അമേരിക്ക-ചൈന വ്യാപാര യുദ്ധത്തിന് അന്ത്യം കുറിച്ച് തീരുവയില്‍ തീരുമാനം.
Photo 6 months ago
2025 മെയ് 13 തിങ്കളാഴ്ച.
by Kuriakose Niranam
| കേരളത്തിൽ മഴ ശക്തമാകും. |
അമേരിക്ക-ചൈന വ്യാപാര യുദ്ധത്തിന് അന്ത്യം കുറിച്ച് തീരുവയില്‍ തീരുമാനം. 90 ദിവസത്തേക്ക് പകരച്ചുങ്കം പിന്‍വലിക്കാന്‍ ധാരണയായതായി ഇരുരാജ്യങ്ങളും വ്യക്തമാക്കി. സ്വിറ്റ്സര്‍ലന്‍ഡിലെ ജനീവയില്‍ നടന്ന വ്യാപാര ചര്‍ച്ചകള്‍ക്ക് ശേഷമാണ് പ്രഖ്യാപനം. കരാര്‍ പ്രകാരം, ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് മേലുള്ള തീരുവ 145 ശതമാനത്തില്‍ നിന്ന് 30 ശതമാനമായി യുഎസും അമേരിക്കന്‍ ഇറക്കുമതിക്ക് മേലുള്ള തീരുവ 125 ശതമാനത്തില്‍നിന്ന് 10 ശതമാനമായി ചൈനയും വെട്ടിക്കുറയ്ക്കുമെന്ന് സംയുക്ത പ്രസ്താവനയില്‍ പറയുന്നു.
ഭീകരരുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത പാകിസ്ഥാന്‍ സൈനിക ഉദ്യോഗസ്ഥരുടെ പേര് പുറത്ത് വിട്ട് ഇന്ത്യ.
ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യ വധിച്ച ഭീകരരുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത പാകിസ്ഥാന്‍ സൈനിക ഉദ്യോഗസ്ഥരുടെ പേര് പുറത്ത് വിട്ട് ഇന്ത്യ. ലഫ്റ്റനന്റ് ജനറല്‍ ഫയാസ് ഹുസൈന്‍, മേജര്‍ ജനറല്‍ റാവു ഇമ്രാന്‍, ബ്രിഗേഡിയര്‍ മുഹമ്മദ് ഫുര്‍ഖാന്‍ എന്നീ സൈനിക ഉദ്യോഗസ്ഥര്‍ ഭീകരരുടെ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുത്തുവെന്ന് ഇന്ത്യ വ്യക്തമാക്കി. ഉസ്മാന്‍ അന്‍വര്‍, ശുഹൈബ് അഹമ്മദ് എന്നീ ജനപ്രതിനിധികളും ഈ ചടങ്ങുകളില്‍ പങ്കെടുത്തു. സൈനിക ഉദ്യോഗസ്ഥരുടെ സാന്നിധ്യം പാകിസ്ഥാന്‍ നിഷേധിച്ചിരുന്നു.
പാക്കിസ്ഥാൻ സൈനികരിൽ ചിലർ ഇവിടെ വെടി നിർത്തൽ ധാരണ അംഗീകരിക്കുന്നില്ലെന്ന് റിപ്പോർട്ട്.
ഇന്ത്യയുമായി വെളി നിർത്തൽ നിലവിൽ വന്നുവെങ്കിലും പാക്കിസ്ഥാൻ സൈനികരിൽ ചിലർ ഇത് അംഗീകരിക്കുന്നില്ലെന്ന് റിപ്പോർട്ട്. സൈന്യത്തിൽ കുടിയേറിയിരിക്കുന്ന തീവ്രവാദികളും വെടി നിർത്തൽ അംഗീകരിക്കുന്നില്ല. ഇതിനെ തുടർന്ന് പാകിസ്ഥാൻ രാജ്യാന്തര മേഖലയിൽ ഒറ്റപ്പെടുകയും നാണക്കേടിൽ ആവുകയും ചെയ്യുന്നു. എന്നാൽ ഇന്ത്യയുമായുള്ള വെടിനിര്‍ത്തല്‍ ധാരണ വിശ്വസ്തതയോടെ നടപ്പിലാക്കുമെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് പറയുന്നത്. സൈനികര്‍ സംയമനം പാലിക്കണമെന്നും, വെടിനിര്‍ത്തല്‍ ധാരണ വിശ്വസ്തതയോടെ നടപ്പിലാക്കാന്‍ പാക്കിസ്ഥാന്‍ പ്രതിജ്ഞാബദ്ധമാണെന്നും ഷഹബാസ് ഷെരീഫ് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
മധ്യസ്ഥത വഹിക്കുന്നതില്‍ താല്‍പ്പര്യമില്ലെന്ന് ഇന്ത്യ.
