുവതി കൊല്ലപ്പെട്ടത്. പ്രതി ദിലീഷിന്‍റെ ആക്രമണത്തിൽ പ്രവീണയുടെ മറ്റൊരു മകൾ കഴുത്തിനും ചെവിക്ക് പരിക്കേറ്റ് മാനന്തവാടിയിലെ വയനാട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. 14 വയസുള്ള പെണ്‍കുട്ടിയാണ് ചികിത്സയിലുള്ളത്.മാനന്തവാടി അപ്പപ്പാറയിലെ വാകേരിയിലാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. എടയൂർക്കുന്ന് സ്വദേശി പ്രവീണയാണ് കൊല്ലപ്പെട്ടത്. പ്രവീണയുടെ പങ്കാളിയായ ദിലീഷ് ആണ് കൊലനടത്തിയത്. കൊല നടത്തിയശേഷം ദിലീഷ് ഒമ്പതു വയസുള്ള കുട്ടിയുമായി സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു വെന്നാണ് വിവരം. കൊല നടന്ന് ഒരു രാത്രി പിന്നിട്ടിട്ടും പെണ്‍കുട്ടിയെ കണ്ടെത്താനാകാത്തത് ആശങ്ക ഉയര്‍ന്നിരുന്നു. വനമേഖലയായതും പ്രതികൂല കാലാവസ്ഥയും തെരച്ചിലിന് വെല്ലുവിളിയായിരുന്നു. ഇതിനിടെയാണ് വീടിന് അധികം ദൂരെയല്ലാത്ത സ്ഥലത്ത് വെച്ച് പ്രതിക്കൊപ്പം കുട്ടിയെ കണ്ടെത്തിയത്.

അപകടത്തിൽ ഒരാൾ മരിച്ചു.

നെടുമങ്ങാട് പഴകുറ്റിയില്‍ കാറും ട്രാവലറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു മരണം. വെമ്പായം തേക്കട സ്വദേശി അമീര്‍(35) ആണ് മരിച്ചത്. പഴകുറ്റി വെമ്പായം റോഡിലായിരുന്നു അപകടം. തേക്കട സ്വദേശികളായ ഷാഹിന (28), അസ്ജാന്‍ (10), ആലീഫ് (8) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

ഓപ്പറേഷൻ സിന്ധൂർ എല്ലാ കുടുംബങ്ങളിലും എത്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.

ഓപ്പറേഷന്‍ സിന്ദൂര്‍ രാജ്യത്തെ ഓരോ കുടുംബങ്ങളിലുമെത്തിയെന്ന് മന്‍കി ബാതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. മാതാപിതാക്കള്‍ നിരവധി പെണ്‍കുട്ടികള്‍ക്ക് സിന്ദൂര്‍ എന്ന് പേര് നല്‍കുന്നുവെന്നും അഭിമാനാര്‍ഹമായ നിമിഷമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വയോധികയെ ആക്രമിച്ച് സ്വർണം കവർന്നു പ്രതി പിടിയിൽ.

വീട്ടില്‍ ഒറ്റയ്ക്ക് താമസിച്ച് വന്ന റിട്ട. അധ്യാപികയെ ആക്രമിച്ച് സ്വര്‍ണം കവര്‍ന്നു. കുന്നുകര അഭയം വീട്ടില്‍ മുരളീധരൻ്റെ ഭാര്യ ഇന്ദിരയാണ് ആക്രമണത്തിന് ഇരയായത്. പരിക്കേറ്റ് ഇന്ദിര തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിൽ തുടരുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് പെരുമ്പാവൂര്‍ സ്വദേശിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.ഇന്ദിരയുടെ കൊച്ചുമകളുടെ സുഹൃത്താണ് കസ്റ്റഡിയിലായത് എന്നാണ് വിവരം.

മൂന്നാം കക്ഷി ഇടപെട്ടിട്ടില്ല എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.

ഇന്ത്യയും പാകിസ്താനും വെടിനിര്‍ത്തല്‍ ധാരണയിലെത്തിച്ചേര്‍ന്നത് ഉഭയസമ്മത പ്രകാരമാണെന്നും മൂന്നാംകക്ഷിയുടെ ഇടപെടലുണ്ടായിട്ടില്ലെന്നും ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. 

അകാലിദൾ നേതാവിനെ അജ്ഞാതർ വെടിവെച്ചുകൊന്നു.

പഞ്ചാബില്‍ ശിരോമണി അകാലിദള്‍ നേതാവിനെ അജ്ഞാതര്‍ വെടിവെച്ച് കൊന്നു. അമൃത്സറിലെ ജണ്ഡ്യാല ഗുരുവിലെ അകാലിദള്‍ കൗണ്‍സിലറായ ഹര്‍ജീന്ദര്‍ സിങ് ആണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച ടൗണിലെ ഒരു ഗുരുദ്വാരയ്ക്ക് സമീപത്തായിരുന്നു സംഭവം.

ഐപിഎല്ലിൽ ഇന്നലെ ചെന്നൈയും സൺറൈസേഴ്സും വിജയിച്ചു.

ഐപിഎല്ലില്‍ ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ ഈ സീസണിലെ നിലവിലെ ഒന്നാം സ്ഥാനക്കാരായ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ പത്താം സ്ഥാനക്കാരായ ചെന്നൈ സൂപ്പര്‍ കിംഗ്സിന് 83 റണ്‍സിന്റെ തകര്‍പ്പന്‍ ജയം. ഐപിഎല്ലില്‍ ഇന്നലെ നടന്ന രണ്ടാമത്തെ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ സണ്‍റൈസേഴ്സ് ഹൈദരാബാദിന് 110 റണ്‍സിന്റെ തകര്‍പ്പന്‍ ജയം നേടാനായി.


Leave a Comment

Your email address will not be published.