30 കോടി രൂപ കേസ് ഒതുക്കുവാൻ ഇഡി ഓഫീസിൽ കൈക്കൂലി വാങ്ങിയെന്ന് വിജിലൻസ് നിഗമനം.
Photo 1 month ago

30 കോടി രൂപ കേസ് ഒതുക്കുവാൻ ഇഡി ഓഫീസിൽ കൈക്കൂലി വാങ്ങിയെന്ന് വിജിലൻസ് നിഗമനം.
ഇഡി ഓഫീസ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ച തട്ടിപ്പ് സംഘം കേസ് ഒത്തുതീര്‍പ്പാക്കലിന്റെ പേരില്‍ മുപ്പത് കോടിയിലേറെ രൂപ കൈക്കൂലി വാങ്ങിയിട്ടുണ്ടെന്ന് വിജിലന്‍സ് നിഗമനം. അറസ്റ്റിലായ പ്രതികളില്‍ ചിലരുടെ ഭൂമി ഇടപാട് രേഖകളും വിജിലന്‍സിന് ലഭിച്ചു. എന്നാല്‍ ഒന്നാം പ്രതിയായ ഇഡി അസിസ്റ്റന്റ് ഡയറക്ടറെ കേസുമായി നേരിട്ട് ബന്ധിപ്പിക്കുന്ന തെളിവുകള്‍ ഇനിയും കിട്ടാത്തത് അന്വേഷണ സംഘത്തിന് വെല്ലുവിളിയായി തുടരുകയാണ്.
തിരുവനന്തപുരത്തെ സ്മാര്‍ട് റോഡ് ഉദ്ഘാടന ചടങ്ങിൽ നിന്ന് മുഖ്യമന്ത്രി പിൻമാറിയത് തദ്ദേശ,പൊതുമരാമത്ത് വകുപ്പു മന്ത്രിമാർ തമ്മിലെ വടംവലിയെ തുടര്‍ന്ന് ?
തിരുവനന്തപുരത്തെ സ്മാര്‍ട് റോഡ് ഉദ്ഘാടന ചടങ്ങിൽ നിന്ന് മുഖ്യമന്ത്രി പിൻമാറിയത് തദ്ദേശ, പൊതുമരാമത്ത് വകുപ്പു മന്ത്രിമാർ തമ്മിലെ വടംവലിയെ തുടര്‍ന്നെന്ന് വിവരം. പണം ചെലവഴിച്ച തദ്ദേശ ഭരണ വകുപ്പിനെ പൂര്‍ണ്ണമായും ഒഴിവാക്കി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് പദ്ധതിയുടെ ക്രെഡിറ്റ് അടിച്ചെടുക്കാൻ ശ്രമിച്ചതാണ് തര്‍ക്കത്തിനിടയാക്കിയത്. ഇക്കാര്യത്തിൽ അതൃപ്തി തദ്ദേശ മന്ത്രി നേരിട്ട് അറിയിച്ചതോടെ ഉദ്ഘാടന ചടങ്ങിൽ നിന്ന് മുഖ്യമന്ത്രി വിട്ടു നിൽക്കുകയായിരുന്നു. ആറര വര്‍ഷത്തെ ദുരിതത്തിനൊടുവിലാണ് തലസ്ഥാന റോഡുകൾ സ്മാര്‍ട്ടായത്.പദ്ധതി കേന്ദ്രത്തിന്‍റേതാണെങ്കിലും പണം മുടക്കുന്നത് സംസ്ഥാന സര്‍ക്കാരും തദ്ദേശ സ്ഥാപനവും സംയുക്തമായാണ്. 200 കോടി ചെലവിൽ റോഡ് പണിതപ്പോൾ 80 കോടി കേന്ദ്ര സര്‍ക്കാര്‍ ഫണ്ട്. ബാക്കി 80 കോടി പോയത് തദ്ദേശ ഭരണ അക്കൗണ്ടിൽ നിന്നായിരുന്നു. നാൽപത് കോടി കോര്‍പറേഷനും ചെലവാക്കി.
