മഴ കുറയുന്നു,സ്കൂളുകൾ നാളെത്തന്നെ തുറക്കാൻ സാധ്യത.

Photo 1 month ago

banner

2025 ജൂൺ 1 ഞായറാഴ്ച.

by Kuriakose Niranam 

മഴയുടെ ശക്തി കുറയുകയാണെങ്കിൽ സംസ്ഥാനത്തെ സ്‌കൂളുകള്‍ നാളെ തന്നെ തുറക്കും എന്നതാണ് നിലവിലുള്ള തീരുമാനമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. എന്നാല്‍ ഇന്നത്തെയടക്കം കാലാവസ്ഥ സാഹചര്യം വിലയിരുത്തിയതിന് ശേഷം മുഖ്യമന്ത്രിയുമായി കൂടി ആലോചിച്ച് ഇക്കാര്യത്തില്‍ മാറ്റം വരുത്തണോ എന്ന് തീരുമാനിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. 

നിലമ്പൂരിൽ  അഡ്വ.മോഹൻ ജോർജ് ബിജെപി സ്ഥാനാർത്ഥിയാകും. 

നിലമ്പൂരിൽ ബിജെപി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു. അഡ്വക്കറ്റ് മോഹൻ ജോർജ് സ്ഥാനാർത്ഥിയാകും. കേരള കോൺഗ്രസ്‌ യുവജന വിഭാഗം മുൻ സംസ്ഥാന നേതാവായിരുന്നു മോഹൻ ജോർജ്. മലയോര കുടിയേറ്റ വിഭാഗത്തിന്റെ പ്രതിനിധിയായാണ് നിലമ്പൂരിൽ ബിജെപി അഡ്വക്കറ്റ് മോഹൻ ജോർജിനെ സ്ഥാനാർത്ഥിയാക്കിയത്. കേരള കോൺഗ്രസ് മാണി വിഭാഗത്തിലും പിന്നീട് കേരളാ കോൺഗ്രസ് ബാലകൃഷ്ണ പിള്ള വിഭാഗത്തിനൊപ്പവും ചേർന്ന് പ്രവർത്തിച്ചു. നിലവിൽ നിലമ്പൂർ കോടതിയിലെ അഭിഭാഷകനാണ് മോഹൻ ജോർജ്.

കേരളത്തിൽ കാറ്റിന് മാറ്റം,മഴ കുറയും

അന്തരീക്ഷത്തിന്റെ വിവിധ ഉയരങ്ങളിൽ കാറ്റിന്റെ ഗതിയിൽ വ്യത്യാസമുണ്ടായതിനാൽ കനത്ത മഴ കുറയാനാണ് സാധ്യതയെന്നാണ് നിരീക്ഷണം. ബംഗാൾ ഉൾക്കടലിൽ നിന്ന് കഴിഞ്ഞദിവസം കരകയറിയ ന്യൂനമർദ്ദം നിലവിൽ ബംഗ്ലാദേശിന് മുകളിലാണ്. ഇതിൻ്റെ സ്വാധീനം ഇപ്പോൾ കേരളത്തിൽ ഇല്ല. സാധാരണ കാലവർഷത്തിന്റെ സ്വാധീനം മാത്രമാണ് കാണാൻ കഴിയുന്നത്.

കുട്ടനാട്ടിൽ ജലനിരപ്പ് താഴുന്നു.

കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായി പെയ്ത മഴയിൽ കുട്ടനാട്ടിൽ ജലനിരപ്പ് ഉയർന്നിരുന്നു.പത്തനംതിട്ട ജില്ലയുടെ പടിഞ്ഞാറൻ പഞ്ചായത്തുകളിലും കുട്ടനാട്ടിലെ പഞ്ചായത്തുകളിലും നിരവധി വീടുകളിൽ വെള്ളം കയറി. പലയിടത്തും ക്യാമ്പുകൾ തുറന്നിട്ടുണ്ട്.മഴയുടെ ശക്തി കുറഞ്ഞതോടെയും തോട്ടപ്പള്ളി സ്പിൽവേയിലൂടെയുള്ള നീരൊഴുക്ക് വർദ്ധിച്ചത് മൂലവും ജലനിരപ്പ് താഴ്ന്നു തുടങ്ങിയിട്ടുണ്ട്.

പുതുക്കിയ സ്‌കൂള്‍ അക്കാദമിക കലണ്ടര്‍ നിലവിൽ വന്നു.

