ഏറ്റവും പുതിയ വാർത്തകൾ

Photo 7 months ago

banner

By Kuriakose Niranam 

മുംബൈ ഭീകരാക്രമണ കേസിലെ സൂത്രധാരന്‍ തഹാവൂര്‍ റാണയെ ഇന്ന് ഇന്ത്യയില്‍ എത്തിക്കും.

റാണയെ കൊണ്ടുവരാനായി അയച്ച പ്രത്യേക വിമാനം അമേരിക്കയില്‍ നിന്ന് പുറപ്പെട്ടു. തിഹാര്‍ ജയിലില്‍ റാണയെ പാര്‍പ്പിക്കാന്‍ സൗകര്യം ഒരുക്കാന്‍ കേന്ദ്രം നിര്‍ദേശം നല്‍കി. ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ നേരിട്ടുള്ള നിരീക്ഷണത്തിലാണ് നീക്കം.

റീപോ നിരക്ക് കാല്‍ ശതമാനം കുറച്ച് റിസര്‍വ് ബാങ്ക് പണനയം.

റീപോ നിരക്ക് കാല്‍ ശതമാനം കുറച്ച് റിസര്‍വ് ബാങ്ക് പണനയം. റീപോ നിരക്ക് പ്രതീക്ഷിച്ചതു പോലെ 6.25 ശതമാനത്തില്‍ നിന്ന് ആറു ശതമാനമാക്കി. ഭവന, വാഹന വായ്പയുടെ പലിശബാധ്യത കുറയാന്‍ ഇത് സഹായകമാകും. ഈ ധനകാര്യ വര്‍ഷത്തെ ജിഡിപി വളര്‍ച്ച പ്രതീക്ഷ 6.7 ല്‍ നിന്ന് 6.5 ശതമാനമായി കുറച്ചു.

സ്വര്‍ണ്ണപ്പണയ വായ്പകള്‍ക്ക് പുതിയ മാര്‍ഗനിര്‍ദേശങ്ങളും നിയന്ത്രണങ്ങളും പുറപ്പെടുവിക്കുമെന്ന് റിസര്‍വ് ബാങ്ക്.

വായ്പാനയ അവലോകന യോഗത്തിന് ശേഷം സംസാരിക്കവേ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്രയാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ സ്വര്‍ണ്ണപ്പണയ വായ്പകള്‍ നല്‍കുന്ന കമ്പനികളുടെ ഓഹരി വില കുത്തനെ ഇടിഞ്ഞു.

വഖഫ് ബില്ലിനെതിരെ സമരം നടത്തിയാൽ വാഹനങ്ങൾ പിടിച്ചെടുക്കുമെന്ന് കേരള പോലിസ്.

മലപ്പുറത്തെ വഖഫ് ബില്ലിനെതിരായ സോളിഡാരിറ്റി- എസ്ഐഒ കരിപ്പൂര്‍ വിമാനത്താവളം ഉപരോധം തടയാന്‍ നടപടിയുമായി പൊലീസ്. പ്രവര്‍ത്തകരുമായി വരുന്ന വാഹനങ്ങള്‍ പിടിച്ചെടുക്കുമെന്ന് പൊലീസ് അറിയിച്ചു. വാഹന ഉടമകള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും കൊണ്ടോട്ടി ഡിവൈ.എസ്പി മുന്നറിയിപ്പ് നല്‍കി. വിലക്ക് അറിയിച്ച് കൊണ്ടോട്ടി ഡിവൈ.എസ്പി ടൂറിസ്റ്റ് ബസ് ഉടമകള്‍ക്ക് നോട്ടീസയച്ചു.

പതിനാറു വയസ്സില്‍ താഴെയുള്ളവര്‍ ഇന്‍സ്റ്റഗ്രാം ലൈവ് ഉപയോഗിക്കുന്നത് നിരോധിച്ച് മെറ്റ.

കൗമാരപ്രായക്കാരുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിനു വേണ്ടിയാണ് മെറ്റയുടെ പുതിയ നടപടി. ഇന്‍സ്റ്റഗ്രാമിനു പുറമെ ഫേസ്ബുക്കിലും മെസ്സഞ്ചറിലും പുതിയ ഫീച്ചര്‍ നിയന്ത്രണം കൊണ്ടു വന്നിട്ടുണ്ട്. മാതാപിതാക്കളുടെ അനുവാദമില്ലാതെ ലൈവ് ഉപയോഗിക്കുക, ഡയറക്ട് മെസ്സേജില്‍ ബ്ലറര്‍ ചെയ്യാതെ നഗ്‌ന ദൃശ്യങ്ങള്‍ പങ്കിടുക തുടങ്ങിയവ നിയന്ത്രിക്കുന്ന ഫീച്ചറുകളാണ് പുതുതായി മെറ്റ കൊണ്ടുവന്നിരിക്കുന്നത്. പുതിയ നിയന്ത്രണങ്ങള്‍ ബ്രിട്ടന്‍, കാനഡ, ആസ്‌ട്രേലിയ, യു.എസ് എന്നീ രാജ്യങ്ങളിലായിരിക്കും നടപ്പിലാക്കുക. വരും മാസങ്ങളില്‍ ആഗോളതലത്തില്‍ ഇത് വ്യാപിപ്പിക്കും. ഇന്‍സ്റ്റഗ്രാം ലൈവിനു പുറമെ ഫേസ് ബുക്കിലും മെസ്സഞ്ചറിലും വിവിധ നിയന്ത്രണങ്ങള്‍ മെറ്റ കൊണ്ടു വരുന്നുണ്ട്. പ്രൈവറ്റ് അക്കൗണ്ടുകള്‍ ഡീഫോള്‍ട്ട് ചെയ്യുക, അപരിചതരില്‍ നിന്ന് വരുന്ന സന്ദേശങ്ങള്‍ ബ്ലോക്ക് ചെയ്യുക, സെന്‍സിറ്റീവ് ഉള്ളടക്കമുള്ള കണ്ടന്റുകള്‍ നിയന്ത്രിക്കുക തുടങ്ങിയവയാണ് ഇതില്‍ ഉള്‍പ്പെടുന്നത്.

