അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വെല്ലുവിളി നേരിടാന്‍ ഉറച്ച് ഇന്ത്യ
Photo 3 months ago
2025 Aug 9 ശനിയാഴ്ച
by Kuriakose Niranam
ഇന്ത്യക്കെതിരെ 50 ശതമാനം തീരുവ ഏര്‍പ്പെടുത്തിയുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വെല്ലുവിളി നേരിടാന്‍ ഉറച്ച് ഇന്ത്യയുടെ നീക്കം. അമേരിക്കന്‍ ഭീഷണിക്ക് മുന്നില്‍ വലിയ വിട്ടുവീഴ്ച ചെയ്യേണ്ടതില്ലെന്ന നിലപാടിലാണ് ഇന്ത്യ എത്തിച്ചേര്‍ന്നിരിക്കുന്നത്. മറ്റേതെങ്കിലും രാജ്യവും അമേരിക്കയുമായുള്ള വ്യാപാര ബന്ധവും കൂട്ടിക്കുഴയ്ക്കേണ്ട കാര്യം ട്രംപിനില്ലെന്നും അതുകൊണ്ടുതന്നെ അമേരിക്കയുടെ ഭീഷണിക്ക് മുന്നില്‍ വലിയ വിട്ടുവീഴ്ചക്ക് ഇന്ത്യ തയ്യാറാകില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. ഇതിന്റെ ഭാഗമായി പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്റെ അമേരിക്കന്‍ സന്ദര്‍ശനം ഇന്ത്യ റദ്ദാക്കി.
കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരേ പരോക്ഷ പരിഹാസവുമായി ഓര്‍ത്തഡോക്‌സ് സഭാ തൃശ്ശൂര്‍ ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ മിലിത്തിയോസ്
മതപരിവര്‍ത്തനവും മനുഷ്യക്കടത്തും ആരോപിക്കപ്പെട്ട് ഛത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രീകള്‍ അറസ്റ്റിലായ സംഭവത്തിലും അതിനുശേഷം ഒഡിഷയിലും ബിഹാറിലുമടക്കം കന്യാസ്ത്രീകള്‍ക്കും വൈദികര്‍ക്കുനേരെ അതിക്രമം ഉണ്ടായ സംഭവങ്ങളിലുമടക്കം പ്രതികരിക്കാതിരുന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരേ പരോക്ഷ പരിഹാസവുമായി ഓര്‍ത്തഡോക്‌സ് സഭാ തൃശ്ശൂര്‍ ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ മിലിത്തിയോസ് മെത്രാപ്പോലീത്ത. ‘ഞങ്ങള്‍ തൃശൂരുകാര്‍ തിരഞ്ഞെടുത്ത് ഡല്‍ഹിയിലേക്കയച്ച ഒരു നടനെ കാണാനില്ല, പോലീസില്‍ അറിയിക്കണമോ എന്നാശങ്ക’ എന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
ഡോ. ഹാരിസിനെ സംശയനിഴലില്‍ നിര്‍ത്തിയ കണ്ടെത്തലില്‍ വഴിത്തിരിവ്.
ഡോ. ഹാരിസിനെ സംശയനിഴലില്‍ നിര്‍ത്തിയ കണ്ടെത്തലില്‍ വഴിത്തിരിവ്. ബോക്സിലുണ്ടായിരുന്നത് കാണാതായ ഉപകരണത്തിന്റെ ബില്‍ അല്ലെന്നും നെഫ്രോസ്‌കോപ്പ് എന്ന ഉപകരണം പരിശോധിച്ചതിന്റെ ഡെലിവറി ചെലാന്‍ ആയിരുന്നുവെന്നും കൊച്ചിയിലെ സ്ഥാപന ഉടമ വ്യക്തമാക്കി. കാണാതായ ഉപകരണത്തിന് പകരം പുതിയത് വാങ്ങിയതിന്റെ ബില്‍ അല്ലെന്നും കമ്പനി വ്യക്തമാക്കി.
ബ്രഹ്‌മോസ് എയറോസ്പേസ് നിര്‍മ്മാണ സ്ഥാപനം നിലനിര്‍ത്തണം.