 എല്‍പി വിഭാഗത്തില്‍ 198 അധ്യയന ദിവസങ്ങളും, 800 പഠന മണിക്കൂറുകളും, യുപി വിഭാഗത്തില്‍ 198 അധ്യയന ദിവസങ്ങള്‍ക്കൊപ്പം തുടര്‍ച്ചയായ അഞ്ചാമത്തെ വര്‍ക്കിംഗ് ഡേ അല്ലാത്ത രണ്ട് ശനിയാഴ്ചകള്‍ കൂടി ഉള്‍പ്പെടുത്തി 200 അധ്യയന ദിവസങ്ങളും 1000 പഠന മണിക്കൂറുകള്‍ ഉണ്ടാകും. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ കെ.ഇ.ആര്‍ പ്രകാരം 1100 പഠന മണിക്കൂര്‍ വേണം. 198 അധ്യയന ദിവസങ്ങളും തുടര്‍ച്ചയായ അഞ്ചാമത്തെ വര്‍ക്കിങ്‌ഡേ അല്ലാത്ത ഏഴ് ശനിയാഴ്ചകളും കൂട്ടിച്ചേര്‍ത്ത് 205 അധ്യയന ദിവസങ്ങള്‍ ലഭിക്കും. ഇതുകൂടാതെ വെള്ളിയാഴ്ച വെള്ളിയാഴ്ച ഒഴികെയുള്ള സാധ്യായ ദിവസങ്ങളില്‍ അരമണിക്കൂര്‍ കൂടി കൂട്ടിച്ചേര്‍ത്തു.

സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് നെയിം സ്ലിപ്പ് പുറത്തിറക്കും

ലഹരിയ്‌ക്കെതിരായ അവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് നെയിം സ്ലിപ്പ് പുറത്തിറക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ലഹരിയുടെ ദൂഷ്യ വശങ്ങളെപ്പറ്റി കുട്ടിക്കാലം മുതലേ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് നെയിം സ്ലിപ്പ് തെരഞ്ഞെടുത്തത്. വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെയാണ് നെയിം സ്ലിപ്പ് വിതരണം ചെയ്യുന്നത്.

ഇടുക്കി, മുല്ലപ്പെരിയാർ  അണക്കെട്ടുകളിൽ ജലനിരപ്പ് ഉയർന്നു.

കാലവർഷം ശക്തമായതോടെ ഇടുക്കി, മുല്ലപ്പെരിയാർ എന്നീ അണക്കെട്ടുകൾ ജലസമൃദ്ധിയിലായി. 2344.01 അടിയാണ് ഇടുക്കിയിലെ ജലനിരപ്പ്. കഴി‌ഞ്ഞ വർഷത്തേക്കാൾ 12 അടിയോളം വെള്ളം ഇടുക്കിയിലിപ്പോൾ കുടുതലുണ്ട് എന്നത് കെഎസ്ഇബിക്ക് ആശ്വസമായിരിക്കുകയാണ്. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 130 അടിക്കു മുകളിലാണ്.

വെള്ളച്ചാട്ടത്തില്‍ അപകടത്തില്‍പ്പെട്ട വിനോദസഞ്ചാരി മരിച്ചു. 

കൊല്ലങ്കോട് വെള്ളച്ചാട്ടത്തില്‍ അപകടത്തില്‍പ്പെട്ട വിനോദസഞ്ചാരി മരിച്ചു. മുതലമട നണ്ടന്‍കിഴായ സ്വദേശി സജീഷ് (27) ആണ് മരിച്ചത്. കൊല്ലങ്കോട് വെള്ളരിമേട് വെള്ളച്ചാട്ടത്തില്‍ നിന്ന് കാല്‍വഴുതി മലയിടുക്കിലേക്ക് വീഴുകയായിരുന്നു. ഇന്നലെ വൈകിട്ട് 5 മണിയോടെയായിരുന്നു അപകടം.

വിഴിഞ്ഞത്ത് കാണാതായ രണ്ടാമത്തെ വള്ളവും കണ്ടെത്തി. 

വിഴിഞ്ഞത്ത് കാണാതായ രണ്ടാമത്തെ വള്ളവും കണ്ടെത്തി. 9 മത്സ്യത്തൊഴിലാളികളില്‍ 8 പേരും സുരക്ഷിതരെന്ന് വിവരം. തമിഴ്നാട് കുളച്ചലിന് സമീപത്ത് നിന്നാണ് രണ്ടാമത്തെ വള്ളം കണ്ടെത്തിയത്. ഇവര്‍ പോയ ബോട്ട് ശക്തമായ തിരയില്‍ തകര്‍ന്നിരുന്നു. മത്സ്യത്തൊഴിലാളികളാണ് ഇവരെ കണ്ടെത്തിയത്. ആദ്യ അപകടത്തില്‍ കാണാതായ സ്റ്റെല്ലസിനെയാണ് ഇനി കണ്ടെത്താനുള്ളത്. മെയ് 29ന് രാത്രി മത്സ്യബന്ധനത്തിന് പോയവരെയാണ് കാണാതായത്. 