കശ്മീരിന്റെ കാര്യത്തില്‍ ആരും മധ്യസ്ഥത വഹിക്കുന്നതില്‍ താല്‍പ്പര്യമില്ലെന്ന് വ്യക്തമാക്കി ഇന്ത്യ. ദീര്‍ഘകാലമായി നിലനില്‍ക്കുന്ന കശ്മീര്‍ തര്‍ക്കത്തില്‍ ഇന്ത്യയ്ക്കും പാകിസ്ഥാനുമിടയില്‍ യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് മധ്യസ്ഥത വഹിക്കാന്‍ സന്നദ്ധത അറിയിച്ചതിന് പിന്നാലെയാണ് ഇന്ത്യയുടെ പ്രതികരണം. പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ട്രംപിന്റെ വാഗ്ദാനത്തെ സ്വാഗതം ചെയ്യുകയും അതിനുള്ള സന്നദ്ധത പ്രകടിപ്പിക്കുകയും നന്ദി പറയുകയും ചെയ്തിരുന്നു.
അഞ്ച് ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചു.
ഓപ്പറേഷന്‍ സിന്ദൂറിന് ശേഷമുണ്ടായ ഏറ്റുമുട്ടലില്‍ അഞ്ച് ഇന്ത്യന്‍ സൈനികര്‍ക്ക് വീരമൃത്യു സ്ഥിരീകരിച്ച് പ്രതിരോധ സേന. 35 മുതല്‍ 40 വരെ പാക്കിസ്ഥാന്‍ സൈനികര്‍ മരിച്ചിട്ടുണ്ടെന്നും മരിച്ച സൈനികരുടെ എണ്ണം നമ്മള്‍ നോക്കിയില്ലെന്നും കാരണം അവരായിരുന്നില്ല നമ്മുടെ ലക്ഷ്യമെന്നും സേന വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അതേസമയം, ഇന്ത്യ-പാക് വെടിനിര്‍ത്തല്‍ ധാരണ അനിശ്ചിതത്ത്വത്തിലാണെന്ന് സേന സ്ഥിരീകരിച്ചു.
രാജ്യത്ത് ഇന്നലെ രാത്രിയും ജാഗ്രത.
വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടും പാക് പ്രകോപനം തുടരുന്ന സാഹചര്യത്തില്‍ രാജ്യത്ത് ഇന്നലെ രാത്രിയും ജാഗ്രത. വിവിധ സംസ്ഥാനങ്ങളില്‍ മുന്‍കരുതല്‍ നടപടികള്‍ പ്രഖ്യാപിച്ചു. രാജസ്ഥാനിലെ ജയ്‌സല്‍മീറില്‍ ബ്ലാക്ക് ഔട്ട് പ്രഖ്യാപിച്ചു.
ഭീകരരെ പിന്തുടര്‍ന്ന് വേട്ടയാടുമെന്ന് ഇന്ത്യ.
ആക്രമണം നടത്തിയ ശേഷം ഭീകരര്‍ എവിടെ വരെ ഓടിയാലും ഇന്ത്യ പിന്തുടര്‍ന്ന് വേട്ടയാടുമെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. ഭീകരര്‍ക്ക് ശക്തമായ മറുപടി സൈന്യം നല്‍കിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യ ഒരിക്കലും പാകിസ്ഥാനിലെ ഒരു ജനവാസമേഖലകളെയും ഉന്നമിട്ട് ആക്രമണം നടത്തിയില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി..
പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ്.
അതിര്‍ത്തിയില്‍ ഉണ്ടായ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ്. ഇക്കാര്യം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്ത് നല്‍കി.
ഓപ്പറേഷന്‍ സിന്ദൂര്‍ അവസാനിപ്പിച്ചിട്ടില്ലെന്ന് വ്യോമസേന.
ഓപ്പറേഷന്‍ സിന്ദൂര്‍ അവസാനിപ്പിച്ചിട്ടില്ലെന്ന് വ്യോമസേന. ഓപ്പറേഷന്‍ കരുതലോടെ തുടരുന്നുവെന്നും വാര്‍ത്താസമ്മേളനം നടത്തി വിവരങ്ങള്‍ അറിയിക്കുമെന്നും ഇന്ത്യന്‍ വ്യോമസേന അറിയിച്ചു.
ബ്രഹ്‌മോസ് മിസൈല്‍ പ്രയോഗിച്ചതായി പാകിസ്ഥാന്‍.
ഇന്ത്യ തങ്ങളുടെ സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ ബ്രഹ്‌മോസ് മിസൈല്‍ പ്രയോഗിച്ചതായി പാകിസ്ഥാന്‍. പാകിസ്ഥാന്‍ വ്യോമത്താവളങ്ങള്‍ക്ക് നേരെ ഇന്ത്യ ബ്രഹ്‌മോസ് മിസൈല്‍ പ്രയോഗിച്ചതായി പാകിസ്ഥാന്‍ സൈനിക വക്താവാണ് പാക് മാധ്യമങ്ങളോട് ഇക്കാര്യം സ്ഥിരീകരിച്ചത്.
മലയാളികള്‍ക്ക് യാത്ര സൗകര്യമൊരുക്കി ഇന്ത്യന്‍ റെയില്‍വേ.
ഇന്ത്യ – പാകിസ്ഥാന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് രാജ്യത്തിന്റെ വിവിധ മേഖലകളില്‍ നിന്ന് ദില്ലിയിലെത്തിയ മലയാളികള്‍ക്ക് യാത്ര സൗകര്യമൊരുക്കി ഇന്ത്യന്‍ റെയില്‍വേ. ദില്ലിയില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികള്‍ക്ക് യാത്ര സൗകര്യം ഒരുക്കണം എന്നാവശ്യപ്പെട്ട് സുരേഷ് ഗോപി റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന് കത്തയച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.
അനധികൃത പ്ലസ് വണ്‍ പ്രവേശനത്തില്‍ കര്‍ശന നടപടിയെടുക്കും.
അണ്‍ എയ്ഡഡ് സ്‌കൂളുകളിലെ അനധികൃത പ്ലസ് വണ്‍ പ്രവേശനത്തില്‍ കര്‍ശന നടപടി എടുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടി. എയ്ഡഡ് സ്‌കൂള്‍, പ്ലസ് വണ്‍ പ്രവേശനവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ തന്നെ സര്‍ക്കുലര്‍ ഇറക്കിയിട്ടുണ്ട്.
സ്‌കൂള്‍ പ്രവേശനോത്സവം ആലപ്പുഴ കലവൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.
സംസ്ഥാനതല സ്‌കൂള്‍ പ്രവേശനോത്സവം ആലപ്പുഴ കലവൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി യോഗം ഉദ്ഘാടനം ചെയ്യും.
സണ്ണി ജോസഫ് എം എല്‍ എ ഇന്ന് ചുമതലയേല്‍ക്കും.
കെ പി സി സി പ്രസിഡന്റായി സണ്ണി ജോസഫ് എം എല്‍ എ ഇന്ന് ചുമതലയേല്‍ക്കും. വര്‍ക്കിംഗ് പ്രസിഡന്റുമാരായ പി സിവിഷ്ണുനാഥ്, എ പി അനില്‍കുമാര്‍, ഷാഫി പറമ്പില്‍, യു ഡി എഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എം പി എന്നിവരും ഇന്ന് ചുമതലയേറ്റെടുക്കും. കെ പി സി സി ആസ്ഥാനത്ത് 9.30 നാണ് ചടങ്ങ്.