തിരുവനന്തപുരത്തെ ബ്രഹ്‌മോസ് എയറോസ്പേസ് നിര്‍മ്മാണ സ്ഥാപനം നിലനിര്‍ത്തണമെന്നാവശ്യപ്പെട്ട് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന് കത്തെഴുതി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരത്തെ ബ്രഹ്‌മോസ് എയറോസ്പേസിനെ മാതൃകമ്പനിയായ ബ്രഹ്‌മോസ് എയറോസ്പേസ് പ്രൈവറ്റ് ലിമിറ്റഡില്‍ നിന്ന് വേര്‍പെടുത്താന്‍ കേന്ദ്ര പ്രതിരോധ മന്ത്രാലയം നടപടികള്‍ ആരംഭിച്ചിരിക്കുന്നുവെന്നുള്ള വിവരം ആശങ്കജനകമാണെന്ന് കത്തില്‍ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ശബരിമല തീർത്ഥാടനം - പൊതുമരാമത്ത് വകുപ്പില്‍ പ്രത്യേക കോര്‍ ടീം രൂപീകരിച്ചു.
ശബരിമല തീര്‍ത്ഥാടനത്തിന് മുന്നോടിയായുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ പൊതുമരാമത്ത് വകുപ്പില്‍ പ്രത്യേക കോര്‍ ടീം രൂപീകരിച്ചതായി മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു. ശബരിമല തീര്‍ത്ഥാടന കാലത്തിന് മുന്നോടിയായുള്ള പ്രവൃത്തി വിലയിരുത്തലിനായി ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഈ തീരുമാനമെടുത്തത്.ഓരോ ജില്ലകളിലും പ്രവൃത്തി വിലയിരുത്തുന്നതിനുള്ള ചുമതല ഓരോ ചീഫ് എഞ്ചിനീയര്‍മാര്‍ക്കായി നല്‍കി.
മന്ത്രി ജിആര്‍ അനിലിന് സിപിഐയില്‍ രൂക്ഷ വിമര്‍ശനം.
വെളിച്ചെണ്ണയുള്‍പ്പെടെയുള്ള സാധനങ്ങളുടെ വിലക്കയറ്റത്തിനെതിരെ മന്ത്രി ജിആര്‍ അനിലിന് സിപിഐയില്‍ രൂക്ഷ വിമര്‍ശനം. വിലക്കയറ്റകാലത്ത് ഭക്ഷ്യവകുപ്പ് നോക്കുകുത്തിയായെന്നും വിലനിയന്ത്രിക്കുന്നതിന് ഇടപെടലുകളുണ്ടായില്ലെന്നുമാണ് വിമര്‍ശനം. തിരുവനന്തപുരം ജില്ലാ സമ്മേളനത്തിലാണ് മന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനമുണ്ടായത്.
പട്ടിക വെട്ടിച്ചുരുക്കാന്‍ കെ പി സി സി നേതൃത്വം.
കെ പി സി സി പുനഃസംഘടനയ്ക്കും ഡി സി സി അധ്യക്ഷന്‍മാരെ മാറ്റുന്നതിനും പട്ടിക വെട്ടിച്ചുരുക്കാന്‍ കെ പി സി സി നേതൃത്വം തീരുമാനിച്ചു. എ ഐ സി സി നിര്‍ദ്ദേശ പ്രകാരം പട്ടിക വെട്ടിച്ചുരുക്കാന്‍ വീണ്ടും ചര്‍ച്ച നടത്താനാണ് തീരുമാനം. കേരളത്തില്‍ പലവട്ടവും ദില്ലിയില്‍ മൂന്നു ദിവസവും നടത്തിയ പുനഃസംഘടനാ ചര്‍ച്ച തീരുമാനമായിരുന്നില്ല. എത്ര ഡി സി സി അധ്യക്ഷന്‍മാരെ മാറ്റണമെന്നതിലും ഇനിയും തീര്‍പ്പായിട്ടില്ല.
ബസുകളുടെ സമയക്രമം മാറ്റാന്‍ നിര്‍ദേശവുമായി കേരളാ ഹൈക്കോടതി.
സ്വകാര്യ ബസുകളുടെ മത്സരയോട്ടവും അപകടങ്ങളും നിത്യസംഭവമായ പശ്ചാത്തലത്തില്‍ ബസുകളുടെ സമയക്രമം മാറ്റാന്‍ നിര്‍ദേശവുമായി കേരളാ ഹൈക്കോടതി. ബസുകളുടെ സമയങ്ങള്‍ തമ്മിലുള്ള ഇടവേള വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതിന് പിന്നാലെയാണ് ഇക്കാര്യത്തില്‍ ഹൈക്കോടതിയും ഇടപെട്ടിരിക്കുന്നത്. നഗരപ്രദേശങ്ങളില്‍ ബസുകള്‍ തമ്മില്‍ അഞ്ച് മിനിറ്റിന്റെയും ഗ്രാമപ്രദേശങ്ങളില്‍ പത്ത് മിനിറ്റിന്റെയും ഇടവേളയാണ് സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്നത്.
