പ്രത്യുല്‍പാദന പ്രവര്‍ത്തനത്തിനും വിറ്റാമിന്‍ ഡി

Photo 1 month ago

banner

2025 May 27 ചൊവ്വാഴ്ച

by Kuriakose Niranam 

ശാരീരിക പ്രവർത്തനങ്ങൾക്ക് പ്രധാനപ്പെട്ട പോഷകമാണ് വിറ്റാമിന്‍ ഡി. ഇത് പ്രത്യുല്‍പാദന ആരോഗ്യത്തില്‍ വളരെ ആഴത്തിലുള്ള പങ്കാണ് വഹിക്കുന്നത്. എല്ലുകളുടെ ആരോഗ്യത്തിന് മാത്രമല്ല പ്രത്യുല്‍പാദന പ്രവര്‍ത്തനത്തിനും വിറ്റാമിന്‍ ഡി ഒരുപോലെ പ്രധാനമാണ്. വിറ്റാമിന്‍ ഡിയുടെ കുറവ് ഹോര്‍മോണ്‍ സന്തുലിതാവസ്ഥ, അണ്ഡം, ബീജം എന്നിവയുടെ ഉത്പാദനം, ഭ്രൂണത്തിന്റെ ഗുണനിലവാരം, ഇംപ്ലാന്റേഷനെ പിന്തുണയ്ക്കാനുള്ള ഗര്‍ഭാശയത്തിന്റെ കഴിവ് എന്നിവയെയും തടസ്സപ്പെടുത്താം. ഇന്ത്യന്‍ സ്ത്രീകളില്‍ 64 ശതമാനം പേര്‍ക്കും വിറ്റാമിന്‍ ഡി കുറവുണ്ടെന്ന് ഇന്റര്‍നാഷണല്‍ ജേണല്‍ ഓഫ് റീപ്രൊഡക്ഷന്‍, കണ്‍ട്രെസെപ്ഷന്‍, ഒബ്സ്റ്റട്രിക്‌സ് ആന്‍ഡ് ഗൈനക്കോളജിയില്‍ പ്രസിദ്ധീകരിച്ച പഠനതതില്‍ അടുത്തിടെ കണ്ടെത്തി. പിസിഒഎസ് ഉള്ള സ്ത്രീകളില്‍ ഇത് പ്രത്യേകിച്ച് കാണപ്പെടുന്നു. കാരണം ഇത് ക്രമരഹിതമായ ആര്‍ത്തവത്തിനും ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയുമായും ബന്ധപ്പെട്ടിരിക്കുന്നു. വിറ്റാമിന്‍ ഡി സപ്ലിമെന്റേഷന്‍ ഇന്‍സുലിന്‍ പ്രതിരോധം മെച്ചപ്പെടുത്താനും, ആര്‍ത്തവത്തെ നിയന്ത്രിക്കാനും, അണ്ഡവിസര്‍ജ്ജനത്തെ പിന്തുണയ്ക്കാനും, ഗര്‍ഭം അലസല്‍ സാധ്യത കുറയ്ക്കാനും സഹായിക്കുമെന്ന് വിവിധ പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. പുരുഷന്മാരില്‍, വിറ്റാമിന്‍ ഡിയുടെ കുറഞ്ഞ അളവ് ബീജ ചലനശേഷി കുറയ്ക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നതായും ഗവേഷകര്‍ പറയുന്നു. ഗര്‍ഭകാലത്തെ വിറ്റാമിന്‍ ഡിയുടെ കുറവ് രക്താതിമര്‍ദ്ദം, മാസം തികയാതെയുള്ള പ്രസവം, കുഞ്ഞിന് ഭാരം കുറയുക തുടങ്ങിയ സങ്കീര്‍ണതകളുമായി ബന്ധപ്പെട്ടിരിക്കുന്നു. കൂടാതെ ടൈപ്പ് ഒന്ന് അല്ലെങ്കില്‍ രണ്ട് പ്രമേഹം, ആസ്ത്മ, അല്ലെങ്കില്‍ ഓട്ടിസം, സ്‌കീസോഫ്രീനിയ പോലുള്ള നാഡീ വികസന വൈകല്യങ്ങള്‍ പോലുള്ള അവസ്ഥകളിലേക്ക് കുട്ടിയെ നയിക്കാനുള്ള സാധ്യത കൂടുതലാണ്. മുതിര്‍ന്നവരില്‍ ഏകദേശം 80 ശതമാനം പേര്‍ക്കും വിറ്റാമിന്‍ ഡിയുടെ അളവ് കുറവ് പ്രത്യുല്‍പാദനക്ഷമതയെ ബാധിക്കും.


Leave a Comment

Your email address will not be published.