ഫ്രാന്‍സിസ് പാപ്പയും അന്ത്യ വിശ്രമത്തിന് തെരഞ്ഞെടുത്ത തന്റെ പ്രിയ സെൻ്റ് മേരി മേജർ ബസിലിക്കയും

Photo 2 months ago

banner

2025 April 26 ശനിയാഴ്ച

by Kuriakose Niranam 

1669-ൽ ക്ലെമെന്റ് ഒൻപതാമനെയാണ്   റോമിലെ സെൻ്റ് മേരി മേജർ ബസിലിക്കയിൽ അവസാനമായി സംസ്കരിച്ചത്.

സാന്‍റ മരിയ മഗ്ഗിയോരെ അഥവാ റോമിലെ സെൻ്റ് മേരി മേജർ ബസിലിക്ക - പത്രോസിന്റെ പിന്‍ഗാമിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം കഴിഞ്ഞ 12 വർഷത്തിനിടയിൽ ഫ്രാന്‍സിസ് പാപ്പ നൂറിലധികം തവണ സന്ദര്‍ശിച്ച, തീര്‍ത്ഥാടനം നടത്തിയ ഇടം. മാര്‍പാപ്പമാരെ പതിവായി അടക്കം ചെയ്യുന്ന സെന്‍റ് പീറ്റേഴ്സ് ബസിലിക്കയ്ക്കു പകരം തന്നെ അടക്കം ചെയ്യണമെന്ന് ഫ്രാന്‍സിസ് പാപ്പ ആഗ്രഹിച്ച ഇടം. പത്രോസിന്റെ പിന്‍ഗാമിയായതിന് ശേഷം ഈ ദേവാലയവുമായി അഭേദ്യമായ ബന്ധം ഫ്രാന്‍സിസ് പാപ്പ പുലര്‍ത്തിയിരിന്നു. 2013 മാർച്ച് 13ന് മാർപാപ്പയായി സ്‌ഥാനാരോഹണം ചെയ്തതിൻ്റെ തൊട്ടടുത്ത ദിവസം നന്ദി അറിയിക്കാനായി അദ്ദേഹം ഈ ബസിലിക്കയിൽ എത്തിയിരുന്നു.

വിദേശ രാജ്യങ്ങളിലേക്കുള്ള ഓരോ യാത്രകൾക്ക് മുൻപും ശേഷവും ബസിലിക്ക സന്ദർശിച്ച്, ക്രിസ്‌തുശിഷ്യനായ വിശുദ്ധ ലൂക്കോസ് സുവിശേഷകൻ വരച്ചതെന്ന് വിശ്വസിക്കപ്പെടുന്ന പരിശുദ്ധ കന്യകാമറിയത്തിൻ്റെ ചിത്രത്തിനു മുന്നിൽ നിശബ്ദമായി പ്രാര്‍ത്ഥിക്കുന്ന ഫ്രാന്‍സിസ് പാപ്പയുടെ ചിത്രങ്ങള്‍ എത്രയോ പ്രാവശ്യം ലോകം കണ്ടതാണ്. മാര്‍പാപ്പ ഏതെങ്കിലും അന്തര്‍ദേശീയ അപ്പസ്തോലിക സന്ദര്‍ശനം നടത്തുമെന്ന് പ്രഖ്യാപിച്ചാല്‍ ഔദ്യോഗിക സമയക്രമത്തിന് പുറമെ പാപ്പ ഉറപ്പായും സന്ദര്‍ശിച്ചിരിക്കുമെന്ന് ഏതൊരാളും നിസംശയം പറഞ്ഞിരിന്ന ഇടം.

തന്റെ പേപ്പല്‍ കാലയളവില്‍ ഏതൊക്കെ തവണ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുണ്ടോ ഓരോ തവണയും അവിടെ നിന്ന് മടങ്ങിയപ്പോള്‍ സന്ദര്‍ശിച്ച് പ്രാര്‍ത്ഥിച്ച ഇടം. കഴിഞ്ഞ മാർച്ച് മാസത്തിൽ 38 ദിവസത്തെ ആശുപത്രി വാസത്തിനു ശേഷം മടങ്ങിയെത്തിയപ്പോഴും വത്തിക്കാനിലെ സ്വവസതിയില്‍ പ്രവേശിക്കുന്നതിന് മുന്പ് പോയി പ്രാര്‍ത്ഥിച്ച ഇടം. ഏറ്റവും ഒടുവിലായി നിത്യസമ്മാനത്തിന് യാത്രയാകുന്നതിന് മുന്‍പ് ഓശാന ഞായറാഴ്ചയാണ് പാപ്പ തന്റെ പ്രിയ ദേവാലയത്തില്‍ എത്തി പ്രാര്‍ത്ഥിച്ചത്.


ദൈവമാതാവിന്റെ മാധ്യസ്ഥത്തില്‍ സ്വര്‍ഗ്ഗത്തിന്റെയും ഭൂമിയുടെയും നാഥനായ ദൈവത്തോട് അന്നു പാപ്പ പ്രാര്‍ത്ഥിച്ചത് എന്താണെന്ന് ആര്‍ക്കും അറിയില്ലായെങ്കിലും ഒന്നുറപ്പാണ്, അത് വലിയ ഒരുക്കത്തിന്റെ പ്രാര്‍ത്ഥനയായിരിന്നു. നാളെ ഫ്രാന്‍സിസ് പാപ്പയെ കബറടക്കുമ്പോള്‍ പതിവ് രീതികളില്‍ നിന്നു വ്യത്യസ്തത പുലര്‍ത്തി തന്റെ കല്ലറ സാന്താ മരിയ മജോറെ ബസിലിക്കയിലാകണമെന്ന ഫ്രാന്‍സിസ് പാപ്പയുടെ വില്‍പ്പത്രത്തിലെ ആഗ്രഹവും ചരിത്രതാളുകളില്‍ ഇടം നേടും. 12-ാം നൂറ്റാണ്ടിനും 17-ാം നൂറ്റാണ്ടിനുമിടയിൽ സാന്താ മരിയ മജോറെ ബസിലിക്കയിൽ ഏഴ് മാർപാപ്പമാരെ അടക്കം ചെയ്തിട്ടുണ്ട്. 1669-ൽ ക്ലെമെന്റ് ഒൻപതാമനെയാണ് ഇവിടെ അവസാനമായി സംസ്കരിച്ചത്. മൂന്നര നൂറ്റാണ്ടിന് അപ്പുറം പത്രോസിന്റെ പിന്‍ഗാമിയായ മറ്റൊരു മാര്‍പാപ്പയ്ക്കും ഇവിടെ നിത്യവിശ്രമം.

Related News (9)


Leave a Comment

Your email address will not be published.