കാണാതായ സ്വര്‍ണം തിരികെ ലഭിച്ചു.
പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ നിന്നും കാണാതായ സ്വര്‍ണം തിരികെ ലഭിച്ചു. 107 ഗ്രാം സ്വര്‍ണമാണ് തിരികെ ലഭിച്ചത്. ക്ഷേത്രത്തിനുളളിലെ മണല്‍പ്പരപ്പില്‍ നിന്നാണ് സ്വര്‍ണം കണ്ടെത്തിയത്. ബോംബ് സ്‌ക്വാഡും പൊലിസും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് സ്വര്‍ണം കണ്ടെത്തിയത്. അതേ സമയം, സ്‌ട്രോങ് റൂമിലെ സ്വര്‍ണം നിലത്ത് വന്നത് എങ്ങനെയെന്ന് കാര്യത്തില്‍ ഇപ്പോഴും ദുരൂഹത തുടരുകയാണ്. അതീവ സുരക്ഷ മേഖലയില്‍ നിന്നാണ് ഇന്നലെ സ്വര്‍ണം കാണാതായത്.
മോഷണമല്ലെന്നാണ് പ്രാഥമിക നിഗമനമെന്ന് ഡിസിപി
തിരുവനന്തപുരം പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വര്‍ണം മോഷണം പോയ സംഭവത്തില്‍ വാര്‍ത്താ സമ്മേളനത്തില്‍ വിശദീകരണം നല്‍കി തിരുവനന്തപുരം ഡിസിപി നകുല്‍ ദേശ്മുഖ്. ക്ഷേത്രത്തിലേത് മോഷണമല്ലെന്നാണ് പ്രാഥമിക നിഗമനമെന്ന് ഡിസിപി വ്യക്തമാക്കി. ആരെങ്കിലും മാറ്റിവെച്ചതാകാനാണ് സാധ്യതയെന്നും പിന്നീട് വിവാദമായപ്പോള്‍ ആരെങ്കിലും ഉപേക്ഷിച്ചതാവാനുള്ള സാധ്യതയും തള്ളിക്കളയുന്നില്ലെന്ന് ഡിസിപി വ്യക്തമാക്കി.
പത്തനംതിട്ട ഡിസിസി വൈസ് പ്രസിഡന്റ് എം.ജി. കണ്ണന്‍ അന്തരിച്ചു.
പത്തനംതിട്ട ഡിസിസി വൈസ് പ്രസിഡന്റ് എം.ജി. കണ്ണന്‍ (42) അന്തരിച്ചു. പക്ഷാഘാതത്തെ തുടര്‍ന്ന് പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ അടൂര്‍ നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്നു കണ്ണന്‍.
ബൈക്കിടിച്ച് ഒന്‍പത് വയസ്സുകാരി മരിച്ചു.
ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങവേ ബൈക്കിടിച്ച് ഒന്‍പത് വയസ്സുകാരി തൃശൂര്‍ കുട്ടനെല്ലൂരില്‍ മരിച്ചു. കൊരട്ടി കുട്ടാല പറമ്പില്‍ പരേതനായ രഞ്ജിത്തിന്റെ മകളും മണ്ണുത്തി ഡോണ്‍ ബോസ്‌കോ സ്‌കൂളിലെ നാലാം ക്ലാസ്സ് വിദ്യര്‍ത്ഥിനിയുമായ അവന്തിക (9) ആണ് മരിച്ചത്. അമ്മൂമ്മയ്‌ക്കൊപ്പം ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് ദേശീയപാത കുറുകേ കടക്കുന്നതിനിടയിലാണ് അപകടം. അവന്തികയുടെ അമ്മൂമ്മ സുജാതയെ ഗുരുതര പരിക്കുകളോടെ തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
16 വയസുകാരിയുടെ മരണം പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.
വെള്ളരിക്കുണ്ടില്‍ രക്തസ്രാവം മൂലം 16 വയസുകാരി മരിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ഗര്‍ഭം അലസിപ്പിക്കാന്‍ അശാസ്ത്രീയായി മരുന്ന് നല്‍കിയതാണ് രക്തസ്രാവത്തിന് കാരണമെന്നാണ് ആരോപണം. ശനിയാഴ്ച രാവിലെയാണ് പെണ്‍കുട്ടി മരിച്ചത്.