ഹൈക്കോടതി വിധിക്കെതിരേ സുപ്രീംകോടതിയെ സമീപിച്ച് ദേശീയപാതാ അതോറിറ്റി.
തൃശൂര്‍ പാലിയേക്കരിയിലെ ടോള്‍പിരിവ് നാലാഴ്ചത്തേക്ക് തടഞ്ഞ കേരള ഹൈക്കോടതിയുടെ വിധിക്കെതിരേ സുപ്രീംകോടതിയെ സമീപിച്ച് ദേശീയപാതാ അതോറിറ്റി ഓഫ് ഇന്ത്യ . ടോള്‍ പിരിക്കുന്നത് തടഞ്ഞുകൊണ്ടുള്ള ഹൈക്കോടതിയുടെ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് എന്‍എച്ച്എഐ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയിരിക്കുന്നത്.
ആരോപണങ്ങള്‍ നിഷേധിച്ച് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍.
നേതാക്കള്‍ ജ്യോത്സ്യന്മാരെ കാണാന്‍ പോകുന്നുവെന്ന് സിപിഎം സംസ്ഥാന സമിതിയില്‍ വിമര്‍ശനം ഉയര്‍ന്നുവെന്ന ആരോപണങ്ങള്‍ നിഷേധിച്ച് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. സംസ്ഥാന സമിതിയില്‍ ഒരു വിമര്‍ശനവും ഉയര്‍ന്നിട്ടില്ലെന്നും സാമൂഹികമാധ്യമങ്ങളില്‍ വന്നതൊന്നും ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
വോട്ടർ പട്ടികയിലെ പിഴവുകൾ തിരുത്തണമെന്ന് ബിജെപി.
വോട്ടര്‍പ്പട്ടികയിലെ ഗുരുതര പിഴവുകള്‍ ഉടന്‍ തിരുത്തണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനോട് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ആന്റണി. ബിജെപി ചൂണ്ടിക്കാട്ടിയ പ്രശ്‌നങ്ങള്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ സ്വമേധയാ പരിഹരിച്ചില്ലെങ്കില്‍, ഹൈക്കോടതിയിലുള്‍പ്പെടെ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും ബിജെപി ജനറല്‍ സെക്രട്ടറി അറിയിച്ചു.
ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്,ഒരാൾ കൂടി അറസ്റ്റിൽ.
യു.കെയില്‍ ജോലി വാഗ്ദാനം ചെയ്ത് തൃശ്ശൂര്‍ എടവിലങ്ങ് സ്വദേശികളായ മൂന്ന് പേരില്‍ നിന്നും 6.5 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. എടവിലങ്ങ് കാര പുതിയ റോഡ് ചള്ളിയില്‍ വീട്ടില്‍ ശ്യാമള (59) യെയാണ് കൊടുങ്ങല്ലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ഇവരുടെ മകള്‍ സായ (29) അറസ്റ്റിലായിരുന്നു.
കസ്റ്റംസ് ഉദ്യോഗസ്ഥനെ പിരിച്ചുവിട്ടു.
സ്വര്‍ണ്ണക്കള്ളക്കടത്തിന് ഒത്താശ ചെയ്തതിന് കസ്റ്റംസ് ഉദ്യോഗസ്ഥനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. തിരുവനന്തപുരം വിമാനത്താവളം വഴിയുളള സ്വര്‍ണക്കളളക്കടത്തിന് ഒത്താശ ചെയ്തതിനാണ് നടപടി. കസ്റ്റംസ് ഇന്‍സ്പെക്ടര്‍ കെഎ അനീഷിനെതിരെയാണ് കൊച്ചി കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണറുടെ നടപടി.
വയോധികയുടെ മരണം കൊലപാതകം -മകനെ അറസ്റ്റ് ചെയ്തു.