വഖഫ് അല്ല.

മുനമ്പം വഖഫ് കേസില്‍ മലക്കം മറിഞ്ഞ് ഭൂമി വഖഫ് ചെയ്ത സിദ്ദിഖ് സേഠിന്റെ മകളുടെ കുടുംബം. ഭൂമി വഖഫല്ലെന്ന് സിദ്ദിഖ് സേഠിന്റെ മകള്‍ സുബൈദയുടെ മക്കളുടെ അഭിഭാഷന്‍ വഖഫ് ട്രൈബ്യൂണലില്‍ വാദിച്ചു. മുനമ്പത്തെ ഭൂമി വഖഫാണെന്നും തിരിച്ചെടുക്കണമെന്നും വഖഫ് ബോര്‍ഡില്‍ ഹര്‍ജി നല്‍കിയ വ്യക്തിയുടെ മക്കളാണ് നിലപാട് മാറ്റിയത്.

സസ്പെന്‍ഷനില്‍ തുടരുന്ന എന്‍ പ്രശാന്ത് ഐഎഎസിന്റെ വിശദീകരണം നേരിട്ട് കേള്‍ക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം.

ഇതിന്റെ ഭാഗമായി ചീഫ് സെക്രട്ടറി നേരിട്ട് ഹിയറിങ് നടത്തും. അടുത്ത ആഴ്ച നേരിട്ട് ഹാജരാകാന്‍ എന്‍ പ്രശാന്ത് ഐഎഎസിന് നോട്ടീസ് നല്‍കി.വകുപ്പുതല നടപടികളിൽ പരസ്പരം ആരോപണം ഉന്നയിച്ച് നീണ്ടുപോകുന്ന സാഹചര്യത്തിലാണ് നേരിട്ട് ഹിയറിംഗ് നടത്തുന്നത്. കഴിഞ്ഞ നവംബറിലാണ് പ്രശാന്ത് സസ്പെൻഷനിലായത്. ചീഫ് സെക്രട്ടറിയുടെ കാരണം കാണിക്കൽ നോട്ടീസിന് തിരിച്ച് വിശദീകരണ നോട്ടീസ് പ്രശാന്ത് നൽകിയിരുന്നു.

എഐസിസി സമ്മേളനം ചരിത്ര നിമിഷമെന്ന് പ്രവര്‍ത്തക സമിതി അംഗം ശശി തരൂര്‍.

ഓരോ കോണ്‍ഗ്രസുകാരനും ഇത് അഭിമാന നിമിഷമാണ്. കോണ്‍ഗ്രസ് ഉയിര്‍ത്തെഴുന്നേല്‍ക്കുന്നുവെന്ന സന്ദേശം ഈ സമ്മേളനം നല്‍കുന്നുവെന്നും സാധാരണ പ്രവര്‍ത്തകരാണ് ഈ പാര്‍ട്ടിയുടെ ശക്തിയെന്നും നിങ്ങളില്ലെങ്കില്‍ ഈ പാര്‍ട്ടിയില്ലെന്നും ശശി തരൂര്‍ കൂട്ടിച്ചേര്‍ത്തു

മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണക്കെതിരെ പിടി മുറുക്കി  ഇഡി.

മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണക്കെതിരായ തെളിവുകൾ വിലയിരുത്തി എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്. കള്ളപണ നിരോധന നിയമപ്രകാരം നടപടിയെടുക്കാമെന്നാണ് വിലയിരുത്തൽ. അതേസമയം, എസ്എഫ്ഐഒ കണ്ടെത്തലിൻ്റെ അടിസ്ഥാനത്തിൽ വീണയ്ക്കെതിരെ കള്ളപ്പണ നിരോധന നിയമപ്രകാരമുള്ള കേസെടുത്ത് അന്വേഷണം ഊർജ്ജിതമാക്കാൻ ഇഡി ഡയറക്ടറുടെ അനുമതി ലഭിച്ചു. എസ്എഫ്ഐഒ കുറ്റപത്രം നല്‍കിയതിനെതിരെ സിഎംആർഎൽ നല്‍കിയ ഹർജി ഇന്ന് ദില്ലി ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് ഇഡിയും നീക്കം ശക്തമാക്കുന്നത്. വീണയുടെ കമ്പനിക്ക് യുഎഇയിൽ ബാങ്ക് അക്കൗണ്ട് ഉണ്ടെന്നും അമേരിക്കയിൽ നിന്നടക്കം ഇതിലേക്ക് പണം വരുന്നെന്നും കാണിച്ച് ഷോൺ ജോർജ് ഇഡിക്ക് പരാതി നല്കിയിരുന്നു. 