ബാര്‍ കൗണ്‍സില്‍ അച്ചടക്ക സമിതി അന്വേഷണം തുടങ്ങി. 

തിരുവനന്തപുരത്ത് ജൂനിയര്‍ അഭിഭാഷകയെ സീനിയര്‍ അഭിഭാഷകന്‍ മര്‍ദ്ദിച്ചെന്ന കേസില്‍ ബാര്‍ കൗണ്‍സില്‍ അച്ചടക്ക സമിതി അന്വേഷണം തുടങ്ങി. ഒരു മാസത്തിനകം കേസില്‍ അന്തിമതീരുമാനം ഉണ്ടാകും. കൊച്ചിയില്‍ ചേര്‍ന്ന സിറ്റിംഗില്‍ ഹാജരായി പരാതിക്കാരിയും പ്രതിയും കമ്മിറ്റിക്ക് മുന്‍പാകെ മൊഴി നല്‍കി.

പരിയാരം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ കെ എസ് യു–എംഎസ്എഫ് സഖ്യത്തിന് ജയം. 

പരിയാരത്തെ കണ്ണൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ കെ എസ് യു – എംഎസ്എഫ് സഖ്യത്തിന് ജയം. തുടര്‍ച്ചയായി രണ്ടാം തവണയാണ് യുഡിഎസ്എഫ് യൂണിയന്‍ പിടിക്കുന്നത്. ആകെ 17 സീറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 12 സീറ്റിലും സഖ്യസ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു. രണ്ട് സീറ്റുകളില്‍ നേരത്തെ എതിരില്ലാതെ യുഡിഎസ്എഫ് സ്ഥാനാര്‍ത്ഥികള്‍ ജയിച്ചിരുന്നു. എസ്എഫ്ഐ ഒരു ജനറല്‍ സീറ്റടക്കം അഞ്ച് സീറ്റുകളില്‍ ജയിച്ചു.

താല്‍ക്കാലിക നിയമനങ്ങള്‍ക്ക്  മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു.

2025 – 26 അധ്യയന വര്‍ഷം സര്‍ക്കാര്‍, എയിഡഡ് സ്‌കൂളുകളില്‍ ദിവസവേതന അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനങ്ങള്‍ നടത്തുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ്. സര്‍ക്കാരില്‍ നിന്നും ഏതെങ്കിലും തരത്തിലുള്ള മാറ്റം വരുത്തുന്നതുവരെ തുടര്‍ന്നുള്ള അക്കാദമികവര്‍ഷങ്ങളിലും ഈ ഉത്തരവിലെ നിര്‍ദ്ദേശങ്ങള്‍ തന്നെ ബാധകമാകുന്നതാണ്.

മുൻകൂട്ടി അനുവാദമില്ലാതെ റോഡുകൾ കുഴിക്കരുതെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി.

പൊതുമരാമത്ത് വകുപ്പിന്റെ റോഡുകള്‍ വകുപ്പിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ കുഴിക്കരുതെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. ജില്ലാ കളക്ടറുടെ മുന്‍കൂര്‍ അനുമതിയോ വകുപ്പുകള്‍ തമ്മിലുള്ള ധാരണയോ ഇല്ലാതെ റോഡുകള്‍ കുഴിക്കാന്‍ പാടില്ലെന്നും കോഴിക്കോട് ജില്ലാ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ല വികസന സമിതി യോഗത്തില്‍ മന്ത്രി പറഞ്ഞു.

നിലമ്പൂരിൽ പിവി അൻവർ മത്സരിക്കുമെന്ന് ഉറപ്പായി.

നാളെ അൻവർ നാമനിർദേശ പത്രിക നൽകും. മത്സരിക്കാൻ തൃണമൂൽ ദേശീയ നേതൃത്വം അനുമതി നൽകിയതോടെയാണ് തീരുമാനം. പാർട്ടി ചിഹ്നവും ടിഎംസി അനുവദിച്ചു. ഓട്ടോറിക്ഷ ചിഹ്നത്തിൽ മത്സരിക്കാൻ അൻവറിന് താല്പര്യം. എന്നാൽ പാർട്ടി ചിഹ്നത്തിൽ മത്സരിക്കണമെന്ന് നേതൃത്വംആവശ്യപ്പെടുകയായിരുന്നു. മത്സരിക്കാനായി നിയമസഭ സെക്രട്ടറിയേറ്റിൽ നിന്നും ബാധ്യത രഹിത സർട്ടിഫിക്കാറ്റ് വാങ്ങി. മുൻ എംഎൽഎ വീണ്ടും മത്സരിക്കാൻ സമർപ്പിക്കേണ്ട രേഖയാണിത്. 