പേരാമ്പ്രയിലെ വയോധികയുടെ മരണം കൊലപാതകമെന്ന് പൊലീസ്. സംഭവത്തില്‍ മകനെ പൊലീസ് അറസ്റ്റ് ചെയ്തു. തൈപറമ്പില്‍ പത്മാവതി (71)യുടെ മരണത്തിലാണ് മകന്‍ ലിനീഷ് അറസ്റ്റിലായത്. കഴിഞ്ഞ ചൊവ്വഴ്ചയാണ് സംഭവം. പത്മാവതിയെ വീട്ടു മുറ്റത്തു അവശ നിലയില്‍ കണ്ടെത്തുകയായിരുന്നു. പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മകന്‍ ലിനീഷ് മര്‍ദിച്ചു കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തിയത്.
കൊല്ലം തെക്കുംഭാഗത്ത് മൂന്നാം ക്ലാസുകാരന് രണ്ടാനച്ഛന്റെ ക്രൂരപീഡനം. എട്ടുവയസുള്ള കുട്ടിയെ രണ്ടാനച്ഛന്‍ അയണ്‍ബോക്സ് ചൂടാക്കി കാലില്‍ പൊള്ളിച്ചു. കുട്ടി വികൃതി കാട്ടിയതിനാണ് പൊള്ളിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. രണ്ടാനച്ഛനെ പൊലീസ് അറസ്റ്റ് ചെയ്തു.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസില്‍ യുവാവിന് എട്ട് വര്‍ഷം തടവും പിഴയും ശിക്ഷ. കൊടുങ്ങല്ലൂര്‍ അഴിക്കോട് സുനാമി കോളനി സ്വദേശി സിജിലിനെ(23)യാണ് തൃശൂര്‍ ഫാസ്റ്റ് ട്രാക്ക് സ്‌പെഷല്‍ കോടതി ജഡ്ജ് ജയപ്രഭു ശിക്ഷിച്ചത്. 2021 ജനുവരി മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
നാലാം ക്ലാസ് വിദ്യാര്‍ഥിനിയെ ക്രൂരമായി മര്‍ദ്ദിച്ച കേസിലെ പിതാവിനെയും രണ്ടാനമ്മയയെയും ചെങ്ങന്നൂര്‍ ഡിവൈഎസ്പി എം.കെ. ബിനുകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടി. ആലപ്പുഴ ആദിക്കാട്ടുകുളങ്ങര കഞ്ചുകോട് പൂവണ്ണംതടത്തില്‍ അന്‍സാര്‍, രണ്ടാം ഭാര്യ ഷെഫിന എന്നിവരാണ് പിടിയിലായത്. അന്‍സാറിനെ പത്തംതിട്ട ജില്ലയിലെ കടമാന്‍കുളത്തുനിന്നും ഷെഫീനയെ കൊല്ലം ജില്ലയിലെ ചക്കുവള്ളിയില്‍ നിന്നുമാണ് പിടികൂടിയത്.
ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ സ്ത്രീയടക്കം മൂന്ന് പേരെ പൊലീസ് പിടികൂടി. തെലങ്കാനയിലെ കരിംനഗര്‍ സ്വദേശിയായ സമ്പത്തിനെ കൊലപ്പെടുത്തിയ കേസിലാണ് ഭാര്യ രമാദേവി, കാമുകന്‍ കെ രാജയ്യ, ഇയാളുടെ സുഹൃത്ത് ശ്രീനിവാസ് എന്നിവരെ പൊലീസ് പിടികൂടിയത്. യൂട്യൂബിലെ വീഡിയോ മാതൃകയാക്കി വിഷം ചെവിയിലൂടെ ഒഴിച്ചുകൊടുത്താണ് പ്രതികള്‍ സമ്പത്തിനെ വധിച്ചത്.
ബീഹാറിലെ പട്നയിലെ സീതാമര്‍ഹിയിലെ പുനൗര ധാമില്‍ മാതാ സീതാ ക്ഷേത്രത്തിന് തറക്കല്ലിട്ടു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും മുഖ്യമന്ത്രി നിതീഷ് കുമാറും ചേര്‍ന്നാണ് ഒരു ലക്ഷത്തിലധികം ആളുകളുടെയും സന്യാസിമാരുടെയും സാന്നിധ്യത്തില്‍ തറക്കല്ലിട്ടത്. അയല്‍രാജ്യമായ നേപ്പാളിലെ ജനക്പൂരില്‍ നിന്നുള്ളവരെയും ചടങ്ങില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചിരുന്നു. ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ക്ഷേത്രത്തിന് തറക്കല്ലിട്ടത്. 67 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന വിശാലമായ നടപ്പാതകളും വിശാലമായ പൂന്തോട്ടവും ഉള്‍പ്പെടുന്ന ക്ഷേത്രത്തിന്റെ നിര്‍മാണത്തിനായി സംസ്ഥാന സര്‍ക്കാര്‍ 882 കോടിയിലധികം രൂപ അനുവദിച്ചിട്ടുണ്ട്.