കുവൈറ്റിൽ പൈപ്പ്ലൈൻ പൊട്ടി മാവേലിക്കര സ്വദേശി മരിച്ചു.

കുവൈത്ത് ഓയിൽ കമ്പനിയുടെ വടക്കൻ കുവൈത്തിലെ പ്രവർത്തന മേഖലയിൽ പൈപ്പ്‌ലൈൻ പൊട്ടി അപകടം. പരിക്കേറ്റ രണ്ട് കരാർ ജീവനക്കാരെ ഉടൻ തന്നെ വൈദ്യ പരിചരണത്തിനായി ആശുപത്രിയിലേക്ക് മാറ്റിയതായി കമ്പനി അറിയിച്ചു. എന്നാൽ, ഒരു ജീവനക്കാരൻ ആശുപത്രിയിൽ വെച്ച് മരിച്ചു. ആലപ്പുഴ ജില്ലയിലെ മാവേലിക്കര തട്ടാരമ്പലം സ്വദേശി രാമൻ പിള്ള (61) ആണ് അപകടത്തിൽ മരണപ്പെട്ടത്. കുവൈത്ത് ഓയിൽ കമ്പനിയുടെ കീഴിലുള്ള കോൺട്രാക്ടിങ് കമ്പനിയിലായിരുന്നു ജോലി. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു. ഭാര്യ ഗീത. ഏക മകൾ അഖില എഞ്ചിനീയറിങ് വിദ്യാർത്ഥിനിയാണ്.  

പതിനൊന്നുകാരിയെ അമ്മയുടെ സുഹൃത്ത് പീഡിപ്പിച്ചു. കേസെടുത്ത് പോലിസ്.

തിരുവനന്തപുരം: തിരുവനന്തപുരത്ത് പതിനൊന്നുകാരിയെ അമ്മയുടെ സുഹൃത്ത് പീഡിപ്പിച്ചെന്ന് മൊഴി. പീഡനം അമ്മയുടെ ഒത്താശയോടെയെന്നും കുട്ടി മൊഴി നല്‍കി. രക്ഷിതാക്കളുടെ വിവാഹമോചന കൗൺസിലിങ്ങിനിടെയാണ് കുട്ടി മൊഴി നൽകിയത്. സംഭവത്തില്‍ കോടതി നിർദേശപ്രകാരം വഞ്ചിയൂർ പൊലീസ് കേസെടുത്തു. പോത്തൻകോട് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. കുടുംബ കോടതിയില്‍ രക്ഷിതാക്കളുടെ വിവാഹമോചനവുമായി ബന്ധപ്പെട്ട കൗൺസിലിങ്ങിനിടെയാണ് കുട്ടി പീഡന വിവരം വെളിപ്പെടുത്തിയത്. പീ‍ഡന വിവരം അമ്മയോട് പറഞ്ഞെങ്കിലും ഇത് പുറത്ത് പറയുന്നത് അമ്മ വിലക്കിയാണ് കുട്ടി മൊഴി നല്‍കുന്നത്. ഇയാളെ അമ്മ വീട്ടിലേക്ക് വിളിച്ച് വരുത്തുകയായിരുന്നുവെന്നും മൊഴിയിലുണ്ട്. പിതാവ് വീട്ടില്‍ ഇല്ലാതിരുന്ന സമയത്താണ് പീഡനം നടത്തെന്നും കുട്ടി മൊഴി നല്‍കി. കേസ് പോത്തൻകോട് പൊലീസിന് കൈമാറും. കേസിൽ അമ്മയുടെ സുഹൃത്ത് ഒന്നാംപ്രതിയും അമ്മ രണ്ടാം പ്രതിയുമാണ്.

സ്വർണം തട്ടിയെടുത്തെന്ന പരാതിയിൽ മുൻ എംഎൽഎ മാത്യു സ്റ്റീഫനടക്കം മൂന്ന് പേർക്കെതിരെ തൊടുപുഴ പോലീസ് കേസെടുത്തു. 

ഭീഷണിപ്പെടുത്തി സ്വർണം തട്ടിയെടുത്തെന്ന പരാതിയിൽ മുൻ എംഎൽഎ മാത്യു സ്റ്റീഫനടക്കം മൂന്ന് പേർക്കെതിരെ തൊടുപുഴ പോലീസ് കേസെടുത്തു. തൊടുപുഴയിലെ ജ്വല്ലറി ഉടമയുടെ പരാതിയിലാണ് നടപടി. കടമായി സ്വർണം വാങ്ങിയ ശേഷം പണം നൽകാതെ വഞ്ചിച്ചെന്നും, പണം ചോദിച്ചപ്പോൾ ഭീഷണിപ്പെടുത്തിയെന്നുമാണ് ജ്വല്ലറി ഉടമയുടെ പരാതി. മാത്യു സ്റ്റീഫൻ, ജിജി, സുബൈർ, എന്നിവരാണ് പ്രതികൾ. ജനാധിപത്യ സംരക്ഷണ സമിതി പ്രവർത്തകരാണ് പ്രതികൾ. മാത്യു സ്റ്റീഫൻ തൊടുപുഴയിൽ വാർത്താ സമ്മേളനം വിളിച്ചാണ് കേസിൻ്റെ വിവരങ്ങൾ വെളിപ്പെടുത്തിയത്.