മത്സരിക്കാൻ സമ്മർദ്ദം ഉണ്ടെന്ന് അൻവർ.

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പ്രവര്‍ത്തകരുടെ സമ്മര്‍ദ്ദമുണ്ടെന്ന് പിവി അന്‍വര്‍. പണവുമായി ചിലര്‍ എത്തുന്നുണ്ടെന്നും അവരുടെ നിര്‍ദേശം ചര്‍ച്ചചെയ്യുമെന്നും അന്‍വര്‍ പറഞ്ഞു. ഇന്നലെ രാവിലെ യുഡിഎഫിലേക്കില്ലെന്നും മത്സരിക്കാന്‍ പണമില്ലാത്തതിനാല്‍ മത്സരിക്കുന്നില്ലെന്നും പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് മത്സരിക്കാന്‍ ആഗ്രഹമുണ്ടെന്ന നിലയില്‍ അന്‍വറിന്റെ പ്രതികരണം.

അൻവറിനെ കൂടെ കൂട്ടാൻ വ്യക്തിപരമായി ശ്രമിക്കുമെന്ന് കെ സുധാകരൻ.

പി.വി. അന്‍വറിനെ കൂടെക്കൂട്ടാന്‍ വ്യക്തിപരമായി ശ്രമിക്കുമെന്ന് കെപിസിസി മുന്‍ അധ്യക്ഷന്‍ കെ. സുധാകരന്‍. അന്‍വര്‍ വരാന്‍ തയ്യാറായാല്‍ കൂടെനിര്‍ത്തും. അദ്ദേഹം യുഡിഎഫിനൊപ്പം ഉണ്ടായിരുന്നെങ്കില്‍ കരുത്തായേനെയെന്നും കെ. സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

തെരഞ്ഞെടുപ്പ് ശല്യമാണെന്ന് സുരേഷ് ഗോപി.

തിരഞ്ഞെടുപ്പ് വരുന്നത് തനിക്ക് ശല്യംപോലെയാണ് തോന്നാറുള്ളതെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഇടയ്ക്കിടെ തിരഞ്ഞെടുപ്പ് വരുമ്പോള്‍ ഒരു പൗരന്‍ എന്നനിലയില്‍ വലിയ ബുദ്ധിമുട്ടാണെന്നും അദ്ദേഹം പറഞ്ഞു. ഒരു രാജ്യം ഒറ്റത്തിരഞ്ഞെടുപ്പ് എന്ന വിഷയത്തില്‍ തൃശ്ശൂരില്‍ നടന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രിക്കെതിരായ വധഭീഷണിയിൽ പ്രതി വിചാരണ നേരിടണം.

മുഖ്യമന്ത്രിക്കെതിരായ വധഭീഷണിയില്‍ പ്രതി വിചാരണ നേരിടണമെന്ന് ഹൈക്കോടതി. പയ്യന്നൂര്‍ സ്വദേശി അഭിജിത്ത് വിചാരണ നേരിടണമെന്നാണ് ഉത്തരവ്. മുഖ്യമന്ത്രിയെ കൊല്ലുമെന്ന ഭീഷണി സന്ദേശം ഗുരുതരമാണ്. ഇത്തരം സന്ദേശം അയക്കുന്നവര്‍ പ്രത്യാഘാതങ്ങളെ കുറിച്ച് ബോധവാന്മാരായിരിക്കണമെന്നും സിംഗിള്‍ ബെഞ്ച് പറഞ്ഞു.

വ്യാജ ബോംബ് സന്ദേശം അയച്ച ആൾ പിടിയിൽ. 

തമ്പാനൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ വ്യാജ ബോംബ് സന്ദേശം അയച്ച ആൾ പിടിയിൽ. ഹരിലാൽ എന്നയാളാണ് പോലീസിന്റെ പിടിയിലായത്.തമ്പാനൂർ പൊലീസാണ് ഇയാളെ പിടികൂടിയത്.കൊച്ചി മെട്രോയിൽ ബോബ് വെച്ചെന്ന വ്യാജ സന്ദേശമയച്ചതും ഇതേയാളെന്നാണ് പൊലീസ് സംശയിക്കുന്നത്. ചോദ്യംചെയ്യൽ പുരോഗമിക്കുകയാണ്. വ്യാജ ഭീഷണി സന്ദേശത്തിന് പിന്നിലെ കാരണമെന്താണെന്നതിൽ വ്യക്തതയായിട്ടില്ല

വിശദീകരണവുമായി നടൻ ഉണ്ണി മുകുന്ദൻ.