മരച്ചില്ല ഒടിഞ്ഞുവീണ് എട്ടു വയസ്സുകാരിക്ക് ദാരുണാന്ത്യം.
മരച്ചില്ല ഒടിഞ്ഞുവീണ് ബാലികയ്ക്ക് ദാരുണാന്ത്യം. തിരുവനന്തപുരം നാവായിക്കുളം സ്വദേശിനിയും രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയുമായ റിസ്വാനയാണ് മരിച്ചത്. എട്ട് വയസായിരുന്നു പ്രായം. ഒന്നരവയസായ അനുജനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് റിസ്വാന അപകടത്തില്‍ പെട്ടത്.
കോഴിക്കോട് വടകരയില്‍ വാഹനാപകടത്തില്‍ 4 മരണം.
കോഴിക്കോട് വടകരയില്‍ വാഹനാപകടത്തില്‍ 4 മരണം. വടകര ദേശീയപാതയില്‍ മൂരാട് പാലത്തിനു സമീപം കാറും ട്രാവലര്‍ വാനും കൂട്ടിയിടിച്ചാണ് കാര്‍ യാത്രക്കാരായ നാല് പേര്‍ക്ക് ദാരുണാന്ത്യം സംഭവിച്ചത്. കണ്ണൂര്‍ ഭാഗത്തേക്ക് ഭാഗത്തേക്ക് പോവുകയായിരുന്ന കാറും കര്‍ണാടക രജിസ്‌ട്രേഷന്‍ ട്രാവലര്‍ വാനുമാണ് കൂട്ടിയിടിച്ചത്. മാഹി പുന്നോല്‍ സ്വദേശികളായ റോജ, ജയവല്ലി, ഷിഗിന്‍ ലാല്‍, അഴിയൂര്‍ സ്വദേശി രഞ്ജി എന്നിവരാണ് അപകടത്തില്‍ മരിച്ചത്.
യുവാവ് സുഹൃത്തിന്റെ കുത്തേറ്റ് മരിച്ചു.
തിരുവനന്തപുരം നെടുമങ്ങാട് മാര്‍ക്കറ്റില്‍ യുവാവ് സുഹൃത്തിന്റെ കുത്തേറ്റ് മരിച്ചു. അഴിക്കോട് സ്വദേശി മുഹമ്മദ് ഹാഷിര്‍ (30) ആണ് മരിച്ചത്. കൊലപാതകത്തിന് ശേഷം സുഹൃത്ത് നിസാര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ബാറില്‍ വച്ച് ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
യുവാവിനെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
യുവാവിനെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഏലപ്പാറ തണ്ണിക്കാനം പുത്തന്‍പുരയ്ക്കല്‍ ഷക്കീര്‍ ഹുസൈനെയാണ് (36) ഇന്നലെ രാവിലെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഏലപ്പാറ ടൗണിന് സമീപം വാഗമണ്‍ റോഡില്‍ ബിവറേജിന് സമീപത്തെ റോഡ് അരികിലാണ് സ്വന്തം കാറില്‍ മരിച്ച നിലയില്‍ ഷക്കീര്‍ ഹുസൈനെ രാവിലെ ബന്ധുക്കള്‍ കണ്ടെത്തുന്നത്.
കറാച്ചി ബേക്കറി അടിച്ചു തകര്‍ക്കാന്‍ ശ്രമം.
ഹൈദരാബാദിലെ പ്രശസ്തമായ കറാച്ചി ബേക്കറി അടിച്ചു തകര്‍ക്കാന്‍ ശ്രമം. ഹൈദരാബാദിലെ ഷംഷാബാദിലുള്ള കറാച്ചി ബേക്കറിയുടെ ഔട്ട്‌ലെറ്റിന് നേരെയാണ് ആക്രമണം ഉണ്ടായത്. തീവ്രഹിന്ദു സംഘടനാ പ്രവര്‍ത്തകര്‍ ദേശീയ പതാകകളുമായാണ് ബേക്കറി ആക്രമിക്കാനെത്തിയത്. വടികള്‍ കൊണ്ട് ഗ്ലാസിലടിക്കുകയും ‘പാകിസ്ഥാന്‍ മൂര്‍ദ്ദാബാദ്’ എന്ന് മുദ്രാവാക്യം മുഴക്കുകയും ചെയ്തു.