മലപ്പുറം കൂരിയാട് തകര്‍ന്ന ദേശീയപാതയുടെ നിര്‍മാണത്തില്‍ അശാസ്ത്രീയത വ്യക്തം. ആര്‍ ഇ ബ്ലോക്കുകള്‍ പരിധിയെക്കാള്‍ കൂടുതല്‍ ഉപയോഗിച്ചെന്ന് വ്യക്തമായിട്ടുണ്ട്. പരമാവധി 12 മീറ്റര്‍ നീളത്തില്‍ മാത്രം ഉപയോഗിക്കേണ്ട ആര്‍ ഇ ബ്ലോക്കുകള്‍ 16 മീറ്റര്‍ നീളത്തില്‍ ഉപയോഗിച്ചു. വയലില്‍ കളിമണ്ണ് കൂടുതല്‍ ആയതിനാല്‍ പൈലിങ് നടത്തി എലിവേറ്റഡ് ഹൈവേ വേണമെന്ന ആവശ്യവും തള്ളിയതായി വ്യക്തമായിട്ടുണ്ട്.
മലപ്പുറത്ത് ദേശീയപാത തകര്‍ന്ന സംഭവത്തില്‍ പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച്. മലപ്പുറം കോഹിനൂരിലെ നിര്‍മ്മാണ കമ്പനി കെഎന്‍ആര്‍സി ഓഫീസിലേക്കാണ് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തിയത്. ഇവരെ ബലം പ്രയോഗിച്ച് നീക്കാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിനിടയാക്കി. അതിനിടെ, അബിന്‍ വര്‍ക്കിയെയും മുഴുവന്‍ പ്രവര്‍ത്തകരേയും ബലം പ്രയോഗിച്ച് പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.
സ്മാര്‍ട് റോഡ് ഉദ്ഘാടന വിവാദവുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വാര്‍ത്ത നിഷേധിച്ച് മുഖ്യമന്ത്രിയുടെ ഓഫീസ്. മുഖ്യമന്ത്രി ഉദ്ഘാടനത്തില്‍ നിന്ന് മാറിയത് ആരോഗ്യ കാരണങ്ങളാലാണെന്ന് കുറിപ്പില്‍ പറയുന്നു. വാര്‍ത്തകള്‍ വാസ്തവ വിരുദ്ധമാണെന്നും കുറിപ്പില്‍ വ്യക്തമാക്കി.
ചാവക്കാട് മണത്തലയില്‍ ദേശീയപാത 66 ല്‍ വിള്ളല്‍. മേല്‍പ്പാലത്തിന് മുകളില്‍ ടാറിട്ട ഭാഗത്താണ് വിള്ളല്‍. 50 മീറ്റര്‍ നീളത്തില്‍ രൂപപ്പെട്ട വിള്ളല്‍ ടാറും പൊടിയുമിട്ട് അടയ്ക്കാനും ശ്രമം നടന്നു. ഗതാഗതത്തിന് തുറന്നുകൊടുക്കാത്ത ഭാഗത്താണ് വിള്ളല്‍ കണ്ടത്.
നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കുമെതിരേ തെളിവുകളുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് . ഇവര്‍ 142 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചിട്ടുണ്ടെന്ന് ഇഡിയുടെ അഭിഭാഷകന്‍ കോടതിയില്‍ വ്യക്തമാക്കി. നാഷണല്‍ ഹെറാള്‍ഡ് പത്രവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഡല്‍ഹി റൗസ് അവന്യൂ കോടതിയില്‍ വാദം കേള്‍ക്കുന്നതിനിടെയായിരുന്നു ഇഡിയുടെ പരാമര്‍ശം.
ചാവക്കാട് മണത്തലയില്‍ ദേശീയപാത 66 ല്‍ മേല്‍പ്പാലത്തിന്റെ റോഡില്‍ ടാറിട്ട ഭാഗത്ത് വിള്ളല്‍ കണ്ടെത്തിയ സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി തൃശൂര്‍ ജില്ലാ കളക്ടര്‍. ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യനാണ് ദേശീയപാത അധികൃതരോടും പൊലീസിനോടും റിപ്പോര്‍ട്ട് നേടിയത്. റിപ്പോര്‍ട്ട് ലഭിക്കുന്നതിന് അനുസരിച്ച് തുടര്‍നടപടി സ്വീകരിക്കുമെന്ന് കളക്ടര്‍ അറിയിച്ചു.