മുന്‍ മാനേജരെ മര്‍ദിച്ചുവെന്ന പരാതിയില്‍ വിശദീകരണവുമായി നടന്‍ ഉണ്ണിമുകുന്ദന്‍. അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് വിപിന്‍ കുമാര്‍ എന്ന വ്യക്തി തനിക്കെതിരെ ഉന്നയിച്ചതെന്ന് ഉണ്ണിമുകുന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മാനേജര്‍ എന്ന നിലയില്‍ വിപിനുമായി തനിക്ക് ഔദ്യോഗികമായ ബന്ധം ഉണ്ടായിരുന്നില്ലെന്നും അനേകം സുഹൃത്തുക്കളില്‍ ഒരാളായിരുന്നുവെന്നും ഉണ്ണിമുകുന്ദന്‍ പറഞ്ഞു.

പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.

മുക്കം കാരശ്ശേരി പഞ്ചായത്തിലെ കൊടിയത്തൂരിലാണ് സംഭവം. ഗോതമ്പ് റോഡ് സ്വദേശിയായ ജയപ്രകാശിന്റെ മകള്‍ അനന്യ(17)യാണ് ആത്മഹത്യ ചെയ്തത്. വീട്ടിലെ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ ആയിരുന്നു മൃതദേഹം.തോട്ടുമുക്കം സെന്റ്‌തോമസ് ഹയര്‍സെക്കന്ററി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനിയായിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മുക്കം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു

ജാമ്യത്തിലിരിക്കെ വീണ്ടും അറസ്റ്റിൽ.

ഒറ്റയ്ക്കു താമസിക്കുന്ന സ്ത്രീയെ വീട്ടില്‍ അതിക്രമിച്ചുകയറി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ വാളയാര്‍ കേസിലെ 5-ാം പ്രതി അറസ്റ്റില്‍. അട്ടപ്പള്ളം പാമ്പാംപള്ളം കല്ലങ്കാട് സ്വദേശി അരുണ്‍പ്രസാദാണ് (24) അറസ്റ്റിലായത്. വാളയാര്‍ കേസില്‍ ജുവനൈല്‍ കോടതിയില്‍ വിചാരണ നേരിടുന്ന ഇയാള്‍ ജാമ്യത്തിലിറങ്ങിയതായിരുന്നു.

റോഡിലെ കുഴിയിൽ വീണ് ഓട്ടോ ഡ്രൈവർ മരിച്ചു.

കോഴിക്കോട് വടകര അഴിയൂരില്‍ മഴയില്‍ തകര്‍ന്ന റോഡിലെ കുഴിയില്‍ ഓട്ടോ വീണ് ഡ്രൈവര്‍ മരിച്ചു. ദാരുണമായ അപകടത്തില്‍ മാഹി ചാലക്കര സ്വദേശി റഫീഖ് (45) ആണ് മരിച്ചത്. ഇന്നലെ രാത്രി ഏഴോടെയാണ് അപകടം ഉണ്ടായത്.

യാത്രയയപ്പ് ചടങ്ങിനിടെ അധ്യാപകൻ വേദിയിൽ കുഴഞ്ഞ് വീണു മരിച്ചു. 

തിരുവനന്തപുരത്ത് യാത്രയയപ്പ് ചടങ്ങിനിടെ അധ്യാപകൻ വേദിയിൽ കുഴഞ്ഞ് വീണു മരിച്ചു. ഭരതന്നൂർ ഗവൺമെൻ്റ് എച്ച്എസ്എസ് ഹിന്ദി അധ്യാപകൻ എസ് പ്രഫുലനാണ് മരിച്ചത്. ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെ യാത്രയയപ്പു ചടങ്ങിൽ അദ്ദേഹം മറുപടി പ്രസംഗം നടത്തുന്നതിനിടെയാണ് കുഴഞ്ഞ് വീണത്.

വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഏർപ്പെടുത്തിയ നിയന്ത്രണം നീക്കി.

മഴ കുറഞ്ഞതിനെ തുടര്‍ന്ന് ഇടുക്കിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം നീക്കി. അതേസമയം ജലവിനോദങ്ങളായ ബോട്ടിങ് ഉള്‍പ്പെടെ ഉള്ളവയുടെ നിയന്ത്രണം നീക്കിയിട്ടില്ല. എന്നാല്‍ മറ്റിടങ്ങളില്‍ സന്ദര്‍ശനം നടത്തുന്നതിന് അനുമതി നല്‍കി.

