സംസ്ഥാനത്ത് കനത്ത മഴയിലും കാറ്റിലും വ്യാപക നാശനഷ്ടം.

Photo 8 months ago

banner

2025 മെയ് 27 ചൊവ്വാഴ്ച

by Kuriakose Niranam 

മഴക്കെടുതിയില്‍ സംസ്ഥാനത്ത് ഇന്നലെ രണ്ട് മരണം. ആലപ്പുഴയില്‍ തട്ടുകട തകര്‍ന്നുവീണ് പതിനെട്ടുകാരിയാണ് മരിച്ചത്. കടയ്ക്കരികില്‍ നില്‍ക്കവെ തട്ടുകട മറിഞ്ഞ് പള്ളാത്തുരുത്തി സ്വദേശി നിത്യയുടെ ദേഹത്ത് വീഴുകയായിരുന്നു. ആലപ്പുഴ കൈനകരിയില്‍ വെള്ളത്തില്‍ വീണ് ജലഗതാഗത വകുപ്പ് ജീവനക്കാരന്‍ മരിച്ചു. കൈനകരി കുറ്റിക്കാട്ട്ചിറ മുളമറ്റം വീട്ടില്‍ ഓമനക്കുട്ടന്‍ (55) ആണ് മരിച്ചത്. കൈനകരി കനകശ്ശേരി പാടശേഖരത്തിന്റെ പുറംബണ്ടിലൂടെ മഴകോട്ട് ധരിച്ചു നടന്നു പോകുമ്പോള്‍ ശക്തമായ കാറ്റില്‍ തോട്ടിലേക്ക് വീഴുകയായിരുന്നു. ആലപ്പുഴയില്‍ നിന്ന് അഗ്‌നി രക്ഷാ സേന എത്തിയാണ് മൃതദേഹം കണ്ടെടുത്തത്.

സംസ്ഥാനത്ത് കോവിഡ് കേസുകൾ വീണ്ടും ഉയരുന്നു

കഴിഞ്ഞ ആഴ്ച 335 കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. ഒരാഴ്ച പിന്നിട്ടപ്പോൾ കേസുകൾ 430ൽ എത്തി. രണ്ട് കോവിഡ‍് മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിലാണ് രോ​ഗ ബാധിതരേറയും ഉള്ളത്. തിരുവനന്തപുരത്ത് ഒരാഴ്ചക്കിടെ രണ്ട് പുരുഷൻമാരാണ് മരിച്ചത്. ഹൃദ്രോഗത്തിനുള്ള ചികിത്സയിലുള്ളവരാണ് മരിച്ചത്. മരിക്കുമ്പോൾ ഇരുവരുടേയും പരിശോധനാ ഫലം പോസിറ്റീവായിരുന്നു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു. 59ഉം 64ഉം വയസ്സുള്ള രണ്ടു പേരാണ് തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. 

ഇറാനിൽ ഭൂചലനം. 

ഇറാനിൽ ഭൂചലനം. ചൊവ്വാഴ്‌ച പുലർച്ചെയാണ് റിക്ടർ സ്കെയിലിൽ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ഇറാൻ സമയം പുലർച്ചെ 4.39നായിരുന്നു ഭൂകമ്പം.തെക്കുപടിഞ്ഞാറൻ ഇറാനിൽ 10 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിൻ്റെ പ്രഭവകേന്ദ്രം. നാശനഷ്ടങ്ങൾ സംബന്ധിച്ച റിപ്പോർട്ടുകൾ വന്നിട്ടില്ല.

കനത്ത മഴയെ തുടര്‍ന്ന് റെയില്‍വേ ട്രാക്കിലേക്ക് മരം കടപുഴകി വീണു.

കോഴിക്കോടും ആലുവയിലും കനത്ത മഴയെ തുടര്‍ന്ന് റെയില്‍വേ ട്രാക്കിലേക്ക് മരം കടപുഴകി വീണു. കോഴിക്കോട് അരീക്കാടുണ്ടായ ചുഴലിക്കാറ്റില്‍ റെയില്‍വേ ട്രാക്കിലേക്ക് മൂന്നു മരങ്ങള്‍ കടപുഴകി വീണു. ഇരു ഭാഗത്തേക്കുമുള്ള ട്രാക്കുകളിലും മരം വീണത് ട്രെയിന്‍ ഗതാഗതത്തെ ബാധിച്ചു. നിരവധി ട്രെയിനുകള്‍ വൈകി ഓടിക്കൊണ്ടിരിക്കുകയാണ്.