ശബരിമലയില്‍ തീര്‍ത്ഥാടക ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ ആചാരസംരക്ഷണ സമിതി കോടതിയിലേക്ക്. ഉദ്യോഗസ്ഥര്‍ക്കെതിരെ നരഹത്യയ്ക്ക് കേസെടുക്കണമെന്നാണ് ആചാരസംരക്ഷണ സമിതി ആവശ്യപ്പെടുന്നത്. തിങ്കളാഴ്ച വൈകിട്ടാണ് തെലങ്കാന സ്വദേശി ഇ. ഭരതമ്മയ്ക്ക് (64) വാട്ടര്‍ കിയോസ്‌കില്‍ നിന്ന് ഷോക്കേറ്റത്.
ശബരിമല തീര്‍ഥാടനം കഴിഞ്ഞ് മടങ്ങുന്നതിനിടെ തീര്‍ത്ഥാടകയായ സ്ത്രീ ഷോക്കേറ്റ് മരിച്ച സംഭവം ഗുരുതരമായ സുരക്ഷാ വീഴ്ചയാണെന്ന് എസ്ഡിപിഐ. സംഭവത്തില്‍ സമഗ്രവും സത്വരവുമായ അന്വേഷണം വേണമെന്ന് സംസ്ഥാന സെക്രട്ടറി എംഎം താഹിര്‍ ആവശ്യപ്പെട്ടു.
എറണാകുളം മൂഴിക്കുളത്ത് മൂന്ന് വയസുകാരിയായ മകള്‍ കല്യാണിയെ അമ്മ പുഴയില്‍ എറിഞ്ഞുകൊന്ന കേസില്‍ അന്വേഷണം ഊര്‍ജിതം. കേസില്‍ കുഞ്ഞിന്റെ അച്ഛന്റെ ബന്ധുക്കളുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. കുട്ടിയുടെ അച്ഛന്‍ സുഭാഷിന്റെ മൊഴി ഉടന്‍ എടുക്കും. സന്ധ്യ നേരത്തെയും കുഞ്ഞിനെ കൊല്ലാന്‍ ശ്രമിച്ചിട്ടുണ്ടെന്നാണ് ഭര്‍ത്താവ് സുഭാഷിന്റെ ആരോപണം.
മൂന്നു വയസുകാരി കല്യാണിയെ കൊല്ലാന്‍ അമ്മ സന്ധ്യ മറ്റൊരിടത്തും ശ്രമം നടത്തിയിരുന്നെന്ന് സംശയം. മറ്റക്കുഴിയില്‍ നിന്ന് സ്വന്തം നാടായ കുറുമശേരിയിലേക്ക് പോകുന്നതിനിടെ അര മണിക്കൂറിലേറെ നേരം അമ്മയും കുഞ്ഞും ആലുവ മണപ്പുറത്ത് ചെലവിട്ടതാണ് സംശയം ജനിപ്പിക്കുന്നത്. സംശയാസ്പദമായ സാഹചര്യത്തില്‍ കുഞ്ഞുമായി നില്‍ക്കുന്നതു കണ്ട ഓട്ടോ ഡ്രൈവര്‍മാര്‍ സന്ധ്യയോട് കാര്യം തിരക്കിയപ്പോഴേക്കും കുഞ്ഞിനെയും എടുത്ത് സന്ധ്യ കടന്നു കളയുകയായിരുന്നു. കുഞ്ഞിനെ ഇവിടെ പുഴയില്‍ ഇടാന്‍ ശ്രമിച്ചതാകാം എന്ന സംശയം ആണ് ഉയരുന്നത്.
സംസ്ഥാനത്തെ പ്ലസ് ടു പരീക്ഷാ ഫലം നാളെ പ്രഖ്യാപിക്കും. ഉച്ചക്ക് ശേഷം 3 മണിക്കായിരിക്കും വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി ഫലം പ്രഖ്യാപിക്കുക. ഹയര്‍ സെക്കണ്ടറി പരീക്ഷയുടെ മൂല്യനിര്‍ണ്ണയം പൂര്‍ത്തിയായതായി മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചിരുന്നു. 4,44,707 വിദ്യാര്‍ത്ഥികളാണ് രണ്ടാം വര്‍ഷ പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തത്.