തായ്‌ലൻഡ് യുവതി ലോക സുന്ദരി.

ഹൈദരാബാദില്‍ നടന്ന ലോകസുന്ദരി മത്സരത്തില്‍ എഴുപത്തി രണ്ടാമത് ലോക സുന്ദരിയായി തായ്‌ലന്‍ഡില്‍ നിന്നുള്ള ഒപാല്‍ സുചാത ചുങ്ശ്രീ തെരഞ്ഞെടുക്കപ്പെട്ടു. മത്സരത്തില്‍ അവസാന എട്ടില്‍ ഇടംപിടിക്കാതെ മിസ് ഇന്ത്യ നന്ദിനി ഗുപ്ത പുറത്തായി.

ആൾക്കൂട്ട കൊലപാതക കേസിൽ രണ്ട് പ്രതികൾക്ക് ജാമ്യം.

മംഗളൂരു ആള്‍ക്കൂട്ടക്കൊലപാതക കേസിലെ രണ്ട് പ്രതികള്‍ക്ക് ജാമ്യം. വയനാട് സ്വദേശി അഷ്റഫിനെ തല്ലിക്കൊന്ന കേസിലെ രണ്ട് പ്രതികള്‍ക്കാണ് ജാമ്യം ലഭിച്ചിരിക്കുന്നത്. കേസില്‍ 21 പേരെയാണ് ഇത് വരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചതിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് സഹോദരന്‍ ജബ്ബാര്‍ അറിയിച്ചു.

പാകിസ്ഥാനിലെ ഭീകരവാദികൾ സ്വയം നാശം വിളിച്ചു വരുത്തുകയാണെന്ന് പ്രധാനമന്ത്രി.

ഇന്ത്യയുടെ നാരീശക്തിയെ വെല്ലുവിളിച്ച് പാകിസ്താനിലെ ഭീകരവാദികള്‍ സ്വയം നാശം വിളിച്ചുവരുത്തുകയായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരര്‍ ഇന്ത്യന്‍ സമൂഹത്തെ വിഭജിക്കാന്‍ ശ്രമിച്ചുവെന്നും ഇന്ത്യന്‍ ചരിത്രത്തിലെ ഭീകരതയ്ക്കെതിരായ ഏറ്റവും വലിയ വിജയകരമായ ഓപ്പറേഷനാണ് ‘സിന്ദൂര്‍’ എന്നും പ്രധാനമന്ത്രി പറഞ്ഞു. 

ഇന്ത്യയ്ക്ക് വിമാനം നഷ്ടമായെന്ന് സൂചന നൽകി സൈനിക മേധാവി.

ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യയ്ക്ക് വിമാനം നഷ്ടമായെന്ന സൂചന നല്‍കി സംയുക്ത സൈനിക മേധാവി ജനറല്‍ അനില്‍ ചൗഹാന്‍. തുടക്കത്തിലെ നഷ്ടങ്ങള്‍ അതിവേഗം പരിഹരിച്ച് ഇന്ത്യ പാകിസ്ഥാന് ശക്തമായ പ്രഹരം ഏല്‍പിച്ചു എന്ന് സംയുക്ത സൈനിക മേധാവി സിംഗപ്പൂരില്‍ പറഞ്ഞു. എന്നാല്‍ ഇന്ത്യയുടെ ആറ് യുദ്ധവിമാനങ്ങള്‍ തകര്‍ത്തു എന്ന പാകിസ്ഥാന്‍ പ്രചാരണം കള്ളമാണെന്നും ജനറല്‍ ചൗഹാന്‍ വ്യക്തമാക്കി. 

മണ്ണിടിച്ചിലിൽ കാർ അപകടത്തിൽപ്പെട്ട് 7 പേർ മരിച്ചു

അരുണാചല്‍ പ്രദേശില്‍ കനത്തമഴയെ തുടര്‍ന്ന് ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലില്‍ കാര്‍ അപകടത്തില്‍പെട്ട് ഏഴുപേര്‍ക്ക് ദാരുണാന്ത്യം. മരിച്ചവരില്‍ രണ്ടു സ്ത്രീകളും രണ്ട് കുട്ടികളും ഉള്‍പ്പെടുന്നു. വെള്ളിയാഴ്ച രാത്രി ഈസ്റ്റ് കെമെങ് ജില്ലയില്‍ ദേശീയപാത 13-ലായിരുന്നു സംഭവം.

തമിഴ്നാട്ടിൽ കനത്ത മഴയ്ക്ക് സാധ്യത.