പാകിസ്ഥാന്‍ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ ഇരട്ടക്കുട്ടികളും.
പൂഞ്ചില്‍ കഴിഞ്ഞ ദിവസമുണ്ടായ പാകിസ്ഥാന്‍ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ ഇരട്ടക്കുട്ടികളും. 12 വയസ്സുകാരായ സെയ്ന്‍ അലിയും ഉര്‍വ ഫാത്തിമയുമാണ് കൊല്ലപ്പെട്ടത്. നിരപരാധികളായ സ്‌കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെയുള്ള സാധാരണക്കാരെ ലക്ഷ്യം വച്ചതിനും കൊലപ്പെടുത്തിയതിനും പാകിസ്ഥാന്‍ കനത്ത വില നല്‍കേണ്ടിവരുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞു.
വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിക്ക് നേരെ സൈബര്‍ ആക്രമണം.
ഇന്ത്യ – പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ ധാരണയ്ക്ക് പിന്നാലെ ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിക്ക് നേരെ സൈബര്‍ ആക്രമണം. സൈബര്‍ ആക്രമണം കടുത്തതോടെ വിക്രം മിസ്രി എക്‌സ് അക്കൗണ്ട് ലോക്ക് ചെയ്തിട്ടുണ്ട്.
പാക് തീവ്രവാദത്തിന്റെ തെളിവുകള്‍ ഇന്ത്യ യുഎന്നില്‍ ഉന്നയിക്കും.
പാക് തീവ്രവാദത്തിന്റെ തെളിവുകള്‍ യുഎന്നില്‍ ഉന്നയിക്കാന്‍ ഇന്ത്യ. ടിആര്‍എഫ് അടക്കമുള്ള ലഷ്‌കറിന്റെ നിഴല്‍സംഘടനകള്‍ പഹല്‍ഗാം ആക്രമണം ആസൂത്രണം ചെയ്തതിന് യുഎന്‍ ഉപരോധ സമിതിക്ക് മുന്നില്‍ തെളിവുകള്‍ നിരത്തും. അടുത്തയാഴ്ചയാണ് യുഎന്നിന്റെ ഉപരോധസമിതി യോഗം ചേരുന്നത്. യുഎന്‍ രക്ഷാസമിതിയുടെ കീഴിലാണ് ഈ ഉപരോധസമിതി.
ലക്ഷ്യം വെച്ചത് തീവ്രവാദികളെ മാത്രമാണെന്ന് പ്രതിരോധ സേന.
ഓപ്പറേഷന്‍ സിന്ദൂറില്‍ ലക്ഷ്യം വെച്ചത് തീവ്രവാദികളെ മാത്രമാണെന്ന് പ്രതിരോധ സേന. 9 ഭീകര കേന്ദ്രങ്ങള്‍ ആക്രമിച്ചു. 100ലധികം ഭീകരരെ വധിച്ചു. പുല്‍വാമ ഭീകരാക്രമണത്തിലും, കാണ്ഡഹാര്‍ വിമാനറാഞ്ചലിലും ഭാഗമായ കൊടും തീവ്രവാദികളെ ഇല്ലാതാക്കാനായി. ഇന്ത്യ നേരിട്ട ആക്രമണങ്ങളെക്കുറിച്ചും രാജ്യം നല്‍കിയ തിരിച്ചടികളെക്കുറിച്ചുമുള്ള ദൃശ്യം കാണിച്ചു കൊണ്ടായിരുന്നു വാര്‍ത്താസമ്മേളനം ആരംഭിച്ചത്.
ബിഎസ്എഫ് ജവാന് വീരമൃത്യു.