രാജ്യം പ്രതിസന്ധി നേരിടുമ്പോള്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് ശശി തരൂര്‍ .ലേഖനത്തില്‍ താന്‍ എഴുതിയത് വ്യക്തമായ നിലപാടാണെന്നും ഇക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചയ്ക്കില്ലെന്നും തരൂര്‍ വ്യക്തമാക്കി. രാഷ്ട്രീയ നേതൃത്വം രാജ്യതന്ത്രജ്ഞത കാട്ടണമെന്ന് അദ്ദേഹം പറഞ്ഞു. എല്ലാവരും ഒറ്റക്കെട്ടായി നിലപാട് സ്വീകരിക്കും. അമേരിക്കയില്‍ അവധി സമയം ആയതിനാലാണ് അവസാനം അവിടേക്ക് പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സര്‍വ്വകക്ഷി സംഘത്തിന്റെ വിദേശ യാത്ര വലിയ ഉത്തരവാദിത്വവും മഹത്തായ ദൗത്യവുമെന്ന് ഇ ടി മുഹമ്മദ് ബഷീര്‍ എംപി. പഹല്‍ഗാമില്‍ ഉണ്ടായ സംഭവവികാസങ്ങള്‍, പാക്കിസ്ഥാന്‍ കാണിച്ച കുബുദ്ധി, തീവ്രവാദത്തെ അനുകൂലിക്കുന്ന പാക്കിസ്ഥാന്റെ സമീപനം ഇവയെല്ലാം തുറന്നു കാട്ടലാണ് സംഘത്തിന്റെ ലക്ഷ്യം. പാര്‍ലമെന്റിന്റെ ശബ്ദമായി ഇത് ലോകരാജ്യങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് കാലവര്‍ഷം എത്തുന്നതിന്റെ മുന്നോടിയായി അതിതീവ്ര മഴ പെയ്തിട്ടും അള്‍ട്രാ വയലറ്റ് സൂചിക ഉയര്‍ന്ന നിലയില്‍ തുടരുന്നു.വിളപ്പില്‍ ശാല മുതല്‍ ഉദുമ വരെയുള്ള 14 ഇടങ്ങളില്‍ അള്‍ട്രാ വയലറ്റ് സൂചിക ഉയര്‍ന്ന നിലയിലാണ്. ശരീരത്തില്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് പരമാവധി ഒഴിവാക്കണമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.
ഇഡി ഓഫീസ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ച തട്ടിപ്പ് സംഘം കേസ് ഒത്തുതീര്‍പ്പാക്കലിന്റെ പേരില്‍ മുപ്പത് കോടിയിലേറെ രൂപ കൈക്കൂലി വാങ്ങിയിട്ടുണ്ടെന്ന് വിജിലന്‍സ് നിഗമനം. അറസ്റ്റിലായ പ്രതികളില്‍ ചിലരുടെ ഭൂമി ഇടപാട് രേഖകളും വിജിലന്‍സിന് ലഭിച്ചു. എന്നാല്‍ ഒന്നാം പ്രതിയായ ഇഡി അസിസ്റ്റന്റ് ഡയറക്ടറെ കേസുമായി നേരിട്ട് ബന്ധിപ്പിക്കുന്ന തെളിവുകള്‍ ഇനിയും കിട്ടാത്തത് അന്വേഷണ സംഘത്തിന് വെല്ലുവിളിയായി തുടരുകയാണ്.
ആലപ്പുഴ പൂച്ചാക്കലില്‍ സ്വകാര്യ ശിശു സംരക്ഷണ കേന്ദ്രത്തില്‍ നിന്നും കാണാതായ രണ്ടു പെണ്‍കുട്ടികളേയും കണ്ടെത്തി. ഇന്നലെ കാണാതായ ഇവരെ രണ്ട് സ്ഥങ്ങളില്‍ നിന്നാണ് കണ്ടെത്തിയത്. ഇതില്‍ ഒരാളെ ആലപ്പുഴയില്‍ നിന്നും മറ്റൊരാളെ ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നുമാണ് കണ്ടെത്തിയത്.