കേരളത്തില്‍ അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യത.

ഉള്‍ക്കടലിന് മുകളിലായി ഇന്ന് മറ്റൊരു ന്യൂനമര്‍ദ്ദം കൂടി രൂപപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ കേരളത്തില്‍ അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കുണ്ട്. കേരള തീരത്ത് കള്ളക്കടല്‍ മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്.

നിലമ്പൂരില്‍ ആര്യാടന്‍ ഷൗക്കത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി.

നിലമ്പൂരില്‍ ആര്യാടന്‍ ഷൗക്കത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി. കെപിസിസി നല്‍കിയ പേര് അംഗീകരിച്ച് എഐസിസി സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തി. മലപ്പുറം ഡിസിസി അധ്യക്ഷന്‍ വി എസ് ജോയിയെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന പിവി അന്‍വറിന്റെ ആവശ്യത്തിന് യുഡിഎഫ് വഴങ്ങിയില്ല. വി എസ് ജോയിയെ അനുനയിപ്പിച്ചാണ് കേരളാ ഘടകം ആര്യാടന്‍ ഷൗക്കത്തിന്റെ പേര് ഹൈക്കമാന്‍ഡിന് നല്‍കിയത്.

അതൃപ്തി വ്യക്തമാക്കി പിവി അന്‍വര്‍.

യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ അതൃപ്തി വ്യക്തമാക്കി പിവി അന്‍വര്‍. സിപിഎം സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാകാനടക്കം ശ്രമിച്ച ആര്യാടന്‍ ഷൗക്കത്തിനെ നിലമ്പൂരിലെ ജനങ്ങള്‍ക്ക് താല്‍പര്യമില്ലെന്നും ഗോഡ്ഫാദര്‍ ഇല്ലാത്തതിനാല്‍ കോണ്‍ഗ്രസില്‍ വിഎസ് ജോയ് തഴയപ്പെട്ടുവെന്നും പിവി അന്‍വര്‍ പരസ്യമായി തുറന്നടിച്ചു.

ഏകകണ്ഠമായി നിര്‍ദ്ദേശിച്ച സ്ഥാനാര്‍ത്ഥിത്വമാണ് ആര്യാടന്‍ ഷൗക്കത്തിന്റേതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.

കേരളത്തിലെ നേതാക്കള്‍ ഏകകണ്ഠമായി നിര്‍ദ്ദേശിച്ച സ്ഥാനാര്‍ത്ഥിത്വമാണ് ആര്യാടന്‍ ഷൗക്കത്തിന്റേതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഇന്ന് മുതല്‍ ആരംഭിക്കുമെന്നും ഐക്യജനാധിപത്യ മുന്നണി ഒറ്റക്കെട്ടായി നിലമ്പൂരില്‍ വലിയ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. പി വി അന്‍വറിനെ യു ഡി എഫിന്റെ ഭാഗമാക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും അത് എങ്ങനെ വേണമെന്നത് എല്ലാവരുമായും ചര്‍ച്ച ചെയ്ത് ഉടന്‍ തന്നെ തീരുമാനിക്കുമെന്നും സതീശൻ പറഞ്ഞു.

ഇഡി കുറ്റപത്രം രാഷ്ട്രീയ പ്രേരിതമെന്ന് എ.സി മൊയ്തീന്‍.

കരുവന്നൂര്‍ കേസിലെ ഇഡി കുറ്റപത്രം രാഷ്ട്രീയ പ്രേരിതമെന്ന് എ.സി മൊയ്തീന്‍. മാധ്യമങ്ങളില്‍ നിന്നാണ് കുറ്റപത്രത്തില്‍ പേരുണ്ടെന്ന വിവരമറഞ്ഞത്. ഭരണകക്ഷിക്ക് വേണ്ടി നിലകൊള്ളുന്ന അന്വേഷണ ഏജന്‍സിയാണ് ഇ.ഡിയെന്നും എങ്ങനെയാണ് ഇ.ഡി കേസുകള്‍ കൈകാര്യം ചെയ്യുന്നതെന്ന് രാജ്യം കണ്ടതാണെന്നും പ്രത്യേകിച്ച് കേരളത്തില്‍, ഇഡിയുടെ രീതി എല്ലാവര്‍ക്കും വ്യക്തമാണെന്നും എസി മൊയ്തീന്‍ ആരോപിച്ചു.