ഡിസിസി അദ്ധ്യക്ഷന്‍മാരെ മാറ്റും.

സംസ്ഥാനത്ത് തൃശ്ശൂര്‍ ഒഴികെ ബാക്കി 13 ജില്ലകളിലെയും ഡിസിസി അദ്ധ്യക്ഷന്‍മാരും മാറും. കാലാവധി പൂര്‍ത്തിയായ സാഹചര്യത്തിലാണ് അദ്ധ്യക്ഷന്‍മാരെ മാറ്റാനുള്ള തീരുമാനം. മാറാനുള്ള സന്നദ്ധത ഡിസിസി അദ്ധ്യക്ഷന്‍മാരും അറിയിച്ചിരുന്നു.തൃശ്ശൂര്‍ ജില്ലയില്‍ ഈയടുത്താണ് പുതിയ ഡിസിസി അദ്ധ്യക്ഷനെ തിരഞ്ഞെടുത്തത്. അത് കൊണ്ട് തന്നെ ജില്ലയിലെ ഡിസിസി അദ്ധ്യക്ഷനായ അഡ്വ ജോസഫ് ടാജറ്റിനെ നിലനിര്‍ത്തും. മറ്റെല്ലാ ഡിസിസി അദ്ധ്യക്ഷന്‍മാരെയും മാറ്റി പുതിയവരെ പെട്ടെന്ന് പ്രഖ്യാപിക്കാനാണ് ഒരുങ്ങുന്നത്

വികസിത രാജ്യങ്ങൾ പോലും തെരഞ്ഞെടുപ്പിന് ബാലറ്റ് പേപ്പറാണ് ഉപയോഗിക്കുന്നതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ.

ഇവിടെ മാത്രം ഇവിഎം ഉപയോഗിക്കുന്നുവെന്നും അട്ടിമറിയുണ്ടെന്ന് തെളിയിക്കാനാണ് വെല്ലുവിളിക്കുന്നതെന്നും അത് തിരിച്ചറിയാൻ കഴിയാത്ത സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് മെഷീനുകൾ നിർമ്മിക്കുന്നത് പിന്നെ എങ്ങനെ തെളിയിക്കാനാകുമെന്നും അദ്ദേഹം ചോദിച്ചു. മഹാരാഷ്ട്രയിൽ അട്ടിമറി നടന്നുവെന്നത് വ്യക്തമാണെന്നും ബാലറ്റ് പേപ്പർ തിരികെ കൊണ്ടുവരണമെന്നും കോൺഗ്രസ് തിരിച്ചു വരുമെന്നും രാഹുൽ ഗാന്ധിയുടെ ഊർജ്ജം പാർട്ടിക്ക് ശക്തിയാകുമെന്നും മല്ലികാര്‍ജുന്‍ ഖര്‍ഗെ വ്യക്തമാക്കി.

വെള്ളാപ്പള്ളി പറഞ്ഞത് അവരുടെ സമുദായത്തിന് വേണ്ടിയാണന്ന് മന്ത്രി ജോർജ് കുര്യൻ.

സമുദായ നേതാക്കൾ സമുദായത്തിനു വേണ്ടിയാണ് പറയുന്നതെന്ന് കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ. വെള്ളാപ്പള്ളി പറഞ്ഞത് അവരുടെ സമുദായത്തിന് വേണ്ടിയാണെന്നും അങ്ങനെ പറയാൻ പാടില്ല എന്ന് പറയാൻ കഴിയില്ലെന്നും ഗുരുദേവന്റെ ആശയം വെള്ളാപ്പള്ളിയോട് നിങ്ങൾ പറഞ്ഞാൽ മതിയെന്നും മലപ്പുറം നല്ല രാജ്യം എന്ന് പറഞ്ഞത് ആ ജില്ലയുടെ കരുത്താണെന്നും ജോർജ് കുര്യൻ പറഞ്ഞു.

വിഴിഞ്ഞം - കരാർ ഒപ്പിട്ടു.

വിഴിഞ്ഞം തുറമുഖത്തിൻ്റെ വികസനത്തിന് കേന്ദ്ര സർക്കാർ കേരളത്തിന് വായ്പയായി നൽകുന്ന 817 കോടി രൂപയുടെ വി ജി എഫ് കരാർ ഒപ്പിട്ടു. 2 കരാറുകളിലാണ് കേരളത്തിന് വേണ്ടി ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ ഒപ്പിട്ടത്. കേന്ദ്രവും പണം സ്വീകരിക്കുന്ന അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയും ബാങ്ക് കണ്‍സോര്‍ഷ്യവുമായുള്ള ത്രികക്ഷി കരാറും തുറമുഖത്തു നിന്നുള്ള വരുമാനത്തിന്റെ 20 ശതമാനം ലാഭവിഹിതം കേന്ദ്ര സർക്കാരുമായി പങ്കിടാമെന്ന രണ്ടാമത്തെ കരാറിലുമാണ് ഒപ്പുവച്ചത്. റോഡ് കണക്ടിവിറ്റി റെയിൽ കണക്ടിവിറ്റി എന്നിവയ്ക്ക് വേണ്ടി യുദ്ധകലാടിസ്ഥാനത്തിൽ നടപടികൾ നടന്നുവരികയാണെന്ന് മന്ത്രി വിഎൻ വാസവൻ പറഞ്ഞു.