വിഴിഞ്ഞം തുറമുഖത്ത് ജോലി ഒഴിവെന്ന് ഒഎല്‍എക്‌സ് ആപ്പില്‍ പരസ്യം നല്‍കി തൊഴില്‍ തട്ടിപ്പിന് ശ്രമം. ഒഎല്‍എക്‌സിലും പിന്നാലെ സാമൂഹ്യ മാധ്യമങ്ങളിലും പ്രത്യക്ഷപ്പെട്ട പരസ്യം തുറമുഖ കമ്പനി അധികൃതര്‍ പരാതി നല്‍കിയതോടെ അപ്രത്യക്ഷമായി. പരസ്യത്തില്‍ നല്‍കിയ മൊബൈല്‍ ഫോണും സ്വിച്ച് ഓഫ് ചെയ്തു. അതേസമയം പരസ്യത്തിലെ നമ്പര്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
മദ്യലഹരിയില്‍ മകന്‍ കിടപ്പിലായ അമ്മയെ ചവിട്ടിക്കൊന്നു. തേക്കട ഭൂതകുഴി പുത്തന്‍വീട്ടില്‍ ഓമന(75)യെയാണ് മകന്‍ സന്തോഷ് എന്ന മണികണ്ഠന്‍(50) മര്‍ദിച്ച് കൊലപ്പെടുത്തിയത്. പ്രതിയെ വട്ടപ്പാറ പോലീസ് അറസ്റ്റ് ചെയ്തു. മദ്യപിക്കാനും പണയംവെച്ച ബൈക്ക് തിരികെയെടുക്കാനും പണം കൊടുക്കാത്തതിനാലാണ് സന്തോഷ് അമ്മയെ മര്‍ദിച്ചതെന്നാണ് നാട്ടുകാര്‍ പറയുന്നത്.
മെട്രോ ട്രെയിനില്‍ സ്ത്രീകളുടെ ദൃശ്യങ്ങള്‍ രഹസ്യമായി ചിത്രീകരിച്ച് പോസ്റ്റ് ചെയ്യുന്ന പേജിനെതിരെ അന്വേഷണം. ബെംഗളുരു മെട്രോയില്‍ സഞ്ചരിക്കുന്ന സ്ത്രീകളുടെ മോശമായി ചിത്രീകരിച്ചുള്ള വീഡിയോ പോസ്റ്റ് ചെയ്തിരുന്ന ഇന്‍സ്റ്റ പേജിനെതിരെയാണ് അന്വേഷണം. മെട്രോയില്‍ സഞ്ചരിക്കുന്ന സ്ത്രീകളുടെ ദൃശ്യങ്ങള്‍ അവരറിയാതെ ചിത്രീകരിച്ച് പോസ്റ്റ് ചെയ്ത് അവ വില്‍പ്പന നടത്തി വന്നിരുന്ന മെട്രോ ചിക്‌സ് എന്ന പേജിനെതിരെ പരാതി വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെയാണ് ബെംഗളുരു പൊലീസ് കേസെടുത്തത്.
അശോക സര്‍വകലാശാലയിലെ പ്രൊഫസര്‍ അലിഖാന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി. എന്നാല്‍ അന്വേഷണത്തിന് സുപ്രീംകോടതി സ്റ്റേ നല്‍കിയില്ല. ഓപ്പറേഷന്‍ സിന്ദൂറിനെ കുറിച്ചുള്ള പ്രൊഫസറുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. അലിഖാന്‍ മഹബൂബാബാദിനെ ഇന്നലെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരുന്നു. 14 ദിവസത്തേക്കാണ് സോനീപത് കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്.
ഇസ്താബുള്‍ കോണ്‍ഗ്രസ് സെന്റര്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ഓഫിസ് എന്ന വ്യാജവാര്‍ത്ത നല്‍കിയ അര്‍ണാബ് ഗോസ്വാമിക്കും അമിത് മാളവ്യക്കും എതിരെ കേസ്. ബംഗളുരു ഹൈ ഗ്രൗണ്ട്‌സ് പോലിസ് കേസ് എടുത്തു. കര്‍ണാടക യൂത്ത് കോണ്‍ഗ്രസ് നല്‍കിയ പരാതിയില്‍ ആണ് കേസ്. ദേശീയ വികാരം കോണ്‍ഗ്രസിനെതിരെ ഇളക്കി വിട്ട് കലാപം ഉണ്ടാക്കാന്‍ ശ്രമം എന്ന് പരാതിയില്‍ ആരോപിക്കുന്നു.
വഖഫ് മതേതര കാഴ്ചപ്പാടെന്ന് കേന്ദ്ര സര്‍ക്കാര്‍. ഭൂമി ദാനം ചെയ്യല്‍, മതപരമായി സമര്‍പ്പിക്കല്‍ തുടങ്ങിയ നടപടികള്‍ എല്ലാ മതങ്ങളിലും ഉണ്ട് നിലപാട് വിശദീകരിച്ച് 145 പേജ് ദൈര്‍ഘ്യമുള്ള കുറിപ്പ് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിക്ക് കൈമാറി. വഖഫ് ഭേദഗതി നിയമം ഏകപക്ഷീയമോ, ഭരണഘടന വിരുദ്ധമോ അല്ലെന്നും കേന്ദ്രം വ്യക്തമാക്കി.