പ്രധാനമന്ത്രി ഉജ്ജ്വല യോജന ഉപഭോക്താക്കള്‍ക്കുള്ള 300 രൂപ സബ്‌സിഡി തുടരാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ അംഗീകാരം നല്‍കി. കേന്ദ്ര സര്‍ക്കാരിന്റെ ഔദ്യോഗിക വിജ്ഞാപനം പ്രകാരം, 2025-26 വര്‍ഷത്തേക്ക് പിഎംയുവൈ ഗുണഭോക്താക്കള്‍ക്ക് 14.2 കിലോഗ്രാം സിലിണ്ടറിനാണ് 300 രൂപ സബ്‌സിഡി നല്‍കുക.
ആഗോള വ്യാപാര സംഘര്‍ഷങ്ങള്‍ക്കിടെ ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് 25 ശതമാനം അധിക തീരുവ ചുമത്താനുള്ള യുഎസ് തീരുമാനത്തില്‍ പ്രതികരണവുമായി കേന്ദ്ര വാണിജ്യമന്ത്രി പിയൂഷ് ഗോയല്‍. ഇന്ത്യ ആര്‍ക്ക് മുന്നിലും മുട്ടുകുത്തില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യ ടുഡെ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇന്ത്യയ്ക്ക് അധിക തീരുവ ഏര്‍പ്പെടുത്തിയുള്ള നടപടിക്കിടെ റഷ്യന്‍ പ്രസിഡന്റ് പുടിനുമായി ഫോണില്‍ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. യുക്രെയ്നുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഇരു നേതാക്കളും തമ്മില്‍ ചര്‍ച്ച ചെയ്തു. യുക്രെയിനിലെ പുതിയ സംഭവവികാസങ്ങള്‍ തന്നെ പുടിന്‍ അറിയിച്ചെന്ന് മോദി എക്സില്‍ കുറിച്ചു. . ഈ വര്‍ഷം അവസാനം പുടിനെ ഇന്ത്യയിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്നും മോദി എക്സില്‍ കുറിച്ചു.
പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധിയുടെ ആരോപണങ്ങള്‍ക്ക് വീണ്ടും മറുപടിയുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍. പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കി ഇറക്കുന്നത് പോലെയാണ് രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങളെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസ്താവനയില്‍ അറിയിച്ചു. മൂന്ന് സംസ്ഥാനങ്ങളില്‍ വോട്ടര്‍പട്ടികയില്‍ പേരുള്ള ആദിത്യ ശ്രീവാസ്തവയുടെ പേര് മാസങ്ങള്‍ക്ക് മുമ്പ്
തിരുത്തിയതാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. തെളിവുകള്‍ ശരിയെങ്കില്‍ പ്രതിജ്ഞാപത്രത്തില്‍ ഒപ്പിട്ട് രേഖാമൂലം പരാതി നല്‍കാന്‍ രാഹുല്‍ തയ്യാറാകണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവര്‍ത്തിച്ചു.
ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി ഉയര്‍ത്തിയ കള്ളവോട്ട് ആരോപണത്തില്‍ തിരഞ്ഞെടുപ്പ് കമ്മിഷന് ഔദ്യോഗികമായി പരാതി നല്‍കി കോണ്‍ഗ്രസ്. കര്‍ണാടക പിസിസി അധ്യക്ഷനും ഉപമുഖ്യമന്ത്രിയുമായ ഡി.കെ. ശിവകുമാറാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പരാതി നല്‍കിയത്. അതേസമയം, ആരോപണം സംബന്ധിച്ച സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ട കര്‍ണാടക മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ കള്ളവോട്ട് ആരോപണമുന്നയിച്ച് കോണ്‍ഗ്രസ് നല്‍കിയ പരാതിയില്‍ തെളിവുകള്‍ ഹാജരാക്കിയാല്‍ മാത്രമേ നടപടി സ്വീകരിക്കാന്‍ കഴിയുകയുള്ളൂവെന്ന് വ്യക്തമാക്കി.