അമേരിക്കയിൽ നിന്ന് ചൈനീസ് ഉത്പന്നങ്ങൾ പുറത്താകും.

അമേരിക്ക – ചൈനീസ് ഉത്പ്ന്നങ്ങള്‍ക്കുള്ള തീരുവ 104 ശതമാനമാക്കി ഉയര്‍ത്തി ചൈനയെ വെല്ലുവിളിച്ച് അമേരിക്ക. ഇന്ന് മുതല്‍ പുതുക്കിയ തീരുവ പ്രാബല്യത്തില്‍ വരുമെന്ന് വൈറ്റ്ഹൗസ് സ്ഥിരീകരിച്ചു. അമേരിക്ക ചൈനീസ് ഉല്‍പന്നങ്ങള്‍ക്ക് 34 ശതമാനം ഇറക്കുമതി തീരുവ പ്രഖ്യാപിച്ചപ്പോള്‍ അതേ നാണയത്തില്‍ ചൈന തിരിച്ചടിച്ചതാണ് അമേരിക്കയെ പ്രകോപിപ്പിച്ചത്. എന്നാല്‍ ചൈനയ്ക്കുമേലുള്ള യുഎസിന്റെ പകരച്ചുങ്കം അടിസ്ഥാനരഹിതമാണെന്നും ഏകപക്ഷീയമായ ഭീഷണിപ്പെടുത്തല്‍ രീതിയാണെന്നും ചൈനീസ് വാണിജ്യമന്ത്രാലയം പ്രതികരിച്ചു. 

ആശാ സമരം പൊളിച്ച് കെട്ടി സർക്കാർ. വിട്ടു വിഴ്ച ചെയ്യണമെന്ന അപേക്ഷയുമായി ആശാ വർക്കന്മാർ.

സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് അനുഭാവ പൂര്‍വമായ സമീപനമുണ്ടായാല്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറെന്ന് ആശാ സമര സമിതി. സിപിഎം ജനറല്‍ സെക്രട്ടറിക്ക് അയച്ച തുറന്ന കത്തിലാണ് സമരം അവസാനിപ്പിക്കാന്‍ സത്വര നടപടിയെടുക്കാനുള്ള അഭ്യര്‍ത്ഥന. അതേസമയം സമരം തീര്‍ക്കാന്‍ സര്‍ക്കാര്‍ വിട്ടുവീഴ്ച ചെയ്തുള്ള നിര്‍ദേശങ്ങളാണ് മുന്നോട്ടുവച്ചതെന്ന് തൊഴില്‍ മന്ത്രി വി ശിവന്‍കുട്ടി പ്രതികരിച്ചു. 

പണം കൊടുത്ത് വിപ്ളവകാരികളെ വിലക്കെടുക്കാൻ സി പി എം.

മുഴുവന്‍സമയ പാര്‍ട്ടിപ്രവര്‍ത്തനത്തിനായി ആകര്‍ഷകമായ പ്രതിഫലം നല്‍കി ‘പ്രഫഷനല്‍ വിപ്ലവകാരി’കളെ സിപിഎം റിക്രൂട്ട് ചെയ്യാന്‍ തയ്യാറെക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. പല സംസ്ഥാനങ്ങളിലും മുഴുവന്‍സമയ പ്രവര്‍ത്തകര്‍ കൊഴിഞ്ഞുപോകുന്നെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണു മധുര പാര്‍ട്ടി കോണ്‍ഗ്രസ് ഈ തീരുമാനമെടുത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ഫെഡറല്‍ സംവിധാനത്തെ ഉയര്‍ത്തിപ്പിടിക്കുന്ന വിധിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

തമിഴ്നാട് ഗവര്‍ണര്‍ ബില്ലുകള്‍ അനിശ്ചിതമായി തടഞ്ഞുവച്ച വിഷയത്തില്‍ സുപ്രീംകോടതി പുറപ്പെടുവിച്ച വിധി ഫെഡറല്‍ സംവിധാനത്തെ ഉയര്‍ത്തിപ്പിടിക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗവര്‍ണര്‍മാര്‍ മന്ത്രിസഭയുടെ ഉപദേശത്തിനനുസരിച്ചാണ് പ്രവര്‍ത്തിക്കേണ്ടതെന്ന് നേരത്തെ തന്നെ സുപ്രീംകോടതി പലവട്ടം വ്യക്തമാക്കിയതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ബൈക്കിൽ വച്ച് ഉത്തരപേപ്പർ നഷ്ടപ്പെടുത്തിയ അദ്ധ്യാപകനെ പിരിച്ചുവിടും.