കന്നഡ എഴുത്തുകാരി ബാനു മുഷ്താഖിന് അന്താരാഷ്ട്ര ബുക്കര്‍ പുരസ്‌കാരം. ചെറുകഥാ സമാഹാരങ്ങളുടെ വിഭാഗത്തില്‍ ആണ് പുരസ്‌കാരം.’ഹൃദയ വിളക്ക്’ (Heart Lamp) എന്ന പേരില്‍ ഉള്ള ചെറുകഥാ സമാഹാരത്തിനാണ് പുരസ്‌കാരം. കന്നഡയില്‍ നിന്ന് ബുക്കര്‍ പുരസ്‌കാരം നേടുന്ന ആദ്യത്തെ സാഹിത്യകാരിയാണ് ബാനു മുഷ്താഖ്.
പാകിസ്ഥാന്‍ ഭീകരതയെകുറിച്ച് വിശദീകരിക്കാന്‍ വിദേശത്തേക്ക് പോകുന്ന പ്രതിനിധി സംഘവുമായി കൂടിക്കാഴ്ച നടത്താതെ കോണ്‍ഗ്രസ് നേതൃത്വം. രാഹുല്‍ ഗാന്ധിയോ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയോ കോണ്‍ഗ്രസ് സംഘത്തിലുളള എംപിമാരെ കണ്ടില്ല. പാര്‍ട്ടി എംപിമാരെ സര്‍ക്കാര്‍ നേരിട്ടു വിളിച്ചതിലെ രോഷം രാഹുല്‍ ഗാന്ധി തുടരുകയാണ്. അതേസമയം തരൂര്‍ എന്തെങ്കിലും പദവി ഏറ്റെടുക്കാന്‍ സന്നദ്ധത അറിയിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍ വ്യത്തങ്ങള്‍ വ്യക്തമാക്കി.
എവറസ്റ്റ് കീഴടക്കുന്ന ആദ്യ മലയാളി വനിതയെന്ന ചരിത്രം സൃഷ്ടിച്ച് ഖത്തര്‍ പ്രവാസിയായ കണ്ണൂര്‍ സ്വദേശിനി സഫ്രീന ലത്തീഫ്. ഈ നേട്ടത്തോടെ, എവറസ്റ്റ് കൊടുമുടി കീഴടക്കുന്ന ഖത്തറില്‍ നിന്നുള്ള ആദ്യ ഇന്ത്യന്‍ പ്രവാസി വനിതയും കേരളത്തില്‍ നിന്നുള്ള ആദ്യ വനിതയുമായി അവര്‍ മാറി.
ചാരവൃത്തിക്ക് അറസ്റ്റിലായ യൂട്യൂബര്‍ ജ്യോതി മല്‍ഹോത്ര പാക് ചാരന്മാരുമായി തനിക്ക് ബന്ധമുണ്ടെന്ന് സമ്മതിച്ചതായി റിപ്പോര്‍ട്ട്. കേന്ദ്ര ഏജന്‍സികളുടെ ചോദ്യംചെയ്യലിലാണ് പാക് ചാരസംഘടനയായ ഐഎസ്ഐയില്‍ ഉള്‍പ്പെട്ടവരുമായി ബന്ധമുണ്ടെന്ന് ജ്യോതി മല്‍ഹോത്ര സമ്മതിച്ചത്. ഡല്‍ഹിയിലെ പാക് ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥനും പാക് ചാരനുമായ ഡാനിഷുമായി സ്ഥിരമായി ബന്ധപ്പെട്ടിരുന്നതായി യുവതി സമ്മതിച്ചിട്ടുണ്ടെന്നും ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
സർക്കാർ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ ഒറ്റപ്പാലം സ്വദേശി പൊലീസ് പിടിയിൽ. സെക്രട്ടറിയേറ്റിലെ താത്കാലിക ജീവനക്കാരനായിരുന്നു പ്രതി. പനമണ്ണ സ്വദേശി മുഹമ്മദാലിയാണ് അറസ്റ്റിലായത്. മക്കൾക്ക് സർക്കാർ ജോലി വാങ്ങി നൽകാമെന്ന് പറഞ്ഞ് പാലപ്പുറം സ്വദേശി ഹരിദാസനിൽ നിന്ന് ഒമ്പത് ലക്ഷത്തോളം രൂപയാണ് ഇയാൾ തട്ടിയത്.