പ്രതിചേര്‍ത്തത് രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. 

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ പാര്‍ട്ടിയെയും നേതാക്കളെയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പ്രതിചേര്‍ത്തത് രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. ആ ഗൂഢാലോചന തിരിച്ചറിയാനുള്ള കഴിവ് കേരളത്തിലെ ജനങ്ങള്‍ക്കുണ്ടെന്നും അത് ജനങ്ങള്‍ തിരിച്ചറിയുകതന്നെ ചെയ്യുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

വേവലാതി ഇല്ലെന്ന്കെ രാധാകൃഷ്ണന്‍ എംപി.

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമര്‍പ്പിച്ചതില്‍ പ്രതികരിച്ച് കെ രാധാകൃഷ്ണന്‍ എംപി. സിപിഎമ്മിനെ തകര്‍ക്കാനുള്ള ലക്ഷ്യമാണ് ഉള്ളതെന്ന് അദ്ദേഹം പറഞ്ഞു.ഇഡി പ്രതി ചേര്‍ത്തതില്‍ യാതൊരു വേവലാതിയും ഇല്ലെന്നും രാഷ്ട്രീയപരമായും നിയമപരമായും നേരിടുമെന്നും കെ.രാധാകൃഷ്ണന്‍ പറഞ്ഞു. 

 യുവതിയെ  വെട്ടിക്കൊന്ന സംഭവത്തിൽ പ്രതിക്കെതിരെ  പോക്സോ കേസും.

തിരുനെല്ലിയിൽ യുവതിയെ പങ്കാളി വെട്ടിക്കൊന്ന സംഭവത്തിൽ പ്രതിക്കെതിരെ പൊലീസ് പോക്സോ കേസും ചുമത്തി പൊലീസ്.യുവതിയുടെ ബന്ധുവായ പെൺകുട്ടിയെ പീഡിപ്പിച്ചതിനാണ് കേസെടുത്തത്. പ്രതിക്കെതിരെ കൊലപാതകം, കൊലപാതകശ്രമം, പോക്സോ, ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.യുവതിയുടെ 9 വയസ്സുകാരി മകളെ തട്ടിക്കൊണ്ടുപോയതിനും കേസെടുത്തിട്ടുണ്ട്. പ്രതി കുറ്റസമ്മതം നടത്തിയെന്ന് പൊലീസ് അറിയിച്ചു. പ്രതിയെ ഇന്ന് കൽപ്പറ്റ പോക്സോ കോടതിയിൽ ഹാജരാക്കും.

പൊലീസ് മേധാവിക്കായി സംസ്ഥാനം 6 പേരുടെ പട്ടിക കേന്ദ്രത്തിന് കൈമാറി. 

പുതിയ പൊലീസ് മേധാവിക്കായി സംസ്ഥാനം 6 പേരുടെ പട്ടിക കേന്ദ്രത്തിന് കൈമാറി. നിതിന്‍ അഗര്‍വാള്‍, റാവഡാ ചന്ദ്രശേഖര്‍, യോഗേഷ് ഗുപ്ത, മനോജ് എബ്രഹാം, സുരേഷ് രാജ്പുരോഹിത്, എംആര്‍ അജിത്കുമാര്‍ എന്നിവരാണ് പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. കൈമാറിയ പേരുകളില്‍ നിന്നും 3 പേരെ കേന്ദ്രം തെരഞ്ഞെടുത്ത് കേരളത്തെ അറിയിക്കും. അതില്‍ ഒരാളെ മന്ത്രിസഭയോഗം പുതിയ പൊലിസ് മേധാവിയായി നിയമിക്കും.

വിദ്യാലയങ്ങളിലെ പോക്സോ കേസ് പ്രതികള്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി.

വിദ്യാലയങ്ങളിലെ പോക്സോ കേസ് പ്രതികള്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ സെക്കന്ററി സ്‌കൂളുകളില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്കെതിരെ നിലവില്‍ റിപ്പോര്‍ട്ട് ചെയ്ത പോക്‌സോ കേസുകളുടെ എണ്ണം 77 ആണെന്നും ഇവരില്‍ ഒന്‍പത് പേരെ പിരിച്ചുവിടുകയും ഒരാള്‍ക്ക് നിര്‍ബ്ധിത പെന്‍ഷന്‍ നല്‍കിയെന്നും 45 ജീവനക്കാര്‍ക്കെതിരെ കര്‍ശനമായ മറ്റ് അച്ചടക്ക നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

കണ്ടെയിനറുകള്‍ കൊല്ലം, ആലപ്പുഴ തീരങ്ങളില്‍ അടിയുന്നു. 

