ഗ്രഹാം സ്റ്റെയിൻസിനെയും രണ്ട് മക്കളെയും ചുട്ടു കൊന്ന കേസിലെ പ്രതി ക്രൈസ്തവ വിശ്വാസം സ്വീകരിച്ചു.
Photo 7 months ago
2025Jun 28 Saturday.
by Kuriakose Niranam
ഒഡീഷയില്‍ സേവനം ചെയ്തിരിന്ന ഓസ്‌ട്രേലിയൻ മിഷ്ണറി ഗ്രഹാം സ്റ്റെയിൻസിനെയും അദ്ദേഹത്തിന്റെ രണ്ട് ആൺമക്കളെയും ചുട്ടു കൊലപ്പെടുത്തിയ കേസിൽ ഉൾപ്പെട്ട മുൻ ജുവനൈൽ കുറ്റവാളി ചെങ്കു ഹൻസ്ദ ക്രൈസ്തവ വിശ്വാസം സ്വീകരിച്ചു.
1999ൽ ഒഡീഷയിലെ കിയോഞ്ച്ഹാർ ജില്ലയിലെ മനോഹർപുർ ഗ്രാമത്തിലാണ് ഇന്ത്യയെ നടുക്കിയ വിദ്വേഷക്കുറ്റകൃത്യം അരങ്ങേറിയത്. അമ്പത്തെട്ടുകാരനായ സ്റ്റെയിൻസിനെയും പത്തും ഏഴും വയസുള്ള ആൺമക്കളെയുമാണ് ചുട്ടെരിച്ചത്. ധാരാ സിങ്ങിനെ വധശിക്ഷയ്ക്കുവിധിച്ചെങ്കിലും ഹൈക്കോടതി ശിക്ഷ ജീവപര്യന്തമാക്കി.
1965ൽ ഇന്ത്യയിലേക്കുവന്ന സ്റ്റെയിൻസ് കുഷ്‌ഠരോഗ നിവാരണത്തിനായി ജീവിതമുഴിഞ്ഞുവച്ച വ്യക്തിയായിരുന്നു. ഭർത്താവിന്റെ ദൗത്യം ഏറ്റെടുത്ത ഗ്ലാഡിസ് ഏറെക്കാലം ഇന്ത്യയിൽ തുടർന്നു. 2005ൽ രാജ്യം ഇവരെ പത്മശ്രീ നൽകി ആദരിച്ചു.
കഴിഞ്ഞ ദിവസം ഒഡീഷയിൽ മാധ്യമ പ്രവര്‍ത്തകനായ ദയാശങ്കർ മിശ്രയുമായി നടത്തിയ അഭിമുഖത്തിലാണ് ചെങ്കു താന്‍ ക്രൈസ്തവ വിശ്വാസം സ്വീകരിച്ച കാര്യം വെളിപ്പെടുത്തിയത്. ക്രിസ്തുവിലുള്ള വിശ്വാസം തനിക്ക് ആന്തരിക സമാധാനവും രോഗശാന്തിയും നൽകിയതായി അദ്ദേഹം പറഞ്ഞു.
ഗ്രഹാം സ്റ്റെയിൻസിനെയും മക്കളെയും കൊലപ്പെടുത്തിയ സമയത്ത് പ്രായപൂർത്തിയാകാത്തതിനാൽ ഒന്‍പത് വർഷം ജുവനൈല്‍ ജയിലിൽ കഴിഞ്ഞ പ്രതിയാണ് ചെങ്കു. ക്രൈസ്തവ വിശ്വാസം സ്വീകരിക്കാനുള്ള തന്റെ തീരുമാനം പുരോഹിതരുടെയോ ബാഹ്യ സമ്മർദ്ധത്താലോ മറ്റ് സ്വാധീനത്താലോ അല്ലായെന്നും മറിച്ച് വ്യക്തിപരമായ ദുഃഖത്തിൽ നിന്നും ആത്മപരിശോധനയിൽ നിന്നുമാണ് ഉണ്ടായതെന്നും അദ്ദേഹം അഭിമുഖത്തിൽ വെളിപ്പെടുത്തി. ഒരു ക്രൈസ്തവ വിശ്വാസിയായതില്‍ തനിക്ക് സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സമാധാനത്തോടെ ജീവിക്കണമെങ്കിൽ അക്രമം ഉപേക്ഷിക്കാൻ ആവശ്യപ്പെടുന്ന ശക്തമായ ആന്തരിക വിളി ഒരു ദിവസം ചെങ്കുവിന് ഉള്ളില്‍ ഉണ്ടാകുകയായിരിന്നു. ഗ്രഹാം സ്റ്റെയിൻസ് കൊല്ലപ്പെട്ട ഒഡീഷയിലെ കിയോഞ്ജർ ജില്ലയിലെ ക്രിസ്ത്യൻ സമൂഹത്തിലേക്ക് മടങ്ങാൻ അവനെ പ്രേരിപ്പിക്കുന്നതായിരിന്നു ഈ ഉള്‍വിളി.
1999 ജനുവരി 23-ാം തീയതിയാണ് ഗ്രഹാം സ്റ്റെയ്ൻസിനേയും അദ്ദേഹത്തിന്റെ ഏഴും ഒന്‍പതും വയസുള്ള മക്കളായ ഫിലിപ്പിനേയും തിമോത്തിയേയും അഗ്നിക്കിരയാക്കിയത്. ഒഡീഷയിലെ കുഷ്ഠരോഗികള്‍ക്കിടയിലേക്ക് ശുശ്രൂഷയുമായി എത്തിയ ഗ്രഹാം സ്‌റ്റെയിന്‍സിനെയും കുടുംബത്തെയും മതപരിവര്‍ത്തനം നടത്തുകയാണെന്ന് ആരോപിച്ചാണ് ഹൈന്ദവ തീവ്രവാദികള്‍ തിരിഞ്ഞത്. തീവ്രവാദികളുടെ ഉള്ളിലെ കടുത്ത പക നിഷ്‌കളങ്കരായ കുട്ടികളെ അടക്കം ക്രൂരമായി ചുട്ടു കൊലപ്പെടുത്തുന്നതിലേക്കു നയിച്ചു. ഗ്രഹാം സ്‌റ്റെയിന്‍സിന്റെ ഭാര്യ ഗ്ലാഡീസും മകള്‍ എസ്ത്തറും മാത്രമാണ് കുടുംബത്തില്‍ ജീവനോടെ ശേഷിച്ചത്. കൊലപാതകം നടന്ന സ്ഥലത്തെ നിരവധി പേര്‍ പിന്നീട് ക്രൈസ്തവ വിശ്വാസം സ്വീകരിച്ചിരിന്നു.
Leave a Comment
Your email address will not be published.