അതിര്‍ത്തിയില്‍ നടന്ന വെടിവയ്പ്പില്‍ ഒരു ബിഎസ്എഫ് ജവാന് കൂടി വീരമൃത്യു. കോണ്‍സ്റ്റബിള്‍ ദീപക് ചിംങ്കാം ആണ് വീരമൃത്യു വരിച്ചത്. ആര്‍ എസ് പുരയിലാണ് വെടിയേറ്റത്. ഇതോടെ ഓപ്പറേഷന്‍ സിന്ദൂറിന് ശേഷമുണ്ടായ പാക് ആക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികരുടെ എണ്ണം ആറായി.
പാകിസ്താന് ചൈനയുടെ പിന്തുണയെന്ന് അവകാശവാദം.
പാകിസ്ഥാന്റെ പരമാധികാരം, പ്രാദേശിക അഖണ്ഡത, ദേശീയ സ്വാതന്ത്ര്യം എന്നിവയ്ക്കുള്ള തങ്ങളുടെ ഉറച്ച പിന്തുണ ചൈന ഉറപ്പിച്ചു പറഞ്ഞുവെന്ന് പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഇഷാഖ് ദാര്‍. പാകിസ്ഥാന്റെ സംയമനത്തെയും സ്ഥിതിഗതികളെ ഉത്തരവാദിത്തത്തോടെ കൈകാര്യം ചെയ്തതിനെയും ചൈനീസ് വിദേശകാര്യ മന്ത്രി പ്രശംസിച്ചു.
രണ്ട് ബന്ദികളുടെ വീഡിയോ ദൃശ്യങ്ങള്‍ ഹമാസ് പുറത്തുവിട്ടു.
ഗാസയില്‍ ഹമാസ് തടങ്കലില്‍ വെച്ചിരിക്കുന്ന രണ്ട് ബന്ദികളുടെ വീഡിയോ ദൃശ്യങ്ങള്‍ ഹമാസ് പുറത്തുവിട്ടു. 19 മാസം നീണ്ട യുദ്ധം അവസാനിപ്പിക്കണമെന്നാണ് ഇരുവരും വീഡിയോയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. 2023 ഒക്ടോബര്‍ ഏഴാം തീയ്യതി ഇസ്രയേലില്‍ ഹമാസ് നടത്തിയ ആക്രമണത്തെ തുടര്‍ന്ന് ബന്ധിക്കളാക്കപ്പെട്ട എല്‍കാന ബോബോത്ത്, യൂസെഫ് ഹൈം ഒഹാന എന്നിവരുടെ വീഡിയോ ദൃശ്യങ്ങളാണ് പുറത്തുവിട്ടത്.
ലിയോ പതിനാലാമന്‍ പാപ്പായുടെ ഔദ്യോഗിക സ്ഥാനാരോഹണം മെയ് 18 ന് നടക്കും.
ലിയോ പതിനാലാമന്‍ പാപ്പായുടെ ഔദ്യോഗിക സ്ഥാനാരോഹണം മെയ് 18 ന് വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്റെ ബസിലിക്കയില്‍ നടക്കും. ലിയോ പതിനാലാമന്‍ പാപ്പയുടെ കാര്‍മ്മികത്വത്തില്‍ ഇന്ന് സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ കുര്‍ബാന നടന്നു. ലോകമെങ്ങുമുളള സംഘര്‍ഷ മേഖലകളില്‍ സമാധാനം പുലരട്ടെ എന്ന് കുര്‍ബാനയ്ക്ക് ശേഷമുള്ള അഭിസംബോധന പ്രസംഗത്തില്‍ പാപ്പ പറഞ്ഞു.
യുഎസും ചൈനയും തമ്മിലുള്ള ‘തീരുവ യുദ്ധം’ പരിഹാരമാകുന്നു.
യുഎസും ചൈനയും തമ്മിലുള്ള ‘തീരുവ യുദ്ധം’ പരിഹരിക്കാന്‍ ഇരുരാജ്യങ്ങളും നടത്തിയ ചര്‍ച്ചയില്‍ ഏകദേശ ധാരണ. വ്യവസ്ഥകള്‍ വിശദീകരിക്കാന്‍ തല്‍ക്കാലം പരിമിതിയുണ്ടെന്ന് രണ്ടു രാജ്യങ്ങളും അറിയിച്ചെങ്കിലും ഇന്ന് ഔദ്യോഗിക അറിയിപ്പ് പുറത്തുവരുമെന്നാണ് സൂചന.