കൊച്ചി തീരത്തിന് സമീപം മുങ്ങിയ ചരക്കു കപ്പലിലെ കണ്ടെയിനറുകള്‍ കൊല്ലം, ആലപ്പുഴ തീരങ്ങളില്‍ അടിയുന്നു. ശക്തികുളങ്ങര, ചെറിയഴീക്കല്‍, നീണ്ടകര തുടങ്ങിയ കൊല്ലത്തെ തീരങ്ങളിലായി ഇതുവരെ 27 കണ്ടെയ്നറുകള്‍ അടിഞ്ഞു. ഇതില്‍ 4 എണ്ണത്തില്‍ അപകടകരമല്ലാത്ത വസ്തുക്കള്‍ കണ്ടെത്തി. കപ്പല്‍ കമ്പനിയായ എം എസ് സി നിയോഗിച്ച സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.

ഉന്നതതല യോഗം  സാഹചര്യങ്ങള്‍ വിലയിരുത്തി. 

കേരളത്തിന്റെ സമുദ്രാതിര്‍ത്തിയില്‍ കപ്പല്‍ മുങ്ങിയ സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്ന് സാഹചര്യങ്ങള്‍ വിലയിരുത്തി. തീരപ്രദേശത്ത് ഉള്ളവരും മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശം നല്‍കി. കപ്പലില്‍ 643 കണ്ടെയ്നറുകള്‍ ഉണ്ടായിരുന്നു. ഇവയില്‍ 73 എണ്ണം കാലി കണ്ടെയ്നറുകള്‍ ആണ്. 13 എണ്ണത്തില്‍ ചില അപകടകരമായ വസ്തുക്കള്‍ ആണ്. 

പ്രതിയായ സുകാന്ത് സുരേഷ് കീഴടങ്ങി. 

തിരുവനന്തപുരത്തെ ഐബി ഉദ്യോഗസ്ഥയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പ്രതിയായ സുകാന്ത് സുരേഷ് കീഴടങ്ങി. കൊച്ചി ഡിസിപി ഓഫീസിലാണ് പ്രതി സുകാന്ത് സുരേഷ് കീഴടങ്ങിയത്. സുകാന്തിനെ പ്രതി ചേര്‍ത്ത് ദിവസങ്ങള്‍ കഴിഞ്ഞിട്ടും പിടികൂടാത്തതില്‍ പൊലീസിനെതിരെ യുവതിയുടെ കുടുംബം ആരോപണം ഉയര്‍ത്തിയതിനിടെയാണ് പ്രതി കൊച്ചിയില്‍ കീഴടങ്ങിയത്. ഇന്നലെ സുകാന്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. 

നടന്‍ ഉണ്ണി മുകുന്ദനെതിരെ കേസെടുത്തു.

നടന്‍ ഉണ്ണി മുകുന്ദനെതിരെ കേസെടുത്ത് പൊലീസ്. നടന്‍ തന്നെ മര്‍ദിച്ചെന്ന് മാനേജര്‍ വിപിന്‍ കുമാര്‍ പരാതി നല്‍കിയതിന് പിന്നാലെയാണ് നടപടി. കൊച്ചിയിലെ തന്റെ ഫ്ലാറ്റിലെത്തി മര്‍ദിച്ചു എന്നാണ് വിപിന്‍ കുമാര്‍ പരാതി നല്‍കിയത്. വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് പൊലീസ് കേസെടുത്തത്.

സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് അപകടം.

പാലക്കാട് മണ്ണാര്‍ക്കാട് അരിയൂര്‍ പാലത്തിന് സമീപം സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് അപകടം. നിരവധി യാത്രക്കാര്‍ക്ക് പരിക്കേറ്റു. ഇവരില്‍ ഒരാളുടെ നില ഗുരുതരമാണ്. ഇയാളെ പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. 

എഞ്ചിനീയര്‍മാര്‍ മരിച്ച സംഭവത്തില്‍ ഒളിവിലായിരുന്ന ദന്ത ഡോക്ടര്‍ കീഴടങ്ങി. 

