സുംബ വ്യായാമ നൃത്തത്തെക്കുറിച്ചറിയാമോ?
Photo 2 weeks ago

2025 Jun 29 Sunday.
by Kuriakose Niranam
കൊളംബിയൻ ഡാൻസറും കൊറിയോഗ്രാഫരുമായ ആൽബെർട്ടോ ബെറ്റോ പെരെസ് ആണ് തൊണ്ണൂറുകളിൽ ഇന്ന് കാണുന്ന രൂപത്തിൽ സുംബ വ്യായാമ നൃത്തം വികസിപ്പിച്ചത്.
പ്രത്യേക രീതിയിലുള്ള നൃത്തവും സംഗീതവും ചേർത്ത് വ്യായാമത്തെ ഒരു ആഘോഷമാക്കി സുംബ മാറ്റുന്നു. മറ്റുള്ള വ്യായാമ രീതികളിൽ നിന്ന് വ്യത്യസ്തമായി ലളിതവും ഫലപ്രദവും രസകരവുമായ സംഗീതത്തോടുകൂടിയാണ് സുംബ ഫിറ്റ്നസ് ഡാൻസ് അവതരിപ്പിക്കുന്നത്.
ഫിറ്റ്നസ്, ശാരീരിക ആരോഗ്യം, മാനസിക സമ്മർദം കുറയ്ക്കൽ എന്നിവ മുൻ നിർത്തിയാണ് സുംബ ഇന്ന് പ്രചരിക്കുന്നത്. ശരീരം മുഴുവൻ ചലിക്കുന്നതിനാൽ,ഏറ്റവും നല്ല വ്യായാമ രീതിയാണ്. കാണുന്നവർക്കും സുംബ ചെയ്യുന്നവർക്കും ഇത് രസകരമാണ്.
ഒരു ഉത്തമ വ്യായാമ രീതിയാണ് ഇത്. ശാരീരികക്ഷമത, ഹൃദയാരോഗ്യം, അമിതവണ്ണം എന്നിവയ്ക്ക് ഫലപ്രദമാണ്. പ്രമേഹം,ഹൃദ്രോഗം, കാൻസർ, പക്ഷാഘാതം, ഫാറ്റി ലിവർ തുടങ്ങിയ ജീവിത ശൈലി രോഗങ്ങളുടെ നിയന്ത്രണത്തിന് ഇത് സഹായിക്കുന്നു.
ഒരു കാർഡിയാക് വ്യായാമമാണ് സുംബ. ഇവ പരിശീലിക്കുമ്പോൾ ഹൃദയമിടിപ്പ് വർധിക്കുകയും രക്തയോട്ടം മെച്ചപ്പെടുകയും വിയർക്കുകയും ചെയ്യാറുണ്ട്.
പല വിദേശ രാജ്യങ്ങളിലും സ്കൂളുകൾ, കോളേജുകൾ, ജിം,ഫിറ്റ്നസ് സെന്ററുകൾ, ആരോഗ്യ കേന്ദ്രങ്ങൾ, റിസോർട്ടുകൾ, കോർപ്പറേറ്റ് ട്രെയിനിങ് തുടങ്ങിയ ഇടങ്ങളിൽ എല്ലാം സുംമ്പ ഫിറ്റ്നസ് നൃത്ത പരിശീലനം നൽകി വരുന്നുണ്ട്.
2000 ആയപ്പോഴേക്കും അമേരിക്കൻ ഐക്യനാടുകളിൽ സുംബ വലിയ തരംഗം ആയി മാറുകയും ചെയ്തു. ഇപ്പോൾ ലോകത്തെ 180 രാജ്യങ്ങളിൽ ലക്ഷക്കണക്കിന് ആളുകൾ ഇത് ചെയ്യുന്നു. പ്രത്യേക പരിശീലനം നേടിയ ഇൻസ്ട്രക്ടർമാരാണ് സൂംബ പരിശീലിപ്പിക്കുന്നത്.
കുട്ടികളെ സൂംബ പരിശീലിപ്പിക്കുന്നത് ആരോഗ്യകരമാണ്. കുട്ടികളുടെ മാനസികാവസ്ഥ മെച്ചപ്പെടുത്താനും, ആത്മവിശ്വാസം വർധിപ്പിക്കാനും, ജീവിതശൈലി രോഗങ്ങളെയും, കുട്ടിക്കാലത്തെ അമിതവണ്ണത്തെ ഇല്ലാതാക്കാനുമെല്ലാം, ലഹരിയിൽ നിന്ന് കുട്ടികളെ വഴിതിരിച്ച് നടത്താനും സൂംബ സഹായിക്കും. 45 മിനിറ്റ് മുതൽ ഒരു മണിക്കൂർ വരെയാണ് ഇതിനെടുക്കുക. ഒരു സെഷനിൽ 10- 13 വരെ പാട്ടുകളുണ്ടാകും.
ആഴ്ചയിൽ മൂന്ന് ക്ലാസുകൾ എന്ന കണക്കിലാണ് സുംബ പരിശീലനം.
10 മുതൽ 15 മിനിറ്റ് വരെ നീളുന്ന വാം അപ്പോടെയാണ് പരിശീലനം തുടങ്ങുന്നത്. ശരീരത്തെ നൃത്തത്തിന്റെ താളത്തിലേക്ക് ചുവടുവയ്പിക്കുന്നതിനുള്ള പൊടിക്കൈകളാണ് വാം അപ്പ്. ശരീരത്തെ ഉണർത്താനുള്ള ചുവടുകളെന്നും വിശേഷിപ്പിക്കാം. ഇതിനും അനുബന്ധമായി പാട്ടുണ്ടാകും. അവസാനമായി 10 മുതൽ 15 മിനിറ്റ് വരെ കൂൾ ഡൗൺ സ്റ്റെപ്പുമുണ്ടാകും.സുംബ എല്ലാ പ്രായക്കാർക്കും അനുയോജ്യമാണ്.
ഇസ്ലാമിന് യോജിച്ചതല്ല എന്ന് പറഞ്ഞുകൊണ്ട് ഇറാൻ 2017-ൽ ഇത് നിരോധിച്ചു.
Leave a Comment
Your email address will not be published.