സമാധാന ചര്‍ച്ചയ്ക്കുള്ള പുടിന്റെ ക്ഷണം യുക്രൈന്‍ പ്രസിഡന്റ് സ്വീകരിച്ചു.
യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന ചര്‍ച്ചയ്ക്കുള്ള പുടിന്റെ ക്ഷണം യുക്രൈന്‍ പ്രസിഡന്റ് സ്വീകരിച്ചു. വ്യാഴാഴ്ച ഇസ്താംബൂളില്‍ നേരിട്ടുള്ള കൂടിക്കാഴ്ചയാകാമെന്ന് സെലന്‍സ്‌കി വ്യക്തമാക്കിയതായാണ് വിവരം. ചര്‍ച്ചയ്ക്കുള്ള പുടിന്റെ ക്ഷണം സ്വീകരിച്ചത് ട്രംപ് കൂടി ആവശ്യപ്പെട്ടതിന് പിന്നാലെയാണെന്നാണ് വ്യക്തമാകുന്നത്.
കാനറാ ബാങ്ക് തട്ടിപ്പ് കേസിൽ പ്രതികളുടെ സ്വത്തുക്കൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി.
പത്തനംതിട്ട കാനറാ ബാങ്ക് തട്ടിപ്പ് കേസിൽ പ്രതികളുടെ സ്വത്തുക്കൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. കേസിൽ മുഖ്യ പ്രതിയായ വിജീഷ് വർഗീസിന്റെയും ഭാര്യ സൂര്യ താര ജോർജിന്റെയും സ്വത്തുകളാണ് കണ്ടുകെട്ടിയത്. പിഎംഎൽഎ നിയമപ്രകാരം 1.11 കോടി രൂപയുടെ സ്വത്താണ് കണ്ടുകെട്ടിയത്.
കുടിയേറ്റക്കാരെ നാടു കടത്താന്‍ പുതിയ പദ്ധതിയുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
രേഖകളില്ലാതെ അമേരിക്കയില്‍ താമസിക്കുന്ന അനധികൃത കുടിയേറ്റക്കാരെ നാടു കടത്താന്‍ പുതിയ പദ്ധതിയുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ‘ഇല്ലീഗല്‍ ഏലിയന്‍’ എന്ന് ട്രംപ് കുടിയേറ്റക്കാരെ അഭിസംബോധന ചെയ്തിരിക്കുന്ന വീഡിയോയില്‍ സൗജന്യ വിമാനയാത്രാ സൗകര്യവും ക്യാഷ് ബോണസുമടക്കം നല്‍കി അനധികൃത കുടിയേറ്റക്കാരെ നാടു കടത്തുന്ന പദ്ധതിക്ക് ‘പ്രൊജക്റ്റ് ഹോംകമിംഗ്’എന്നാണ് പേരു നല്‍കിയിരിക്കുന്നത്.
ഐപിഎല്‍ മത്സരങ്ങള്‍ ഉടന്‍ പുനരാരംഭിക്കും.
ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ഒരാഴ്ചത്തേക്ക് നിര്‍ത്തിവെച്ച ഐപിഎല്‍ മത്സരങ്ങള്‍ ഉടന്‍ പുനരാരംഭിക്കാന്‍ ബിസിസിഐ തീരുമാനിച്ചു. ഇരു രാജ്യങ്ങളും വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിനു ശേഷം സംഘര്‍ഷത്തില്‍ അയവു വന്നതോടെയാണ് ബിസിസിഐ തീരുമാനം. കളിക്കാര്‍ ചൊവ്വാഴ്ച ടീമുകള്‍ക്കൊപ്പം ചേരണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
Related News (9)
Leave a Comment
Your email address will not be published.
Comments(1)
5 months ago
gertfypydo
jppomnzgmyxphgxulsojgnhqjomwvy