കേരള സര്‍വകലാശാലയിലെ എംബിഎ ഉത്തരക്കടലാസുകള്‍ നഷ്ടപ്പെട്ട സംഭവത്തില്‍ കുറ്റക്കാരനായ അധ്യാപകനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടേക്കും. ഇക്കാര്യത്തില്‍ വിസിയാണ് അന്തിമ തീരുമാനമെടുക്കേണ്ടത്. ബൈക്കില്‍ ഉത്തരക്കടലാസ് പാലക്കാടേക്ക് കൊണ്ടുപോയത് വീഴ്ചയെന്നാണ് അന്വേഷണ സമിതി റിപ്പോര്‍ട്ട്. പൂജപ്പുര ഐസിഎം കോളേജിലെ ഗസ്റ്റ് ലക്ചററാണ് അധ്യാപകന്‍. പുനഃപരീക്ഷയ്ക്ക് വേണ്ടിവന്ന ചെലവ് ഈ കോളജില്‍ നിന്ന് ഈടാക്കാനും തീരുമാനമുണ്ട്.

പാർട്ടിക്ക് ബാങ്ക് ഇടപാടുകൾ ഇല്ലെന്ന് കെ. രാധാകൃഷ്ണന്‍ എംപി.

കരുവന്നൂര്‍ കേസുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്ക് ബാങ്കുമായി ഇടപാടുകളില്ലെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് ബോധ്യമായതായി കെ. രാധാകൃഷ്ണന്‍ എംപി. ചോദ്യംചെയ്യലിന് ശേഷം കൊച്ചിയില്‍ ഇഡി ഓഫീസിനുമുന്നില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എംപി. 

പ്രാദേശിക പ്രതിരോധ പദ്ധതി തയ്യാറാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 

പകര്‍ച്ചവ്യാധി പ്രതിരോധത്തിന് തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ച് പ്രാദേശിക പ്രതിരോധ പദ്ധതി തയ്യാറാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഓരോ തദ്ദേശ സ്ഥാപന തലത്തിലും പദ്ധതി തയ്യാറാക്കും. മുന്‍ വര്‍ഷങ്ങളിലെ പകര്‍ച്ചവ്യാധികളുടെ കണക്കുകള്‍ പരിശോധിച്ച് ഹോട്ട് സ്‌പോട്ടുകള്‍ കണ്ടെത്തി വിശകലനം നടത്തി പ്രതിരോധം ശക്തമാക്കും എന്നും മന്ത്രി പറഞ്ഞു.

102.62 കോടി രൂപകൂടി ധനവകുപ്പ് അനുവദിച്ചു. 

കെ എസ് ആര്‍ ടി സിക്ക് സര്‍ക്കാര്‍ സഹായമായി 102.62 കോടി രൂപകൂടി ധനവകുപ്പ് അനുവദിച്ചു. പെന്‍ഷന്‍ വിതരണത്തിനായാണ് 72.62 കോടി രൂപ. മറ്റു കാര്യങ്ങള്‍ക്കുള്ള സാമ്പത്തിക സഹായമായാണ് 30 കോടി രൂപ അനുവദിച്ചത്.

കെ. സുരേന്ദ്രന്റെ പ്രസ്ഥാവനയ്ക്ക് മറുപടിയുമായി മുസ്ലിം യൂത്ത് ലീഗ്.

ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ പ്രസ്ഥാവനയ്ക്ക് മറുപടിയുമായി മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്. നോമ്പുകാലത്ത് മലപ്പുറം ജില്ലയില്‍ എത്തുന്നവര്‍ക്ക് ഒരു തുള്ളി വെള്ളം കിട്ടില്ല എന്ന സുരേന്ദ്രന്റെ ആരോപണം ശരിയാണോ തെറ്റാണോ എന്ന് സ്വയം മനസിലാക്കണമെന്നും ഫിറോസ് പറഞ്ഞു.

തെറ്റായ പ്രചരണങ്ങള്‍ കുറ്റകരമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.

വീട്ടിലെ പ്രസവത്തെപ്പറ്റി സമൂഹ മാധ്യമങ്ങളിലൂടെയുള്ള തെറ്റായ പ്രചരണങ്ങള്‍ കുറ്റകരമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അശാസ്ത്രീയ മാര്‍ഗങ്ങളിലൂടെയുള്ള പ്രസവം അമ്മയുടേയും കുഞ്ഞിന്റേയും ജീവന് ഭീഷണിയാണെന്നും അതിനാല്‍ പൊതുജനാരോഗ്യ നിയമ പ്രകാരവും ഭാരതീയ ന്യായ സംഹിത വകുപ്പുകള്‍ പ്രകാരവും നടപടി സ്വീകരിക്കുന്നതാണെന്നും മന്ത്രി അറിയിച്ചു.

സമരത്തെ പരിഹസിച്ച് മന്ത്രി കെ ബി ഗണേഷ് കുമാര്‍. 

സുരേഷ് ഗോപിയെ കുറിച്ചുള്ള തൊപ്പി പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് ബിജെപി നടത്തുന്ന സമരത്തെ പരിഹസിച്ച് മന്ത്രി കെ ബി ഗണേഷ് കുമാര്‍. പൊലീസ് തൊപ്പിയെ പറ്റി പറഞ്ഞാല്‍ തൊപ്പിയല്ലേ തനിക്കെതിരെ സമരം ചെയ്യേണ്ടതെന്ന് ഗണേഷ് കുമാര്‍ ചോദിച്ചു. സിനിമാ ഷൂട്ടിങിന് കൊണ്ടുവന്ന ഒരു തൊപ്പിയെ പറ്റിയാണ് താന്‍ തമാശ പറഞ്ഞത്. 