ഹെയര്‍ ട്രാന്‍സ്പ്ലാന്റ് ചെയ്ത് 48 മണിക്കൂറിനുള്ളില്‍ രണ്ട് എഞ്ചിനീയര്‍മാര്‍ മരിച്ച സംഭവത്തില്‍ ഒളിവിലായിരുന്ന ദന്ത ഡോക്ടര്‍ കീഴടങ്ങി. അനുഷ്‌ക തിവാരി എന്ന ഡോക്ടറാണ് കീഴടങ്ങിയത്. ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ എംപയര്‍ എന്ന ക്ലിനിക്കിലാണ് സംഭവം നടന്നത്

ചാരവൃത്തിയിൽ വീണ്ടും അറസ്റ്റ്

പാക് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ക്ക് തന്ത്രപ്രധാനമായ വിവരങ്ങള്‍ പങ്കുവെച്ചതിന് സിആര്‍പിഎഫ് ഉദ്യോഗസ്ഥനെ ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്തു. മോതി റാം ജാട്ട് എന്ന ജവാനാണ് അറസ്റ്റിലായത്. 

ഇന്ത്യാക്കാരുടെ ഇമെയിലുകള്‍  സ്പാം ആയാണ് കാണുന്നതെന്ന്  ന്യൂസിലന്‍ഡിലെ കുടിയേറ്റ വകുപ്പ് മന്ത്രി എറിക സ്റ്റാന്‍ഫോര്‍ഡ്. 

കുടിയേറ്റം സംബന്ധിച്ച ഉപദേശം തേടിക്കൊണ്ട് ഇന്ത്യക്കാര്‍ അയയ്ക്കുന്ന ഇമെയിലുകള്‍ താന്‍ സ്പാം ആയാണ് കാണുന്നതെന്നും ഒന്നു പോലും തുറന്നു നോക്കാറില്ലെന്നും ന്യൂസിലന്‍ഡിലെ കുടിയേറ്റ വകുപ്പ് മന്ത്രി എറിക സ്റ്റാന്‍ഫോര്‍ഡ്. പാര്‍ലമെന്റില്‍ ഒരു ചോദ്യത്തിനു മറുപടി പറയുമ്പോഴായിരുന്നു മന്ത്രിയുടെ വിവാദ പരാമര്‍ശം. 

പാകിസ്ഥാന്‍ പ്രതിരോധ ചെലവ് വര്‍ദ്ധിപ്പിക്കുന്നു.

കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ ഉഴലുന്നതിനിടെയിലും അടുത്ത സാമ്പത്തിക വര്‍ഷം ജൂലൈ മുതല്‍ പ്രതിരോധ ചെലവ് വര്‍ദ്ധിപ്പിക്കാന്‍ ഒരുങ്ങി പാകിസ്ഥാന്‍. 

പഞ്ചാബ് കിംഗ്സ് ക്വാളിഫയറിന് യോഗ്യത നേടി. 

ഐപിഎല്ലിലെ ആദ്യ രണ്ട് സ്ഥാനക്കാരെ കണ്ടെത്താനുള്ള നിര്‍ണായക മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് പഞ്ചാബ് കിംഗ്സ് ക്വാളിഫയറിന് യോഗ്യത നേടി. 

വിഷു ബമ്പര്‍ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് നാളെ .

പന്ത്രണ്ട് കോടി രൂപ ഒന്നാം സമ്മാനം നല്‍കുന്ന സംസ്ഥാന സര്‍ക്കാര്‍ വിഷു ബമ്പര്‍ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് നാളെ ഉച്ച തിരിഞ്ഞ് രണ്ട് മണിക്ക്. വില്‍പ്പനയ്ക്കായി വിപണിയില്‍ എത്തിച്ച 45 ലക്ഷം ടിക്കറ്റുകളില്‍ ഇന്നലെ നാലു മണിക്കുള്ളില്‍ 42 ,17, 380 ടിക്കറ്റുകളും വിറ്റു പോയിട്ടുണ്ട്. 300 രൂപ വില്‍പ്പന വിലയുള്ള വിഷു ബമ്പര്‍ ടിക്കറ്റുകള്‍ മൊത്തം ആറു പരമ്പരകളിലായാണ് വിപണിയില്‍ എത്തിയത്. 



Leave a Comment

Your email address will not be published.