അമൃത്സറിലെ സുവര്‍ണ ക്ഷേത്രത്തിനുള്ളില്‍ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ വിന്യസിച്ചിരുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി സൈന്യം. ഓപ്പറേഷന്‍ സിന്ദൂറിനു പിന്നാലെ പാകിസ്താന്റെ ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങളെ ചെറുക്കുന്നതിനായി ക്ഷേത്രത്തില്‍ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ വിന്യസിക്കാന്‍ ക്ഷേത്ര മാനേജ്മെന്റ് സൈന്യത്തിന് അനുമതിനല്‍കിയെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് പ്രതികരണം.
ദേശിയ വിദ്യാഭ്യാസ നയവും പി.എം- ശ്രീ പദ്ധതിയും നടപ്പാക്കാത്തതിന്റെ പേരില്‍ തടഞ്ഞുവെച്ചിരിക്കുന്ന കേന്ദ്ര ഫണ്ട് പലിശസഹിതം ലഭിക്കുന്നതിനായി തമിഴ്‌നാട് സുപ്രീം കോടതിയെ സമീപിച്ചു. 2291.30 കോടി രൂപ അടിയന്തരമായി കൈമാറാന്‍ കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിനെതിരെ തമിഴ്‌നാട് സ്യൂട്ട് ഹര്‍ജി ഫയല്‍ചെയ്തു.
മെക്‌സിക്കോ നഗരത്തിന്റെ മേയറുടെ പേര്‍സണല്‍ സെക്രട്ടറിയും ഉപദേശകനും വെടിയേറ്റ് കൊല്ലപ്പെട്ടു. മെക്‌സിക്കോ നഗരത്തില്‍ ചൊവ്വാഴ്ച പട്ടാപ്പകലുണ്ടായ ആക്രമണത്തിലാണ് മേയര്‍ ക്ലാര ബ്രുഗാഡയുടെ പേര്‍സണല്‍ സെക്രട്ടറിയും ഉപദേശകനും കൊല്ലപ്പെട്ടത്. പേര്‍സണല്‍ സെക്രട്ടറി സിമേന ഗുസ്മാനും ഉപദേശകന്‍ ജോസ് മുനോസും കൊല്ലപ്പെട്ട അക്രമത്തെ നേരിട്ടുള്ള ആക്രമണം എന്നാണ് മേയര്‍ ക്ലാര ബ്രുഗാഡ വിലയിരുത്തിയത്.
രാജ്യസുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ‘ഗോള്‍ഡന്‍ ഡോം’ മിസൈല്‍ പ്രതിരോധ സംവിധാനം അവതരിപ്പിച്ച് ഡോണാള്‍ഡ് ട്രംപ്. ഏകദേശം 17,500 കോടി ഡോളര്‍വരെ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്കായി 2500 കോടി ഡോളറിന്റെ പ്രാഥമിക ഫണ്ട് പ്രഖ്യാപിച്ചു. ഈ സംവിധാനം മൂന്ന് വര്‍ഷത്തിനുള്ളില്‍ പ്രവര്‍ത്തനക്ഷമമാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
കിടപ്പിലായ ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി ഭർത്താവ്. ശേഷം വാട്സാപ്പിലെ കുടുംബ ഗ്രൂപ്പിൽ കൊലപാതകത്തെക്കുറിച്ച് ഭർത്താവിന്റെ ശബ്ദ സന്ദേശമെത്തിയതോടെയാണ് വിവരം പുറത്തറിയുന്നത്. പാലക്കാട് തൃത്താല ഒതളൂർ സ്വദേശി ഉഷ നന്ദിനിയെ ആണ് ഭർത്താവ് മുരളീധരൻ കൊലപ്പെടുത്തിയത്. ഉഷ മാസങ്ങളായി കിടപ്പിലായിരുന്നു. മുരളീധരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ശ്വാസം മുട്ടിച്ചാണ് ഉഷയെ കൊലപ്പെടുത്തിയതെന്ന് മുരളീധരൻ പൊലീസിനോട് പറഞ്ഞു.
Leave a Comment
Your email address will not be published.