വെള്ളാപ്പള്ളി നടേശന്റെ വിവാദപ്രസംഗം അവഗണിച്ചു തള്ളേണ്ടതെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബി.

എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വിവാദപ്രസംഗം അവഗണിച്ചു തള്ളേണ്ടതെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബി. സംസ്ഥാനത്ത് ഇടതുമുന്നണിക്ക് തുടര്‍ ഭരണം കിട്ടുമോ എന്നതില്‍ തദ്ദേശ തെരഞ്ഞെടുപ്പോടെ വ്യക്തത വരുമെന്നും ബിജെപിയെ താഴെ ഇറക്കാന്‍ എവിടെയൊക്കെ കോണ്‍ഗ്രസുമായി സഹകരിക്കണോ അവിടെയൊക്കെ അത് ചെയ്യുമെന്നും എംഎ ബേബി പ്രതികരിച്ചു. 

വെള്ളാപ്പള്ളി നടേശനെ ന്യായീകരിച്ച് മന്ത്രി സജി ചെറിയാന്‍.

എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ന്യായീകരിച്ച് മന്ത്രി സജി ചെറിയാന്‍. വെള്ളാപ്പള്ളിയെ ജനങ്ങള്‍ക്കറിയാമെന്നും മലപ്പുറത്തിനെതിരെയുള്ള അദ്ദേഹത്തിന്റെ പ്രസ്താവനയെ മറ്റൊരു രീതിയില്‍ കാണേണ്ടെന്നും മന്ത്രി പറഞ്ഞു.

പി ജയരാജനെ വാഴ്ത്തിയുള്ള ഫ്ലെക്സ് ബോര്‍ഡുകള്‍ തള്ളി എം വി ജയരാജന്‍ . 

പി ജയരാജനെ വാഴ്ത്തിയുള്ള ഫ്ലെക്സ് ബോര്‍ഡുകള്‍ തള്ളി എം വി ജയരാജന്‍ . വ്യക്തിയല്ല പാര്‍ട്ടിയാണ് വലുതെന്നും പാര്‍ട്ടിയെക്കാള്‍ വലുതായി പാര്‍ട്ടിയില്‍ ആരും ഇല്ലെന്ന് ഇഎംഎസ് തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പി.ജയരാജനെ വാഴ്ത്തി കണ്ണൂരിലെ സിപിഎം ശക്തികേന്ദ്രങ്ങളിലാണ് ഫ്ലക്സ് ബോര്‍ഡ് വച്ചത്.

അതിഥി തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസം ഉറപ്പു വരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 

അതിഥി തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസം ഉറപ്പു വരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഴുവന്‍ കുട്ടികളുടേയും സ്‌കൂള്‍ പ്രവേശനം ഉറപ്പാക്കാന്‍ പ്രത്യേക ക്യാമ്പയിന്‍ നടത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അതിഥി തൊഴിലാളികളുടെ കുട്ടികള്‍ വിദ്യാഭ്യാസ രംഗത്ത് പുറകോട്ട് പോകുന്നത് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യോഗത്തിലാണ് തിരുമാനം.

പെണ്‍കുട്ടികള്‍ മുഴുവന്‍ റോഡിലൂടെ ഫോണ്‍ വിളിച്ച് നടക്കുകയാണെന്ന് നടന്‍ സലിംകുമാര്‍. 

പെണ്‍കുട്ടികള്‍ മുഴുവന്‍ റോഡിലൂടെ ഫോണ്‍ വിളിച്ച് നടക്കുകയാണെന്ന് നടന്‍ സലിംകുമാര്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പോലും ഇത്രയും ഫോണ്‍ കോള്‍ ഉണ്ടാകില്ലെന്നും ഇവരൊന്നും ശ്രദ്ധിക്കുന്നില്ലെന്നും ഇവര്‍ക്കൊക്കെ കേരളത്തോട് പരമപുച്ഛമാണെന്നും ഇവരെ സംസ്‌കാരം പഠിപ്പിക്കണമെന്നും സലിംകുമാര്‍ പറഞ്ഞു.

പട്രോളിങ്ങിനിടെ വാഹനത്തിലിരുന്ന് മദ്യപിച്ച കൊല്ലം പത്തനാപുരത്തെ പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍. 

രാത്രി പട്രോളിങ്ങിനിടെ വാഹനത്തിലിരുന്ന് മദ്യപിച്ച കൊല്ലം പത്തനാപുരത്തെ പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍. പൊലീസ് കണ്‍ട്രോള്‍ റൂം ഗ്രേഡ് എസ്.ഐ. സുമേഷ് ലാല്‍, ഡ്രൈവര്‍ സി. മഹേഷ് എന്നിവര്‍ക്കെതിരെയാണ് നടപടി. വകുപ്പതല അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ റൂറല്‍ എസ്പി സാമു മാത്യുവാണ് പൊലീസുകാര്‍ക്കെതിരെ നടപടിയെടുത്തത്. 

ഒഴുക്കില്‍പ്പെട്ട് 12 വയസുകാരന്‍ മരിച്ചു. 