ബിഹാറിലെ വോട്ടര്‍പ്പട്ടിക പുനഃപരിശോധിക്കുന്നത് ബിജെപി ഇതര വോട്ടര്‍മാരുടെ വോട്ടവകാശം നിഷേധിക്കാനാണെന്ന പ്രതിപക്ഷ ആരോപണത്തിനെതിരേ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. തിരഞ്ഞെടുപ്പിന് മുന്‍പുതന്നെ തോല്‍വിക്ക് കാരണം കണ്ടെത്തുകയാണ് രാഹുല്‍ ഗാന്ധിയെന്ന് അമിത് ഷാ പരിഹസിച്ചു. ബിഹാറിലെ സീതാമര്‍ഹിയില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉഭയസമ്മതപ്രകാരം ലൈംഗിക ബന്ധത്തിനുള്ള പ്രായപരിധി 16 ആക്കി കുറയ്ക്കുന്നതിനെ എതിര്‍ത്ത് കേന്ദ്രം. വിഷയത്തില്‍ സുപ്രീം കോടതിയില്‍ ശക്തമായി വാദിച്ച കേന്ദ്രം, കേസുകളുടെ സ്വഭാവം അനുസരിച്ച് ഇക്കാര്യത്തില്‍ കോടതിക്ക് സ്വതന്ത്ര നിലപാട് എടുക്കാവുന്നതാണെന്ന് വ്യക്തമാക്കി.ഈ നീക്കം കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നവര്‍ക്ക് കൂടുതല്‍ ഇളവ് നല്‍കുന്നതാവുമെന്നും കേന്ദ്രം കൂട്ടിച്ചേര്‍ത്തു.
ഈ മാസം അവസാനം ചൈന സന്ദര്‍ശിക്കാനിരിക്കുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വാഗതം ചെയ്ത് ചൈന. ഷാങ്ഹായ് കോഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്റെ ടിയാന്‍ജിന്‍ സമ്മിറ്റിനായാണ് പ്രധാനമന്ത്രി ചൈനയിലേക്ക് പോകുന്നത്. അതിനിടെ ഇന്ത്യക്ക് മേല്‍ അധിക തീരുവ ചുമത്തിയ അമേരിക്കന്‍ പ്രസിഡന്റിന്റെ നടപടിയെ എതിര്‍ക്കുന്നതായി വ്യക്തമാക്കിയ ചൈന, അമേരിക്കയുടെ താരിഫ് അതിക്രമം അനുവദിക്കാനാകില്ലെന്നും വ്യക്തമാക്കി.
സമീപകാലത്തുണ്ടായ ആഗോള സംഘര്‍ഷങ്ങളില്‍ നിന്നും ഓപ്പറേഷന്‍ സിന്ദൂറിന്റെ വിജയത്തില്‍ നിന്നും പാഠം ഉള്‍ക്കൊണ്ട് വ്യോമപ്രതിരോധ സംവിധാനം ശക്തിപ്പെടുത്താന്‍ ഇന്ത്യന്‍ സൈന്യം തീരുമാനിച്ചു. ഡ്രോണ്‍ ഉപയോഗിച്ചുള്ള ആക്രമണം തടയുന്നതിനുള്ള വ്യോമപ്രതിരോധ റഡാര്‍ വാങ്ങുന്നതിനുള്ള റിക്വസ്റ്റ് ഫോര്‍ ഇന്‍ഫര്‍മേഷന്‍ പ്രതിരോധ മന്ത്രാലയം പുറപ്പെടുവിച്ചു. ഫൈറ്റര്‍ ജെറ്റ്, ഹെലികോപ്റ്റര്‍, ചെറു ഡ്രോണുകള്‍ എന്നിവയില്‍ നിന്നുള്ള ശക്തമായ പ്രതിരോധത്തിനാണ് ശ്രമം.