തമിഴ്‌നാട്ടില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഈ സാഹചര്യത്തില്‍ വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ചെന്നൈ ഉള്‍പ്പെടെ സംസ്ഥാനത്തെ 17 ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 

കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നു.കൂടുതൽ കേരളത്തിൽ.

രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 3395 ആയെന്ന് റിപ്പോര്‍ട്ടുകള്‍. ഏറ്റവും കൂടുതല്‍ ആക്റ്റീവ് കേസുകളുള്ള കേരളത്തില്‍ 1336 കേസുകളാണ് ഉള്ളത്. കഴിഞ്ഞ 24 മണിക്കൂറില്‍ കേരളത്തില്‍ ഒരു കൊവിഡ് മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

കോവിഡ് മുന്നറിയിപ്പ് നൽകി കർണാടക സർക്കാർ.

സ്‌കൂളുകള്‍ തുറക്കാനിരിക്കെ കൊവിഡ് രോഗവ്യാപനം സംബന്ധിച്ച് രക്ഷിതാക്കള്‍ക്ക് സുപ്രധാന അറിയിപ്പുമായി കര്‍ണാടക സര്‍ക്കാര്‍. കൊവിഡ് രോഗ ലക്ഷണങ്ങളായ പനി, ചുമ, ജലദോഷം തുടങ്ങിയവ ഉണ്ടെങ്കില്‍ കുട്ടികളെ സ്‌കൂളുകളിലേക്ക് അയക്കരുതെന്ന് സര്‍ക്കാര്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു.

കോടതി വിധിക്കെതിരെ യുവതിയുടെ മാതാപിതാക്കള്‍.

ഉത്തരാഖണ്ഡില്‍ റിസോര്‍ട്ടിലെ റിസപ്ഷനിസ്റ്റായിരുന്ന 19 കാരി അങ്കിത ഭണ്ഡാരി കൊല്ലപ്പെട്ട കേസില്‍ കോടതി വിധിക്കെതിരെ യുവതിയുടെ മാതാപിതാക്കള്‍. കീഴ്‌ക്കോടതിയുടെ വിധിയില്‍ തൃപ്തരല്ലെന്നും പ്രതികള്‍ക്ക് വധശിക്ഷ ലഭിക്കണമെന്നും, അതിനായി പോരാട്ടം തുടരുമെന്നും അങ്കിതയുടെ മാതാപിതാക്കള്‍ ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചു. കേസില്‍ റിസോര്‍ട്ട് ഉടമയും രണ്ടു ജീവനക്കാരും ഉള്‍പ്പെടെ മൂന്നു പ്രതികളെ ജീവപര്യന്തം തടവിനു ശിക്ഷിച്ചിരുന്നു. 

ഡി രൂപ ഐപിഎസിന്  പ്രൊമോഷന്‍. 

കര്‍ണാടകയില്‍ നിരവധി വിവാദങ്ങളില്‍ പെട്ട ഡി രൂപ ഐപിഎസിന് ഒടുവില്‍ പ്രൊമോഷന്‍. ഐജി പോസ്റ്റില്‍ നിന്ന് എഡിജിപി പോസ്റ്റിലേക്ക് പ്രൊമോഷന്‍ നല്‍കി. സസ്പെന്‍ഷനെ തുടര്‍ന്ന് ഇവരുടെ പ്രൊമോഷന്‍ തടഞ്ഞ് വച്ചിരിക്കുകയായിരുന്നു. ഐഎഎസ് ഉദ്യോഗസ്ഥയായ രോഹിണി സിന്ദൂരിയുടെ സ്വകാര്യ ചിത്രങ്ങള്‍ പുറത്ത് വിട്ടതിന് രൂപ മുന്‍പ് അച്ചടക്ക നടപടി നേരിട്ടിരുന്നു.

നിയമ വിദ്യാര്‍ത്ഥിനി അറസ്റ്റില്‍.

ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട സോഷ്യല്‍ മീഡിയ പോസ്റ്റിന് മറുപടിയായി പങ്കുവച്ച വീഡിയോയില്‍ മതനിന്ദാ പരാമര്‍ശങ്ങള്‍ നടത്തിയെന്നാരോപിച്ച് പുനെയിലെ നിയമ വിദ്യാര്‍ത്ഥിനി അറസ്റ്റില്‍. നിമയ വിദ്യാര്‍ത്ഥിനിയായ ശര്‍മ്മിഷ്ഠ പനോലിയെ ആണ് കൊല്‍ക്കത്ത പോലീസ് വെള്ളിയാഴ്ച രാത്രി ഗുരുഗ്രാമില്‍ നിന്ന് അറസ്റ്റ് ചെയ്തത്.