ഗായത്രിപ്പുഴയില്‍ ചീരക്കുഴി റെഗുലേറ്ററിനു താഴെ ഒഴുക്കില്‍പ്പെട്ട് 12 വയസുകാരന്‍ മരിച്ചു. പാലക്കാട് പുതുശ്ശേരി സ്വദേശി മനോജിന്റെയും ജയശ്രീയുടെയും മകന്‍ വിശ്വജിത്ത് ആണ് മരിച്ചത്. ഒഴുക്കില്‍പെട്ട രണ്ട് സുഹൃത്തുക്കളെ രക്ഷിച്ച് പുഴയിലുണ്ടായിരുന്ന പാറയോടടുപ്പിച്ച ശേഷമാണ് വിശ്വജിത്ത് ഒഴിക്കില്‍പ്പെട്ടത്.

ബ്രഹ്‌മകുമാരീസ് ഈശ്വരീയ വിശ്വവിദ്യാലയ അധ്യക്ഷ രാജയോഗിണി ദാദി രത്തന്‍മോഹിനി അന്തരിച്ചു.

പ്രജാപിത ബ്രഹ്‌മകുമാരീസ് ഈശ്വരീയ വിശ്വവിദ്യാലയ അധ്യക്ഷ രാജയോഗിണി ദാദി രത്തന്‍മോഹിനി(101) അന്തരിച്ചു. അഹമ്മദാബാദിലെ ആശുപത്രിയില്‍ ഇന്നലെയായിരുന്നു അന്ത്യം. നാളെയാണ് സംസ്‌കാരച്ചടങ്ങുകള്‍. വിജ്ഞാനത്തിന്റെയും അനുകമ്പയുടെയും പ്രകാശഗോപുരമായിരുന്ന ദാദി രത്തന്‍മോഹിനിയുടെ ജീവിതം എക്കാലവും ഓര്‍മ്മിക്കപ്പെടുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി എക്സില്‍ കുറിച്ചു.

ബൈജു രവീന്ദ്രന്‍ പോലീസില്‍ പരാതി നല്‍കി.

എഡ്ടെക് കമ്പനിയായ ബൈജൂസിന്റെ വായ്പാദാതാവായ ഗ്ലാസ് ട്രസ്റ്റ്, കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ ഇവൈ, മുന്‍ റെസല്യൂഷന്‍ പ്രൊഫഷണലായ പങ്കജ് ശ്രീവാസ്തവ എന്നിവര്‍ നടത്തിയ ഗൂഢാലോചനയെയും വഞ്ചനയെയും കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ടാണ് ബൈജൂസിന്റെ സിഇഒയും സഹസ്ഥാപകനുമായ ബൈജു രവീന്ദ്രന്‍ പോലീസില്‍ പരാതി നല്‍കി.

വഖഫ് ഭേദഗതി നിയമം പ്രാബല്യത്തില്‍. 

പാര്‍ലമെന്റിന്റെ ഇരു സഭകളിലും പാസാക്കിയ, രാഷ്ട്രപതി ഒപ്പുവച്ച വഖഫ് ഭേദഗതി നിയമം പ്രാബല്യത്തില്‍. ഇന്നലെ മുതല്‍ നിയമം പ്രാബല്യത്തില്‍ വരുത്തിക്കൊണ്ട് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കി. അതേസമയം വഖഫ് നിയമ ഭേദഗതിക്കെതിരായ ഹര്‍ജികളില്‍ സുപ്രീം കോടതി ഉടന്‍ വാദം കേള്‍ക്കില്ല.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ലക്നൗ സൂപ്പര്‍ ജയന്റ്സിന് 4 റണ്‍സിന്റെ വിജയം.

ഐപിഎല്ലില്‍ ഇന്നലെ നടന്ന ത്രില്ലര്‍ പോരാട്ടത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ലക്നൗ സൂപ്പര്‍ ജയന്റ്സിന് 4 റണ്‍സിന്റെ വിജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ലക്നൗ 36 പന്തില്‍ 87 റണ്‍സെടുത്ത നിക്കോളാസ് പുരാന്റേയും 81 റണ്‍സെടുത്ത മിച്ചല്‍ മാര്‍ഷിന്റേയും 47 റണ്‍സെടുത്ത എയ്ഡന്‍ മാര്‍ക്കത്തിന്റേയും കരുത്തില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 238 റണ്‍സെടുത്തു. 

ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ പഞ്ചാബ് കിംഗ്സിന് 18 റണ്‍സിന്റെ വിജയം.

ഐപിഎല്ലില്‍ ഇന്നലെ നടന്ന മറ്റൊരു ത്രില്ലര്‍ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ പഞ്ചാബ് കിംഗ്സിന് 18 റണ്‍സിന്റെ വിജയം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത പഞ്ചാബ് കിങ്സ് 42 പന്തില്‍ 103 റണ്‍സെടുത്ത പ്രിയാന്‍ഷ് ആര്യയുടെ വെടിക്കെട്ട് ബാറ്റിങ് മികവില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 219 റണ്‍സെടുത്തു. എന്നാല്‍ കൂറ്റന്‍ വിജയലക്ഷ്യവുമായി ഇറങ്ങിയ ചെന്നൈയ്ക്ക് നിശ്ചിത 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സ് നേടാനെ സാധിച്ചുള്ളൂ. 

Tags

Related News (48)


Leave a Comment

Your email address will not be published.