പാകിസ്ഥാനിലും ബംഗ്ലാദേശിലും ഹിന്ദുക്കള്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷ വിഭാഗങ്ങള്‍ നേരിട്ട അതിക്രമങ്ങളുടെ കണക്കുമായി ഇന്ത്യ. വിദേശകാര്യ സഹമന്ത്രി കീര്‍ത്തി വര്‍ധന്‍ സിങ് പാര്‍ലമെന്റില്‍ കണക്ക് വെളിപ്പെടുത്തി. 2021 ന് ശേഷം ന്യൂനപക്ഷങ്ങള്‍ക്കെതിരായ രൂക്ഷമായ അക്രമങ്ങളുമായി ബന്ധപ്പെട്ട് കുറഞ്ഞത് 334 സംഭവങ്ങള്‍ ഇന്ത്യ പാകിസ്ഥാനെ അറിയിച്ചിട്ടുണ്ട്. അതേസമയം 3582 സംഭവങ്ങള്‍ ബംഗ്ലാദേശിന്റെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
അമേരിക്കയില്‍ കൊവിഡ് വ്യാപിക്കുന്നതായി റിപ്പോര്‍ട്ട്. സെന്റേര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ റിപ്പോര്‍ട്ട് ഉദ്ധരിച്ച് ദേശീയ അന്തര്‍ദേശീയ മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നു. രോഗബാധയേറ്റ് ആശുപത്രിയില്‍ എത്തുന്നവരില്‍ എല്ലാ പ്രായക്കാരുമുണ്ട്. അമേരിക്കയിലിപ്പോള്‍ വേനല്‍ക്കാലമാണ്. ഇതിനിടയിലാണ് രോഗബാധ.
യുഎസില്‍നിന്ന് ആയുധങ്ങളും വിമാനങ്ങളും വാങ്ങുന്നത് ഇന്ത്യ നിര്‍ത്തിവെയ്ക്കാന്‍ തീരുമാനിച്ചെന്ന തരത്തില്‍ പുറത്തുവന്ന വാര്‍ത്തകള്‍ തള്ളി കേന്ദ്ര പ്രതിരോധ മന്ത്രാലയം. ഇത്തരത്തില്‍ വന്ന വാര്‍ത്തകള്‍ തെറ്റായതും കെട്ടിച്ചമച്ചതുമാണെന്ന് പ്രതിരോധ മന്ത്രാലയത്തെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
യുഎസ് തീരുവ വര്‍ധനവ് കോടതികള്‍ റദ്ദാക്കിയാല്‍ 1929ലെ പോലെ വീണ്ടും ഒരു വലിയ സാമ്പത്തിക മാന്ദ്യമായിരിക്കും ഉണ്ടാവുകയെന്നും വിനാശകരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അതേസമയം ഇറക്കുമതി തീരുവ വര്‍ധനവ് ഓഹരി വിപണിയില്‍ റെക്കോര്‍ഡ് നേട്ടമുണ്ടാക്കിയെന്നും സര്‍ക്കാര്‍ വരുമാനത്തില്‍ വന്‍ വര്‍ദ്ധനവുണ്ടാക്കിയെന്നും ട്രംപ് ട്രൂത്ത് സോഷ്യലില്‍ പങ്കുവെച്ച കുറിപ്പില്‍ അവകാശപ്പെട്ടു.
അസര്‍ബൈജാനും അര്‍മീനിയയും തമ്മില്‍ പതിറ്റാണ്ടുകള്‍ നീണ്ട സംഘര്‍ഷത്തിന് അവസാനം കുറിച്ച് സമാധാനക്കരാര്‍ ഒപ്പുവച്ചു. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ സാന്നിധ്യത്തില്‍ അര്‍മീനിയ പ്രധാനമന്ത്രി നീക്കോള്‍ പഷിന്‍യാനും അസര്‍ബൈജാന്‍ പ്രസിഡന്റ് ഇല്‍ഹാം അലിയേവും തമ്മില്‍ വൈറ്റ് ഹൗസിലാണു ഒപ്പുവച്ചത്.
കിഴക്കന്‍ യുക്രെയ്നിലെ 2 പ്രവിശ്യകള്‍ റഷ്യയ്ക്കു വിട്ടുകൊടുത്തുള്ള സമാധാനക്കരാര്‍ യുഎസ് പിന്തുണയോടെ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. വരുന്നയാഴ്ച റഷ്യ പ്രസിഡന്റ് വ്ളാഡിമിര്‍ പുട്ടിനും യുഎസ് പ്രസിഡന്റ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ അന്തിമ ധാരണയാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ റിപ്പോര്‍ട്ട് വൈറ്റ് ഹൗസ് തള്ളിയിരിക്കുകയാണ്.
Leave a Comment
Your email address will not be published.