ലോക ജല സംഘടനയുടെ ആസ്ഥാനം റിയാദില്‍ പ്രവര്‍ത്തനം ആരംഭിച്ചു. 

സൗദി കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്റെ നേതൃത്വത്തില്‍ ലോക ജല സംഘടനയുടെ ആസ്ഥാനം റിയാദില്‍ പ്രവര്‍ത്തനം ആരംഭിച്ചു. അംഗ രാജ്യങ്ങള്‍ ലോക ജല ചാര്‍ട്ടറില്‍ ഒപ്പുവെച്ചു. റിയാദിലാണ് ഒപ്പുവെക്കല്‍ ചടങ്ങ് നടന്നത്. ഇതോടെ അന്തര്‍ദേശീയ പങ്കാളിത്തത്തോടെ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സൗദിയില്‍ തുടക്കം കുറിച്ചു.

2.5 കോടി തേനീച്ചകള്‍ പുറത്തുപോയി. 

അമേരിക്കയില്‍ 31 ടണ്‍ തേനീച്ചക്കൂടുകളുമായെത്തിയ എത്തിയ ലോറി മറിഞ്ഞ് ഏകദേശം 2.5 കോടി തേനീച്ചകള്‍ പുറത്തുപോയി എന്നാണ് റിപ്പോര്‍ട്ട്. പടിഞ്ഞാറന്‍ യുണൈറ്റഡ് സ്റ്റേറ്റ്സിലാണ് സംഭവം. 31,751 കിലോ തേനീച്ചക്കൂടുകള്‍ വഹിച്ചുകൊണ്ടുവന്ന വാണിജ്യ ട്രക്കാണ് മറിഞ്ഞത്. ലിന്‍ഡന് സമീപമുള്ള കനേഡിയന്‍ അതിര്‍ത്തിയോട് ചേര്‍ന്നാണ് അപകടം.

അടുത്തവർഷം ചൊവ്വയിലേക്ക് ആളില്ല പേടകം വിക്ഷേപിക്കും.

അടുത്ത വര്‍ഷം അവസാനത്തോടെ ചൊവ്വയിലേക്ക് ആളില്ലാ സ്റ്റാര്‍ഷിപ്പ് പേടകം വിക്ഷേപിക്കാനാണ് ലക്ഷ്യമെന്ന് സ്‌പേസ് എക്‌സ് മേധാവി ഇലോണ്‍ മസ്‌ക്. ഒടുവില്‍ നടത്തിയ സ്റ്റാര്‍ഷിപ്പ് വിക്ഷേപണ പരീക്ഷണം പരാജയപ്പെട്ടെങ്കിലും റോക്കറ്റിന്റെ കാര്യത്തില്‍ കമ്പനി ശുഭാപ്തി വിശ്വാസത്തിലാണ്.

രണ്ടാം ക്വാളിഫയറില്‍ മുംബൈ ഇന്ത്യന്‍സ് പഞ്ചാബ് കിംഗ്സിനെ നേരിടും.

ഐപിഎല്ലില്‍ ഇന്ന് നടക്കുന്ന രണ്ടാം ക്വാളിഫയറില്‍ മുംബൈ ഇന്ത്യന്‍സ് പഞ്ചാബ് കിംഗ്സിനെ നേരിടും. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ ഇന്ന് രാത്രി 7.30നാണ് രണ്ടാം ക്വാളിഫയര്‍ പോരാട്ടം. അതേസമയം ഇന്ന് അഹമ്മദാബാദില്‍ 24 ശതമാനം മഴ സാധ്യത ഉണ്ടെന്ന വെതര്‍ ഡോട്ട് കോമിന്റെ കാലാവസ്ഥാ പ്രവചനം ആരാധകരെ ആശങ്കയിലാഴ്ത്തുന്നതാണ്.

ചാമ്പ്യന്‍സ് ലീഗ് കിരീടം ഫ്രഞ്ച് ക്ലബ് പിഎസ്ജി. നേടി.

ചാമ്പ്യന്‍സ് ലീഗ് കിരീടം ഒടുവില്‍ സ്വന്തമാക്കി ഫ്രഞ്ച് ക്ലബ് പിഎസ്ജി. മ്യൂണിക്കിലെ അലയന്‍സ് അരീനയില്‍നടന്ന ഫൈനലില്‍ ഇറ്റാലിയന്‍ ക്ലബ് ഇന്റര്‍മിലാനെ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് പിഎസ്ജി കപ്പില്‍ മുത്തമിട്ടത്.


Leave a Comment

Your email address will not be published.